ആരോഗ്യ സംരക്ഷണം: വിശ്വാസികള്‍ അറിഞ്ഞിരിക്കേണ്ടത്

ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍

2018 മാര്‍ച്ച് 24 1439 റജബ് 06

ഓരോ നിമിഷവും ആരോഗ്യത്തോടെ ജീവിക്കാനാണ് നാമെല്ലാം ആഗ്രഹിക്കുന്നത്. വിവിധ തരം അണുബാധകള്‍ ആരോഗ്യരംഗം കയ്യടക്കിയിരുന്ന ഭൂതകാലത്തില്‍ നിന്നും വര്‍ത്തമാനകാലത്തിലെത്തിയപ്പോള്‍ സംഘര്‍ഷങ്ങളും സമ്മര്‍ദങ്ങളും നിറഞ്ഞ ആധുനികജീവിതം നമുക്ക് സമ്മാനിച്ചത് ആരോഗ്യരംഗം അടക്കിവാഴുന്ന ജീവിത ശൈലീരോഗങ്ങളാണ്. ആരോഗ്യസംരക്ഷണത്തിന് നാം ശ്രദ്ധിക്കേണ്ട ചില അറിവുകളാണ് ഈ ലക്കത്തില്‍ പങ്കുവെക്കുന്നത്.           

പ്രാര്‍ഥന തന്നെ പ്രധാനം

ആരോഗ്യകരമായ ഒരു ജീവിതത്തിന് വേണ്ടി പ്രാര്‍ഥിച്ച് കൊണ്ടേയിരിക്കണം. സൂറത്ത് ഫുര്‍ഖാനിലെ അവസാന ആയത്തില്‍ നമ്മുടെ റബ്ബ് പറയുന്നത് നോക്കൂ. 'നിങ്ങളുടെ പ്രാര്‍ഥനയില്ലെങ്കില്‍ എന്റെ രക്ഷിതാവ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ്?' എന്നാണ്. 

 

പ്രതിരോധം

രോഗങ്ങള്‍ വരാതെ നോക്കാനാണ് അവയെ ചികില്‍സിക്കുന്നതിനേക്കാള്‍ നാം ശ്രദ്ധിക്കേണ്ടത്. പ്രതിരോധ പാഠങ്ങളെ കാറ്റില്‍ പറത്തി അമിത വൈദ്യവല്‍ക്കരണ പാതയിലാണ് നാം മുന്നേറിക്കൊണ്ടിരിക്കുന്നത് ഹൃദ്രോഗങ്ങളും വൃക്കരോഗങ്ങളും വരാതെ നോക്കുന്നതിനേക്കാള്‍ അവ മാറ്റിവെക്കുന്നതിലാണ് നാം ശ്രദ്ധിക്കുന്നത്. ആരോഗ്യജീവിതത്തിന് അത്യന്താപേക്ഷിതമായ ചില നിര്‍ദേശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

 

നല്ല ഭക്ഷണം

''ഭൂമിയിലുള്ളതില്‍ നിന്ന് അനുവദനീയവും വിശിഷ്ടവുമായത് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക.''(വിശുദ്ധ ക്വുര്‍ആന്‍ 2:168)

''നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത് ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.'' (വിശുദ്ധ ക്വുര്‍ആന്‍ 7:31)

ഉപ്പും കൊഴുപ്പും കലോറിയും അമിതമായ ഫാസ്റ്റ്ഫുഡ്- ജംഗ് ഫുഡില്‍ നിന്നും ഇലക്കറികളും പഴവര്‍ഗങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തി അന്നജം (കാര്‍ബോഹൈഡ്രേറ്റ്, അരി, ഗോതമ്പ്, കിഴങ്ങുകള്‍) കുറച്ചു കൊണ്ടുള്ള പരമ്പരാഗത ഭക്ഷണരീതിയിലേക്കു നാം മടങ്ങണം. എന്ത് കഴിക്കുന്നു എന്നതു പോലെത്തന്നെ പ്രധാനമാണ് എത്ര കഴിക്കുന്നു എന്നതും.

 

വ്യായാമം

ദിവസവും മുടങ്ങാതെ 30-40 മിനിറ്റെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കണം. നടത്തം, ജോഗിംഗ്, നീന്തല്‍, സൈക്ലിംഗ് എന്നിവ മാത്രമാണ് വ്യായാമം എന്ന് തെറ്റുധരിക്കരുത്. തോട്ടത്തിലും പറമ്പിലും പണിയെടുക്കലും വീട്ടുജോലികള്‍ ചെയ്യലുമെല്ലാം വൈറ്റ് കോളര്‍ ജോലിചെയ്യുന്ന ആളുകള്‍ക്ക് വ്യായാമമായി പരിഗണിക്കാവുന്നതാണ്.

 

ജീവിതം തന്നെയാകട്ടെ ലഹരി

മദ്യം, മയക്കുമരുന്ന്, പുകയില, പാന്‍മസാല തുടങ്ങി ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും വിശ്വാസിക്കു നിഷിദ്ധമാണ്; കുറഞ്ഞ അളവിലാണെങ്കില്‍പോലും.

 

കുറച്ച് വെയില്‍ കൊള്ളാം

ശരീരത്തില്‍ നിര്‍മിക്കപ്പെടുന്ന ഏക ജീവകമാണ് വിറ്റാമിന്‍-ഡി അസ്ഥികളെ പുഷ്ടിപ്പെടുത്തുക മാത്രമല്ല രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുക, ജീവിതശൈലീ രോഗങ്ങളുടെ സങ്കീര്‍ണതകളെ പ്രതിരോധിക്കുക തുടങ്ങിയ ധര്‍മങ്ങളിലെല്ലാം ഇത് നിര്‍വ്വഹിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ദിവസവും 15-30 മിനിറ്റ് രാവിലെയോ വൈകിട്ടോ വെയില്‍ കൊണ്ടാല്‍ മതി.

 

മൊബൈല്‍-ഇന്റര്‍നെറ്റ് ഉപയോഗം മിതമാക്കുക

ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ക്ക് അടിമപ്പെടാതെ നോക്കുക. വിവേകപൂര്‍ണമായ മൊബൈല്‍ഫോണ്‍ ഉപയോഗമാണ് നമുക്കുണ്ടാവേണ്ടത്.

 

ആവശ്യത്തിന് ഉറങ്ങുക

ഉറങ്ങാതെ നമസ്‌കരിക്കുമെന്ന് ശപഥം ചെയ്ത അനുചരനെ ''സ്വന്തം ശരീരത്തോടുള്ള ബാധ്യത നിര്‍വ്വഹിക്കല്‍ വിശ്വാസിയുടെ കടമയാണെന്ന്'' പറഞ്ഞ് തിരുത്തിയ മുഹമ്മദ് നബി ﷺ യാണ് നമ്മുടെ മാതൃക. ദിവസവും അഞ്ച് മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കണം. ഉച്ച നിസ്‌കാരത്തിന് മുമ്പോ ശേഷമോ 10-20 മിനിറ്റ് ഉറങ്ങിയാല്‍ ദിവസം മുഴുവന്‍ ഉന്മേഷം ലഭിക്കും.

 

വെള്ളം കുടിക്കുന്നതില്‍ പിശുക്കരുത്

ഒരു ദിവസം ശരാശരി 2 ലിറ്റര്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. നോമ്പെടുക്കുന്നവര്‍ നോമ്പ് തുറന്നതിന് ശേഷം കുടിക്കാന്‍ ശ്രദ്ധിക്കണം. ജോലി ചെയ്യുന്നവരുടെ ക്ഷീണത്തിന്റെ പ്രധാന കാരണം നിര്‍ജലീകരണമാണ്. കറിവേപ്പിലയും പച്ചമുളകും ഉള്ളിയും ചേര്‍ത്തുണ്ടാക്കുന്ന മോര് (സംഭാരം)ഉപ്പിട്ട നാരങ്ങാ വെള്ളം, കരിക്ക്, കഞ്ഞിവെള്ളം എന്നിവ നല്ല നാടന്‍ പാനീയമാണ്.

 

സ്വസ്ഥമായ മനസ്സ്

''അറിയുക അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്.'' (13:28). ഏത് പ്രതികൂല സാഹചര്യങ്ങളിലും മനസ്സ് സ്വസ്ഥമാക്കാന്‍ കഴിയുമെന്നതാണ് സത്യവിശ്വാസികളുടെ പ്രത്യേകത.

 

വൈദ്യ പരിശോധന

പൊതുവെ നിശബ്ദമായ ജീവിത ശൈലീരോഗങ്ങളുടെ സങ്കീര്‍ണതകള്‍ കുറക്കാന്‍ അവ നേരത്തെ കണ്ട് പിടിച്ച് നിയന്ത്രിക്കുക എന്നുള്ളതാണ്. 40 വയസ്സ്‌കഴിഞ്ഞാല്‍ വാര്‍ഷിക വൈദ്യപരിശോധന നന്നാകും.