തൈറോയ്ഡും ശാരീരിക മാറ്റങ്ങളും

ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍

2018 മെയ് 12 1439 ശഅബാന്‍ 26

അമിതവണ്ണം

ഹൈപോതൈറോയ്ഡ് രോഗികളിലെ ഒരു പ്രധാന പ്രശ്‌നമാണ് അമിതവണ്ണവും ഭാരവും. തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനം കുറയുമ്പോള്‍ ശരീരഭാരം കൂടും. അത് സ്വാഭാവികമാണ്. ഹോര്‍മോണ്‍ ആവശ്യത്തിന് ലഭ്യമല്ലാതാകുമ്പോള്‍ ഉപാപചയപ്രവര്‍ത്തനങ്ങള്‍ കുറയുന്നു. അതിനര്‍ഥം കുറഞ്ഞ കലോറി ഊര്‍ജം മാത്രമെ ദിവസേന ചെലവഴിക്കുന്നുള്ളൂ എന്നാണ്. ഊര്‍ജം ചെലവഴിക്കാതാകുമ്പോള്‍ ശരീരത്തില്‍ അത് കൊഴുപ്പായി അടിയുന്നു. ഹൈപോതൈറോയ്ഡിസം ഉള്ളവര്‍ക്ക് ക്ഷീണവും ശരീരവേദനയും അനുഭവപ്പെടും. ഉപാപചയം മെല്ലെയാകാനും ഊര്‍ജം ചെലവഴിക്കുന്നത് കുറയാനും ഇത് വഴിവെക്കും. ഭാരം കൂടാന്‍ ഇതും കാരണമായിത്തീരാം. മറ്റൊന്നുകൂടി, ക്ഷീണം അനുഭവപ്പെടുമ്പോള്‍ ഭക്ഷണം കഴിച്ച് അതിനെ മറികടക്കാന്‍ ശ്രമിക്കും. അപ്പോഴും കൂടുതല്‍ കലോറി ശരീരത്തില്‍ എത്തുന്നു. 

ഭാരം നിയന്ത്രിക്കാനും ആരോഗ്യം കാക്കാനും ഭക്ഷണരീതികളില്‍ രോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആവശ്യാനുസരണം എല്ലാ പോഷക ഘടകങ്ങളും അടങ്ങിയ ഭക്ഷണക്രമം ശീലിക്കുക എന്നത് അനിവാര്യമാണ്. ധാരാളം വെള്ളം കുടിക്കണം. മലബന്ധം തടയാനും രക്തത്തിലെ കൊളസ്‌ട്രോള്‍നില കുറയ്ക്കാനും നാരുകളടങ്ങിയ ഭക്ഷണം ധാരാളം കഴിക്കേണ്ടതാണ്. തവിടോടു കൂടിയ ധാന്യങ്ങള്‍, കടല, ചെറുപയര്‍, കാബേജ് വിഭാഗത്തല്‍ പെടാത്ത പച്ചക്കറികള്‍ എന്നിവ നല്ലതാണ്. 

മഞ്ഞള്‍, ഇഞ്ചി, കുരുമുളക് മുതലായ സുഗന്ധവ്യഞ്ജനങ്ങള്‍ തൈറോയ്ഡ് ഗ്രന്ഥിയെ ഉത്തേജിപ്പിക്കുന്നു എന്ന് ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ജങ്ക്ഫുഡ്‌സ്, ഫാസ്റ്റ്ഫുഡ്, ആല്‍ക്കഹോള്‍ എന്നിവ തൈറോയ്ഡ് പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നവയാണ്. 

 

ഭാരക്കുറവ്

ഹൈപ്പര്‍ തൈറോയ്ഡ് രോഗികളിലെ പ്രധാന പ്രശ്‌നം ശരീരഭാരം ഗണ്യമായി കുറയുക എന്നതാണ്. ഈ അവസ്ഥയില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മത്സ്യവിഭവങ്ങള്‍, ചണവിത്ത് എന്നിവ ഭക്ഷണത്തില്‍ ഉള്‍പെടുത്തണം. ഇലക്കറികള്‍, കാബേജ്, കോളിഫഌവര്‍ എന്നിവ ഇവര്‍ക്ക് കഴിക്കാം. നല്ല പ്രോട്ടീനും സെലനിയവും അടങ്ങിയ, അതേസമയം ഗോയിസ്‌ട്രോജന്‍സ് കൂടിയുള്ള സോയാബീന്‍ ഭക്ഷണത്തില്‍ ഉള്‍പെടുത്തണം. തവിടുകളയാത്ത ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, നട്‌സ് മുതലായ സിങ്ക് അടങ്ങിയ ഭക്ഷണങ്ങളും പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പെടുത്തണം. ഭക്ഷണത്തില്‍ കാല്‍സ്യത്തിന്റെയും മെഗ്‌നീഷ്യത്തിന്റെയും തോത് 3:1 ആയിരിക്കേണ്ടതുണ്ട്. പാലും പാലുല്‍പന്നങ്ങളും കഴിക്കേണ്ടതുണ്ട്. ആവശ്യത്തിന് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. 

 

മരുന്നു കഴിക്കുമ്പോള്‍

തൈറോയ്ഡ് തകരാറുകള്‍ക്ക് പരിഹാരമായി ഹോര്‍മോണ്‍ ചികിത്സ ചെയ്യുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണത്തിലെ ചില ഘടകങ്ങള്‍ ഈ ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. സാധാരണയായി ഭക്ഷണത്തിനു മുമ്പാണ് ഇവ ഇപയോഗിക്കുന്നത്. കാല്‍സ്യം, അയേണ്‍ അടങ്ങിയ മള്‍ട്ടി വൈറ്റമിന്‍ സപ്ലിമെന്റുകള്‍, മെഗ്‌നീഷ്യം അല്ലെങ്കില്‍ അലുമിനിയം അടങ്ങിയ അന്റാസിഡുകള്‍, ചിലതരം അള്‍സര്‍ മരുന്നുകള്‍, കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന ചില മരുന്നുകള്‍ എന്നിവ തൈറോയ്ഡ് ഹോര്‍മോണ്‍ കഴിക്കുന്നതിന് 3-4 മണിക്കൂര്‍ മുമ്പോ ശേഷമോ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.