കാന്‍സര്‍: ചില വസ്തുതകള്‍

ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍

2018 മാര്‍ച്ച് 17 1439 ജുമാദില്‍ ആഖിറ 29

ആഗോളതലത്തിലെന്നപോലെ നമ്മുടെ കൊച്ചു കേരളത്തിലും അര്‍ബുദരോഗങ്ങള്‍ കൂടിവരികയാണ്. ജീവിതദൈര്‍ഘ്യം കൂടിയതും ജീവിതശൈലി വ്യത്യാസങ്ങളും ചികില്‍സാ നിര്‍ണയ സൗകര്യങ്ങളുടെ വര്‍ധനവും കാരണമായി പറയപ്പെടുന്നു.

പുരുഷന്മാരില്‍ വായിലും തൊണ്ടയിലും വരുന്ന കാന്‍സര്‍, ശ്വാസകോശ കാന്‍സര്‍, പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കാന്‍സര്‍, അന്നനാള-ആമാശയ കാന്‍സര്‍, വന്‍കുടലിലെ കാന്‍സര്‍ എന്നിവ കൂടുതലായി കണ്ട് വരുന്നു. കരളിലെ കാന്‍സറും സമീപകാലത്ത് കൂടി വരുന്നുണ്ട്. 

സ്ത്രീകളില്‍ സ്തനാര്‍ബുദമാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. തൈറോയിഡ് ഗ്രന്ഥിയില്‍ വരുന്ന ട്യൂമറുകളും ഒട്ടും പിന്നിലല്ല. 20-30 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂടുതലായി കണ്ടിരുന്ന ഗര്‍ഭാശയ കാന്‍സര്‍ ഇപ്പോള്‍ കുറഞ്ഞ് വരുന്നുണ്ടെങ്കിലും അണ്ഡാശയ കാന്‍സറും ഗര്‍ഭാശയ കാന്‍സറും ഇന്നും സുലഭമാണ്. രക്താര്‍ബുദവും ലിംഫോമയും സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ കണ്ട് വരുന്നു.

പ്രായം ചെന്നവരില്‍ മള്‍ട്ടിപ്പിള്‍ മൈലോമയെന്ന രക്താര്‍ബുദം കൂടുതലായി കാണുന്നുണ്ട്. കുട്ടികളില്‍ ഏറ്റവും കൂടുതലായി കാണുന്നത് രക്താര്‍ബുദ(ലുക്കീമിയ)വും ബ്രെയിന്‍ ട്യൂമറുകളുമാണ്.

കാന്‍സര്‍ രോഗനിര്‍ണയമാണ് ആദ്യമായി തിരുമാനിക്കുന്നത്. കാന്‍സര്‍ ഉണ്ടെന്ന് വൈദ്യപരിശോധനയില്‍ സംശയം തോന്നിയാല്‍ രോഗനിര്‍ണയം ഉറപ്പാക്കാന്‍ 'ബയോപ്‌സി' പരിശോധന ചെയ്യുന്നു. ഇത് ലളിതമായ സൈറ്റോളജി പരിശോധനയോ അള്‍ട്രാസൗണ്ട്/സി.ടി സ്‌കാന്‍ ഉപയോഗിച്ചുള്ള നീഡില്‍ ബയോപ്‌സിയോ ആകാം.

കാന്‍സര്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ ഈ അര്‍ബുദം എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാനുളള പരിശോധനകളും ആവശ്യമായി വരുന്നു.

എങ്ങനെ തടയാം?

വായിലും തൊണ്ടയിലും വരുന്ന കാന്‍സറും ശ്വാസകോശ അര്‍ബുദവും മൂത്രാശയ കാന്‍സറും ഉള്‍പ്പെടെ 40 ശതമാനത്തോളം കാന്‍സര്‍ രോഗങ്ങളും പുകയിലയുടെ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.

മദ്യപാനവും ഹെപ്പറ്റൈറ്റിസ് ബി അണുബാധയും കരള്‍ കാന്‍സറിന് വഴിതെളിയിക്കുന്നുണ്ട്. എച്ച്.പി.വി ഹ്യൂമന്‍ പാപ്പിലോമസെറസ് ഗര്‍ഭാശയ കാന്‍സറിനും മലദ്വാര കാന്‍സറിനും കാരണമാകുന്നുണ്ട്. അന്തരീക്ഷ മലിനീകരണം ശ്വാസകോശാര്‍ബുദത്തിന് വഴിതെളിയിക്കുന്നുണ്ട്.

തുടക്കത്തില്‍ തന്നെ കണ്ട് പിടിച്ചാല്‍ ഒട്ടുമിക്ക കാന്‍സറുകളും പൂര്‍ണമായി ചികില്‍സിച്ച് ഭേദമാക്കാന്‍ കഴിയും. 40 വയസ്സിന് ശേഷം രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാമ്മോസോണോഗ്രഫി പരിശോധന നടത്തിയാല്‍ സ്തനാര്‍ബുദം നേരത്തെ കണ്ട് പിടിക്കാം. ഗര്‍ഭാശയ ഗളകാന്‍സര്‍ നേരത്തെ കണ്ട് പിടിക്കാന്‍ pap smear examination വളരെ ഫലപ്രദമാണ്. കാന്‍സര്‍ വരാന്‍ സാധ്യതയുള്ള ആളുകളില്‍ കൃത്യമായ ഇടവേളകളില്‍ ഇത്തരത്തിലുളള പരിശോധന നടത്തേണ്ടതാണ്.

കാന്‍സര്‍ ചികില്‍സാ സൗകര്യങ്ങള്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമുക്ക് കൂടുതലാണ്. നേരത്തെ കണ്ടുപിടിക്കുകയും ശരിയായ ചികില്‍സ ലഭ്യമാക്കുകയും ചെയ്താല്‍ പരിപൂര്‍ണമായി ചികില്‍സിച്ച് മാറ്റാം. പുതിയതരം ചികില്‍സാരീതികളായ ഇമ്മ്യൂണോ തെറാപ്പിയും മറ്റു നൂതന ചികില്‍സാരീതികളും മൂലം കാന്‍സര്‍ ചികില്‍സയുടെ ചെലവ് വല്ലാതെ വര്‍ധിച്ചിരിക്കുന്നു.

വളരെ വൈകി കണ്ടെത്തുന്ന കാന്‍സറുകള്‍ക്ക് വിലയേറിയ ചികില്‍സകള്‍ നടത്തി ഒന്നോ രണ്ടോ വര്‍ഷം ആയുസ്സ് കൂട്ടാന്‍ ശ്രമിക്കുന്ന തീരുമാനം പലപ്പോഴും ഒരു പരാജയമാണ് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ രോഗിയും ഉറ്റ ബന്ധുക്കളും ഒരു ഉചിതമായ തീരുമാനമെടുത്തു 'തൃപ്തികരമായ' മരണത്തിന് തയ്യാറെടുക്കുന്നതാണ് എന്ത് കൊണ്ടും നല്ലത്.