മരുന്നുകള്‍: മിത്രമോ ശത്രുവോ?

ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍

2018 മാര്‍ച്ച് 10 1439 ജുമാദില്‍ ആഖിറ 23

രോഗലക്ഷണങ്ങള്‍ വിശദമായി കേട്ടതിന് ശേഷം ആവശ്യമായ ദേഹപരിശോധന നടത്തി ചിലപ്പോള്‍ അത്യാവശ്യ ലബോറട്ടറി റേഡിയോളജി പരിശോധന നടത്തി ഫലം പരിശോധിച്ചതിന് ശേഷം രോഗിക്ക്  പലവിധം മരുന്നുകള്‍ കുറിച്ച് നല്‍കാറാണ് പതിവ്.

മരുന്നുകള്‍ കഴിക്കുമ്പോള്‍ എന്തെങ്കിലും ശാരീരിക വ്യതിയാനങ്ങള്‍, ഛര്‍ദി, കാഴ്ച മങ്ങല്‍, തലവേദന എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ ഉടനെ മരുന്നുകള്‍ നിര്‍ത്തി അടിയന്തിര വൈദ്യസഹായം ലഭ്യമാക്കേണ്ടതാണ്.

മരുന്നുകള്‍ മനുഷ്യന്റെ ശത്രുവോ മിത്രമോ അല്ല. അലോപ്പതിയായാലും ആയൂര്‍വേദമായാലും ഹോമിയോ ആയാലും അത് നിര്‍ദേശിക്കപ്പെട്ട കാലയളവില്‍ കൃത്യമായ അളവില്‍ കൃത്യസമയത്ത് ഉപയോഗിക്കുമ്പോള്‍ നമ്മുടെ ഏറ്റവും നല്ല മിത്രമായി മാറുന്നു. എന്നാല്‍ ഇതൊന്നും പാലിക്കാതെ സേവിക്കുമ്പോള്‍ നമ്മുടെ ശത്രുവായി മാറും. ഈ കാര്യം രോഗിക്കും കൂട്ടിരിപ്പുകാര്‍ക്കും മനസ്സിലാക്കിക്കൊടുക്കുവാനുള്ളഉത്തരവാദിത്വം ഡോക്ടര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുണ്ട്.

അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയും അല്ലാതെയും വിവിധ പരിശോധനകളിലൂടെ സ്ഥിരീകരിച്ച രോഗങ്ങളെയും രോഗാവസ്ഥയെയും ചികില്‍സിച്ച് മാറ്റാനോ ലഘൂകരിക്കാനോ വേണ്ടിയാണ്  നാം 'മരുന്നുകള്‍' ഉപയോഗിക്കുന്നത്. രോഗത്തേയും രോഗാവസ്ഥയേയും  ഫലപ്രദമായി നിയന്ത്രിക്കുവാന്‍ മരുന്നുകള്‍ അത്യന്താപേക്ഷിതമാകുമ്പോഴാണ് അത് കുറിക്കപ്പെടുന്നത് എന്നത് കൊണ്ട് തന്നെ ഓരോ മരുന്നും ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളും രീതികളും നല്ലവണ്ണം അറിഞ്ഞിരിക്കേണ്ടതാണ്.

ഒരേ മരുന്ന് തന്നെ വിവിധ അളവിലും രീതിയിലും പലതരം രോഗങ്ങള്‍ ചികില്‍സിക്കാനുപയോഗിക്കുന്നു. അതിനാല്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ യാതൊരുവിധ മരുന്നുകളും ഉപയോഗിക്കരുത്. രോഗങ്ങള്‍ പൂര്‍ണമായും മാറ്റുന്നതിനും രോഗലക്ഷണങ്ങളെ ശമിപ്പിക്കുന്നതിനും രോഗിയുടെ പ്രയാസങ്ങള്‍ കുറക്കുന്നതിനും വേണ്ടി ഡോക്ടര്‍മാര്‍ മരുന്നുകള്‍ നിര്‍ദേശിക്കാറുണ്ട്. മരുന്നുകളുടെ ആവശ്യമുള്ളതും ഇല്ലാത്തതുമായ എല്ലാ വിശദവിവരങ്ങളും ഇന്ന് ജനങ്ങള്‍ക്ക് വിരല്‍തുമ്പില്‍ ലഭ്യമാണെങ്കിലും അവയുടെ ഉപേയാഗത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുന്നതില്‍ നാം മടികാണിക്കരുത്.

രോഗിയുടെ ശാരീരികാവസ്ഥ, മാനസിക നില മറ്റു അസുഖങ്ങള്‍, കഴിക്കുന്ന മറ്റു മരുന്നുകള്‍, സാമ്പത്തിക സ്ഥിതി, അലര്‍ജി എന്നിവ മനസ്സിലാക്കിയതിന്ന് ശേഷമാണ് ഏത് ചികില്‍സയാണ് ആവശ്യമെന്ന് തീരുമാനിക്കുന്നത്. ഇങ്ങനെ തീരുമാനിക്കുന്ന മരുന്നിന്റെ അളവ് സമയം, ഉപയോഗരീതി വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മാത്രമെ മരുന്നുകളുടെ പൂര്‍ണഫലം ലഭിക്കുകയുള്ളൂ. ഗുണനിലവാരം നിലനിര്‍ത്തിക്കൊണ്ട് എങ്ങിനെ മരുന്ന് സൂക്ഷിക്കണമെന്നും ഉപയോഗിക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയാണെന്നും രോഗികളും കൂട്ടിരിപ്പുകാരും അറിഞ്ഞിരിക്കണം.

ആഹാരത്തിന് മുമ്പ് കഴിക്കേണ്ട ഗുളികകള്‍ ഏകദേശം 1/2 മണിക്കൂര്‍ മുമ്പെങ്കിലും കഴിക്കണം. ആഹാരത്തിന് ശേഷം കഴിക്കേണ്ട മരുന്നുകള്‍ ഭക്ഷണം കഴിച്ച് 1/2 മണിക്കൂര്‍ കഴിഞ്ഞ് കഴിക്കുക. ആഹാരത്തിന്റെ കൂടെ കഴിക്കേണ്ട മരുന്നുകള്‍ ഭക്ഷണം കുറച്ച് കഴിച്ചശേഷം കഴിക്കുക. മരുന്നു കഴിക്കുമ്പോള്‍ കഴിവതും എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ജംഗ് ഫുഡ് കഴിയുന്നതും ഒഴിവാക്കുക. തിളപ്പിച്ചാറ്റിയ ചൂടുവെള്ളം ഉപയോഗിച്ച് മരുന്ന് കഴിക്കാന്‍ ശ്രദ്ധിക്കുക.

0
0
0
s2sdefault