യുവത്വം; ആശങ്കകളും പ്രതീക്ഷകളും
നൗഫൽ ചെറുമുക്ക്, ഷാർജ
2025 നവംബർ 29, 1447 ജമാദുൽ ആഖിർ 08

യുവത്വം പ്രതീക്ഷകളിലേക്ക് തുറക്കുന്ന പുതുജാലകമാണ്. നവലോകം കെട്ടിപ്പടുക്കുന്നതിൽ യുവത്വത്തിന്റെ കിതപ്പും കുതിപ്പും വഹിച്ച പങ്ക് ചരിത്രം അടയാളപ്പെടുത്തിയതാണ്. കാത്തിരിപ്പുകളുടെയും പ്രത്യാശയുടെയും സ്വപ്നങ്ങളുടെയും കൂടിച്ചേരലാണത്. നവോഥാന മുന്നേറ്റങ്ങൾ തടയപ്പെട്ടപ്പോൾ അതിനെതിരെ ശക്തിയായി പ്രതികരിച്ചതിൽ, രാജ്യത്തിന്റെ ഗതി നിർണയിച്ച മാറ്റങ്ങൾക്ക് പിന്നിൽ യുവതയുടെ പങ്ക് നിസ്തുലമാണ്. ഇന്നലെകളിൽ വീരേതിഹാസങ്ങൾ രചിച്ചു വഴിനടന്നുപോയ കർമോൽസുകാരായ യുവാക്കൾ ഇന്നും എല്ലാവരുടെയും മനസ്സുകളിൽ നിത്യവസന്തങ്ങളായി നിലനിൽക്കുന്നു.
ഇന്ന് അങ്ങനെയുള്ളവർ അപൂർവമാണ്. ക്രിയാത്മകതയുടെ പര്യായങ്ങളായ യുവത്വം ഇന്ന് നന്മയുടെ വഴിയിൽ ഒരു പരിധിവരെ നിഷ്‌ക്രിയരായി മാറിയിട്ടില്ലേ? പത്രത്താളുകളിൽ അച്ചടിച്ച് വരുന്ന യുവാക്കളുടെ പടങ്ങൾ അധികവും നേട്ടത്തിന്റെ സൂചികയല്ല, മറിച്ച് കിരാതമായ ചെയ്തികളുടെ ജീവിക്കുന്ന ഉദാഹരങ്ങളായിട്ടാണ് നമുക്ക് മുന്നിൽ വാർത്തയാകുന്നത്.
മദ്യവും മയക്കുമരുന്നും മദിരാക്ഷിയും അതിനോട് ചേർന്ന് നിന്നുകൊണ്ടുള്ള സോഷ്യൽ മീഡിയകളുടെ അതിപ്രസരവും പല യുവാക്കളുടെയും കർമശേഷിയെ മരവിപ്പിച്ചിരിക്കുന്നു. ധാർമികത എന്ന വാക്കിനോടുതന്നെ പലർക്കും അലർജിയാണ്. മതത്തിന്റെ അരികു പറ്റി ജീവിക്കണം എന്നാഗ്രഹിക്കുന്നവർ തന്നെ മതാധ്യാപനങ്ങളെ കേവല ബുദ്ധിക്കും ചിന്തക്കും പരിമിതപ്പെടുത്തി പുരോഗമനവാദികളാകാനാണ് ശ്രമിക്കുന്നത്.
ചിലരാകട്ടെ ഇരുളിന്റെ മറവിൽ സന്ദർഭത്തിൽനിന്നും അടർത്തിയെടുത്ത ചില മതപദാവലികൾ അപഗ്രഥിച്ച് ത്രീവവാദ ചിന്തയിലേക്ക് നീങ്ങി വെളിച്ചം നഷ്ടപ്പെട്ടവരായി മാറി. മറ്റു ചിലർ തങ്ങളുടെ മതക്കാരല്ലാത്തവരൊന്നും രാജ്യത്ത് ജീവിക്കാൻ അവകാശമില്ലാത്തവരാണെന്ന വർഗീയ രാഷ്ട്രീയത്തിന്റെ തണലിൽ മനുഷ്യത്വം നഷ്ടപ്പെട്ടവരായി വിലസുന്നു.
സ്വാർഥതയും സങ്കുചിതത്വവും പിടിമുറുക്കിയപ്പോൾ തന്റെതല്ലാത്ത ഒന്നിനോടും പ്രതിബദ്ധതയില്ലാതെയായി. കർമങ്ങൾ ലൈക്കിനും ഫോർവേർഡിനും മാത്രമായി വഴിമാറിയപ്പോൾ അത് കുടുംബങ്ങളുടെ ഉറക്കം കെടുത്തുന്നതായി മാറി. അഭ്രപാളികളിൽ മിന്നിത്തെളിയുന്ന കാഴ്ചകൾക്കനുസരിച്ചു താളം ചവിട്ടുമ്പോൾ, അണിയേണ്ട വസ്ത്രത്തിന്റെ നിറവും കോലവും നിശ്ചയിക്കുന്നത് സെലിബ്രിറ്റികളാകുമ്പോൾ സ്വന്തം വ്യക്തിത്വം പോലും നഷ്ടമാകുന്നത് അവരറിയുന്നില്ല.
പുതിയ രൂപഭാവങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ലഹരി വസ്തുക്കളിൽ അലിഞ്ഞു ചേരുമ്പോൾ ജീവിതം തന്നെ ഹോമിക്കപ്പെടുന്നത് അവർ മനസ്സിലാക്കുന്നില്ല. അതിരില്ലാത്തതും അവിഹിതവുമായ ലൈംഗികത മൃഗങ്ങളെക്കാൾ അധഃപതിപ്പിക്കുന്നു. രാഷ്ട്രീയക്കാർക്ക് അധികാരക്കസേരയിലേക്കുള്ള ചവിട്ടുപടികളായി യുവാക്കൾ മാറുന്നു. അതിനായി കൊല്ലാനും കൊല്ലപ്പെടാനും അവർ തയ്യാറാകുന്നു.
യുവജന സംഘടനകൾ യഥാർഥ ദൗത്യം മറന്നുപോകുന്നുവോ? യുവതയെ നന്മയുടെ വഴിയിൽ നയിക്കേണ്ട ഉത്തരവാദിത്തം അവർക്കില്ലേ? എൽജിബിടി, ലിബറലിസം, സ്വതന്ത്രവാദം പോലുള്ള തലതിരിഞ്ഞ ചിന്തകളിലേക്ക് യുവതയെ മാടിവിളിക്കുന്നവർ ഒരു തലമുറയെ തന്നെ ഷണ്ഡീകരിക്കുകയല്ലേ ചെയ്യുന്നത്?
യുവാക്കൾക്ക് കൃത്യമായ ദിശാബോധം നൽകിയാൽ അവർ നന്മയുടെ തേരാളികളാകും എന്നതിനുള്ള പ്രകടമായ തെളിവായിരുന്നു 2019ലെ പ്രളയ സമയത്തെ അവരുടെ സേവന പ്രവർത്തനങ്ങൾ. നന്നായി പരിപാലിച്ചാൽ നന്മയുടെ ഫലം കായ്ക്കുന്ന വൻമരങ്ങളായി മാറുവാൻ അവർക്ക് കഴിയുമെന്നതിൽ സംശയമില്ല.
