രോഗവും രോഗിയും ബന്ധുക്കളും
അബൂബക്കർ കടവത്തൂർ
2025 സെപ്തംബർ 20, 1447 റബീഉൽ അവ്വൽ 27

രോഗാവസ്ഥ ഏവരെയും അസ്വസ്ഥരാക്കുന്ന ഒന്നാണ്. അരോഗ ദൃഢഗാത്രരെന്ന് നാം കരുതിയിരുന്ന ആൾ ഒരു സുപ്രഭാതത്തിൽ ഗുരുതരമായ രോഗം വന്നു കിടപ്പിലാണെന്നറിയുമ്പോൾ രോഗിയും ബന്ധുക്കളും സുഹൃത്തുക്കളും ഏറെ ദുഃഖിതരാകുന്നു. പലരെ സംബന്ധിച്ചും താങ്ങാനാവാത്ത ചികിത്സാ ചെലവ് വലിയൊരു ബാധ്യതയായി മാറുന്നു. ശുശ്രൂഷിക്കാൻ മക്കളോ ബന്ധുക്കളോ ഇല്ലാതെ പ്രയാസപ്പെടുന്ന പല രോഗികളുമുണ്ട്. മാതാപിതാക്കളെ ശുശ്രൂഷിക്കാൻ സന്മനസ്സില്ലാത്ത മക്കൾ വർധിച്ചു വരുന്ന കാലഘട്ടമാണിത്. മാതാപിതാക്കളെ ശുശ്രൂഷിക്കുന്നത്-വിശിഷ്യാ വാർധക്യത്തിൽ- സ്വർഗം നേടാനുള്ള പുണ്യ പ്രവൃത്തിയായി ഇസ്‌ലാം പഠിപ്പിക്കുന്നു.
തിരക്കുപിടിച്ച ജീവിതം നയിച്ചിരുന്ന ആൾക്ക് പെട്ടെന്നൊരു ദിവസം ഒരു പണിയും ചെയ്യാനാവാതെ വീട്ടിലോ ആശുപത്രി കിടക്കയിലോ കിടക്കേണ്ടി വരുന്ന അവസ്ഥ ഏറെ വേദനയുളവാക്കുന്നതാണ്. അയാൾ പലതും ആലോചിച്ചു മാനസികമായി തളർന്നേക്കാം.
ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറെ ഉപകാരപ്രദമാകുന്ന, അല്ലെങ്കിൽ ഉപയോഗപ്പെടു ത്താവുന്ന ഒരു സന്ദർഭമാണ് രോഗാവസ്ഥ. അല്ലാഹുവിനോട് പ്രാർഥിക്കുവാനും ദുആകളും ദിക്‌റകളുമായി കഴിയുവാനും കൂടുതൽ സമയം ലഭിക്കുന്ന, ഏറ്റവും അനുയോജ്യമായ ഒരു അവസരം കൂടിയാണത്. ആരോഗ്യം അനുവദിക്കുമെങ്കിൽ ക്വുർആൻ പാരായണം ചെയ്യാനും ഇസ്‌ലാമിക ഗ്രന്ഥങ്ങൾ വായിക്കാനും പ്രഭാഷണങ്ങൾ ശ്രവിക്കാനും ഈ അവസരം ഉപയോഗപ്പെടുത്തി അറിവും പുണ്യവും നേടാവുന്നതാണ്. രോഗം വന്നാൽ ക്ഷമിക്കുകയും അല്ലാഹുവിനോട് രോഗശമനത്തിന് വേണ്ടി പ്രാർഥിക്കുകയും ചെയ്യുക വഴി രോഗി കൂടുതൽ പുണ്യം നേടുകയാണ്. രോഗം പാപങ്ങൾ പൊറുക്കപ്പെടാൻ കാരണമാകുമെന്നാണ് പ്രവാചക വചനം
രോഗിയെ സന്ദർശിക്കൽ
രോഗിയെ സന്ദർശിക്കൽ പുണ്യപ്രവൃത്തിയാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. വിശ്വാസികൾ തമ്മിലുള്ള ബാധ്യതകളിൽ ഒന്നായി നബിﷺ അത് പറഞ്ഞുതന്നിട്ടുണ്ട്. രോഗിയെ സാന്ത്വനപ്പെടുത്താനും അതുവഴി ആശ്വാസം നൽകാനുമാണ് സന്ദർശിക്കുന്നവർ ശ്രദ്ധിക്കേണ്ടത്. ചിലപ്പോൾ രോഗിയെ സന്ദർശിക്കൽ വിപരീതഫലം ഉണ്ടാകാൻ കാരണമായേക്കും ഓപ്പറേഷൻ കഴിഞ്ഞ് വിശ്രമിക്കുന്ന രോഗിക്ക് അണുബാധയേൽക്കാതിരിക്കാൻ സന്ദർശനം ഒഴിവാക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട് അത്തരം സന്ദർഭങ്ങളിൽ രോഗിയെ കാണാതിരിക്കലാണ് രോഗിക്ക് നല്ലതെന്ന് മനസ്സിലാക്കുക. രോഗിയുടെ അടുത്ത് കൂടുതൽ സമയം ഇരിക്കാതെ രോഗിക്ക് വേണ്ടി പ്രാർഥിക്കുകയും ആശ്വസിപ്പിക്കു കയും ചെയ്യുക എന്നതാണ് ഒരു സന്ദർശകന്റെ ബാധ്യത. മറ്റൊരു രോഗി ഇതുപോലുള്ള രോഗം വന്ന് പെട്ടെന്ന് മരിച്ചുപോയ കഥയും മറ്റും പറഞ്ഞ് രോഗിയെ ഭയപ്പെടുത്തുന്ന രീതിയിൽ സംസാരിക്കാൻ പാടില്ല. ‘സാരമില്ല, സുഖമാവും- ഇൻശാ അല്ലാഹ്’ എന്ന് പറയാനാണ് പ്രവാചകൻﷺ പഠിപ്പിച്ചത്.
അടുത്ത ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സന്ദർശനം രോഗി ഏറെ ഇഷ്ടപ്പെടുന്നതും രോഗിക്ക് ഏറെ ആശ്വാസം നൽകുന്നതുമാണ്. അതേസമയം അടുത്ത ബന്ധുക്കളോ അടുത്ത സുഹൃത്തുക്കളോ അല്ലാത്തവർ കൂടുതൽ സമയം രോഗിയുടെ അടുത്ത് ഇരിക്കാതിരിക്കലാണ് അഭികാമ്യം. സന്ദർശകർ അനുയോജ്യമായ സമയം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുന്നത് നല്ലതാണ് (രോഗിക്കും രോഗിയുടെ വീട്ടുകാർക്കും അനുയോജ്യമായ സമയം).
ആശുപത്രി സന്ദർശിക്കുന്നതും രോഗികളെ സന്ദർശിക്കുന്നതും നമ്മുടെ ആരോഗ്യത്തെക്കുറിച്ച് ബോധ വാന്മാരാകാനും അല്ലാഹു നമുക്ക് നൽകിയ അനുഗ്രഹത്തെ കുറിച്ച് ഓർക്കാനും ഉപകാരപ്പെടും.
