ധർമ സങ്കടത്തിലാക്കുന്ന മാധ്യമ ധർമം

നബീൽ പയ്യോളി

2025 ഫെബ്രുവരി 08, 1446 ശഅ്ബാൻ 10

ഏതാനും ദിവസങ്ങൾക്കു മുമ്പ് മലയാള പത്രങ്ങളുടെ ഫ്രണ്ട് പേജിൽ വന്ന പരസ്യം വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. വാർത്തയാണോ പരസ്യമാണോ എന്ന് തിരിച്ചറിയാതെ പലരും അമ്പരന്നു. പരസ്യമാണെന്ന് തിരിച്ചറിയാൻ പോലും പറ്റാത്തവിധം വാർത്ത ലേഔട്ട് നൽകി പരസ്യം നൽകിയ സ്ഥാപനവും പത്ര സ്ഥാപനങ്ങളും ഒരുപോലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. പഴികേൾക്കേണ്ടി വന്ന മാധ്യമങ്ങൾക്ക് പിറ്റേന്ന് അത് പരസ്യമായിരുന്നെന്ന് ഖേദപ്രകടനം പ്രസിദ്ധീകരിക്കേണ്ടിവന്നു.

പത്രത്തിൽ വാർത്ത വന്നല്ലോ എന്ന് ആധികാരികമായി ജനങ്ങൾ പറഞ്ഞിരുന്നിടത്തുനിന്ന് വാർത്തയേത്, പരസ്യമേത് എന്ന് തിരിച്ചറിയാത്തവിധം മാധ്യമ ധർമം അട്ടിമറിക്കപ്പെട്ടു. വാർത്തകളെക്കാൾ വ്യാജവാർത്തകളും പരസ്യങ്ങളുമാണ് മാധ്യമലോകത്ത് വിഹരിക്കുന്നതെന്ന ആക്ഷേപം പുതിയതല്ല.

നിലനിൽപ്പ് തന്നെ ഭീഷണിയിലായ പ്രിന്റ് മീഡിയകൾ പരസ്യമെന്ന് കേട്ടാൽ കണ്ണടച്ചു സ്വീകരിക്കുന്ന ദയനീയമായ കാഴ്ച നമ്മൾ അടുത്ത കാലത്തായി കണ്ടുവരുന്ന ദുഷ്പ്രവണതയാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വർഗീയതയാണ് പരസ്യമായതെങ്കിൽ മനുഷ്യന്റെ സാമാന്യബോധത്തെ തന്നെ വെല്ലുവിളിക്കുന്ന ഹൈപ്പോതെറ്റിക്ക് വാർത്താപരസ്യമാണ് ഇപ്പോൾ ഒന്നാം പേജിൽ അച്ചടിച്ചുവരുന്നത്.

‘ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണ’മെന്ന മട്ടിൽ പരസ്യത്തിലെ ഉള്ളടക്കം പോലും പരിഗണിക്കാതെ ആർക്കും വേണ്ടി അച്ചുനിരത്തുന്ന നിലവാരത്തകർച്ച മാധ്യമലോകം സഗൗരവം തിരിച്ചറിയണ്ടതുണ്ട്.

ദൃശ്യമാധ്യമങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ല. വാർത്ത കാർണിവൽവത്ക്കരിച്ച് പറയുന്നതും കാണിക്കുന്നതും എന്തെന്ന് പോലും തിരിച്ചറിയാത്തവിധം കച്ചവടവത്ക്കരണത്തിന്റെ അഭിനയിച്ചു തീർക്കലിന്റെ ഇടമായി അവർ മാറിക്കഴിഞ്ഞു. പുതിയ ചാനലുകൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകാത്തതുകൊണ്ട് ദേശീയ ചാനലുകളുടെയോ അന്യസംസ്ഥാന ചാനലുകളുടെ ശാഖകളായി, നിലവിലെ ചാനലുകൾ ബാർക്ക് റേറ്റിംഗ് മത്സരം നടത്തുന്നതൊക്കെ നിലവാർത്തകർച്ചയുടെ കാരണങ്ങളാണ്. കൂടുവിട്ട് കൂടുമാറ്റവും മാനേജ്മെന്റിന്റെ സമ്മർദവും വർത്തകൾക്കപ്പുറം മറ്റെന്തൊക്കെയോ ആയി ദൃശ്യമാധ്യമങ്ങളുടെ അജണ്ടകൾ വഴിമാറിയിട്ടുണ്ട്.

നിയന്ത്രണങ്ങളോ അതിർവരമ്പുകളോ ബാധകമല്ലാത്ത ഡിജിറ്റൽ ലോകത്ത് വിദ്വേഷവും അസാംസ്‌കാരികതയും നിറഞ്ഞാടുകയാണ്. മാധ്യമമെന്ന ലേബലിൽ എന്തും ചോദിക്കാനും ചെയ്യാനുമുള്ള അനുമതി സ്വയം എടുത്തണിയുന്നവരാണവർ. ആരോട് പറയാൻ, ആര് കേൾക്കാൻ എന്ന നെടുവീർപ്പ് അന്തരീക്ഷത്തിൽ മുഴങ്ങിക്കേൾക്കുന്നു.

മാധ്യമലോകത്തെ കോർപ്പറേറ്റ്‌വത്ക്കരണത്തിനെതിരെബൗധിക പ്രതിരോധം തീർത്ത ചരിത്രത്തിന്റെ പിന്മുറക്കാരാണ് കേരളീയർ. അങ്ങനെയുള്ള നമ്മുടെ ഇന്നത്തെ സാഹചര്യം എത്രമേൽ ആശ്ചര്യജനകമാണ്!

സ്വന്തം വിശ്വാസ്യതയും മൂല്യവും പണത്തിനും മറ്റ് പ്രലോഭനങ്ങൾക്കും മുൻപിൽ വിസ്മരിക്കുന്നവർ എങ്ങനെ സമൂഹത്തെ നേർവഴിയിലേക്ക് നയിക്കുന്ന ജിഹ്വകളാവും? ശരിതെറ്റുകൾ വേർതിരിച്ച് മനസ്സിലാക്കിത്തരേണ്ടവർ വാർത്തയും പരസ്യവും വേർതിരിച്ചറിയാത്തവിധം അന്ധതബാധിച്ചവരും അവ വ്യാപിപ്പിക്കാൻ അച്ചുനിരത്തുന്നവരുമാണെന്നത് ഖേദകരമാണ്.

മാധ്യമ ധാർമികതയെ ചോദ്യം ചെയ്യും വിധം കിടമത്സരങ്ങളും പരസ്യങ്ങളുടെ അതിപ്രസരവും വ്യാജ വാർത്തകളും മലീമസമാക്കിയ മാധ്യമ ലോകത്ത് തിരിച്ചറിവിന്റെ തിരിതെളിയട്ടെ എന്ന് പ്രത്യാശിക്കാം.