മതനിരപേക്ഷതയുടെ മരണമണി മുഴങ്ങുന്നുവോ?

ടി.കെ അശ്‌റഫ്

ജനറൽ സെക്രട്ടറി, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ

2025 ഒക്ടോബർ 04, 1447 റബീഉൽ ആഖിർ 12

കേരള രാഷ്ട്രീയം ഒരു നാൽക്ക വലയിലാണിന്ന്. എങ്ങോട്ട് തിരിയണമെന്ന കാര്യത്തിൽ സർവത്ര ആശയക്കുഴപ്പം പല പാർട്ടികൾക്കുമുണ്ട്. വ്യക്തികളും പാർട്ടികളും നേരിടുന്ന പ്രശ്‌നങ്ങളെ വർഗീയത ആളിക്കത്തിച്ച് മറച്ചുപിടിക്കാം എന്ന വ്യാമോഹമാണ് ഒരുവശത്ത് നാം കാണുന്നത്. മറുവശത്താകട്ടെ, മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ചുകൊണ്ട് മാത്രമെ നിലവിലുള്ള പ്രതിസ ന്ധി മറികടക്കാനാകൂ എന്ന ഉറച്ച നിലപാട് കൈക്കൊള്ളുന്നവരെ പിന്തുണക്കാൻ അറച്ചുനിൽക്കുന്നവരെയും നാം കാണുന്നുണ്ട്.

പ്രീണിപ്പിച്ചും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും സമുദായങ്ങളെ കൂടെനിർത്താം എന്ന നിലപാട് മലയാളിയുടെ പ്രബുദ്ധതയെ വെല്ലുവിളിക്കലാണ്. വ്യക്തമായ രാഷ്ട്രീയം പറഞ്ഞും വികസനം നടത്തിയും വിവിധ ജനവിഭാഗങ്ങളുടെ ന്യായമായ ആവശ്യങ്ങൾ സമയബന്ധിതമായി നിർവഹിച്ചും മുന്നോട്ടു പോകുന്നവർക്കേ നിലനിൽപ്പുണ്ടാകൂ.

കേരളജനതയുടെ മതനിരപേക്ഷ മനസ്സിനെ ഒരു പാർട്ടിയും വിലകുറച്ചു കാണരുത്. സമുദായ നേതാക്കളെ വിലയ്‌ക്കെടുത്താൽ കേരളത്തെ കൈയിലൊതുക്കാൻ കഴിയും എന്നത് മലർപ്പൊടിക്കാരന്റെ സ്വപ്ന സമാനമാണ്. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങൾ ദുർന്യായങ്ങൾ പറഞ്ഞ് അവഗണിക്കരുത്. ഒരു സമുദായത്തിന്റെയും ന്യായമായ അവകാശങ്ങൾ നിഷേധിക്കരുത്.

തെരഞ്ഞെടുപ്പ് വരുമ്പോൾ ഭൂരിപക്ഷ- ന്യൂനപക്ഷ പ്രീണനത്തിലൂടെയും പരസ്പരം വിദ്വേഷം വളർത്തിയെടുത്തും കേരളത്തിന്റെ സമാധാനം കെടുത്തരുത്. വർഗീയത ആളിക്കത്തിച്ച് ഉത്തരവാദിത്തങ്ങളിൽനിന്ന് ഒളിച്ചോടുന്ന ഇരട്ടത്താപ്പ് തിരിച്ചറിയാൻ കഴിയാത്തവിധം അൾഷിമേഴ്‌സ് ബാധിച്ചവരല്ല മലയാളികൾ എന്ന ബോധ്യം എല്ലാവർക്കും നല്ലതാണ്.

വർഗീയതയും മതനിരപേക്ഷതയും നേർക്കുനേർ പോരാടുന്ന വർത്തമാനകാല കേരളത്തിൽ പ്രതിപക്ഷ നേതാവ് ഉയർത്തിപ്പിടിക്കുന്ന ഉറച്ച മതനിരപേക്ഷ നിലപാട് ശ്ലാഘനീയമാണന്ന് പറയാതെ വയ്യ. കേരളത്തിന്റെ ഭാവിയെ മുന്നിൽ കാണുന്ന ഏതൊരാൾക്കും ഈ നിലപാടിനെ പിന്തുണക്കാതിരിക്കാനാവില്ല. ഈ പിന്തുണ കക്ഷി രാഷ്ട്രീയത്തിനല്ല; കേരളത്തിന്റെ ഭാവിയെ കരുതലോടെ കാണുന്നവരുടെ മനസ്സിന്റെ തേട്ടമാണിത്. ഇത് പറയാൻ മടിച്ചു നിൽക്കുന്നത് ഈ കാലഘട്ടത്തിൽ കേരളത്തോട് ചെയ്യുന്ന അനീതിയാണ്. നമ്മുടെ സംസ്ഥാനം വർഗീയമായി ഭിന്നിച്ചുകൂടാ. സ്വാർഥ താൽപര്യങ്ങളുള്ള ചില നേതാക്കളും വർഗീയ വിദ്വേഷത്തിലൂടെ ഭരണത്തിലേറാൻ കാത്തിരിക്കുന്ന കഴുകക്കണ്ണുള്ളവരും ഒഴിച്ച് മലയാളികളിലെ മഹാഭൂരിപക്ഷവും മതനിരപേക്ഷ നിലപാടിൽ വെള്ളം ചേർത്തുകൊണ്ടുള്ള ചെറിയ നീക്കങ്ങളെ പോലും അംഗീകരിക്കുന്നവരല്ല. സ്വസ്ഥമായ സാമൂഹ്യസംവിധാനം നിലനിന്ന് കാണാൻ വേണ്ടി ദാഹിക്കുന്ന മനസ്സാണ് ഇന്നും കേരളത്തിനുള്ളത്.

കേരളം വൈകാതെ ബിജെപി ഭരിക്കും എന്ന നരേറ്റീവ് അന്തിച്ചർച്ചകളിൽ അജണ്ട വെച്ച് സംസാരിക്കുന്നവരുടെ ആഖ്യാനമാണ്. അതിൽ കേരള ജനത ഒരിക്കലും വീണുപോകരുത്. നിരന്തരം അക്കാര്യം പറഞ്ഞുകൊണ്ടിരുന്നാൽ ജനങ്ങൾ അങ്ങോട്ട് ചായും എന്നാണ് അവർ കണക്കു കൂട്ടുന്നത്. ഗീബൽസിനെ പോലും തോൽപിക്കുന്ന കള്ളങ്ങളാണ് അധികാരക്കസേര ലക്ഷ്യമാക്കി പലരും പറഞ്ഞുകൊണ്ടിരിക്കുന്നത്. പുതുതലമുറയെ അരാഷ്ട്രീയ വാദികളാക്കുന്നതിൽ ‘നെറികെട്ട രാഷ്ട്രീയം കളിക്കുന്നവരുടെ’ പങ്ക് ചെറുതല്ല എന്ന് തിരിച്ചറിയുക.