പുതിയ വക്വ‌്‌ഫ് നിയമവും സുപ്രീം കോടതിയുടെ ഇടപെടലും

ടി.കെ അശ്‌റഫ്

ജനറൽ സെക്രട്ടറി, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ

2025 ഏപ്രിൽ 26, 1446 ശവ്വാൽ 26

വക്വ‌്‌ഫിന്റെ വിഷയത്തിൽ ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിൽനിന്നും പ്രതീക്ഷയുടെ കിരണങ്ങൾ ഉയർന്നിരിക്കുന്നു. ചോദിക്കാനും പറയാനും ഇവിടെ ഒരാളുണ്ടെന്ന് സുപ്രീം കോടതി വീണ്ടും തെളിയിച്ചിരിക്കുകയാണ്. പുതിയ വക്വ‌്‌ഫ് നിയമത്തിന്റെ മുനയൊടിക്കുന്ന ഇടപെടലാണ് കോടതിയിൽനിന്നുണ്ടായിരിക്കുന്നത്. ഭരണകൂട അനീതിയോട് ജനാധിപത്യ മാർഗത്തിൽതന്നെ പോരാ ടാൻ ഊർജം പകരുന്നതാണ് സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾ. ഈ ഇടക്കാല ഉത്തരവിനെ നമ്മളും സ്വാഗതം ചെയ്യുന്നു.

പാർലിമെന്റിനകത്തും പുറത്തും ചാനൽ റൂമുകളിലും വക്വ‌്‌ഫ് ഭേദഗതിക്കു വേണ്ടി വീറോടെ വാദിച്ചവർക്ക് കോടതിക്ക് മുമ്പിൽ കാലിടറുന്നതാണ് കണ്ടത്. വക്വ‌്‌ഫിൽ ഞങ്ങളൊന്നും ചെയ്യില്ലേയെന്ന കേന്ദ്ര സർക്കാറിന്റെ കുറ്റസമ്മതമാണ് ഇപ്പോൾ ഉത്തരവായി കോടതി ഉറപ്പിച്ച് പറഞ്ഞിരിക്കുന്നത്.

കൊട്ടിഘോഷിച്ച സെക്ഷൻ 2Aയിൽ ചീഫ് ജസ്റ്റിസിന് മുമ്പിൽ സോളിസിറ്റർ ജനറൽ ഉരുണ്ടു കളിച്ചപ്പോൾ, മറ്റു മതങ്ങളുടെ സ്വത്ത് കൈകാര്യം ചെയ്യുന്ന ബോർഡുകളിൽ ഇതര മതസ്ഥരെ നിയമിക്കുമോ എന്ന ചോദ്യത്തിന് ഹാജരാക്കാനായത് ദുർബലമായ വാദഗതികൾ മാത്രം. വക്വ‌്‌ഫ് നിയമത്തിലെ wrongful declaration of WAQF ൽ വരുന്ന 3 C(2) അഥവാ ആരെങ്കിലും പരാതി ഉന്നയിച്ചാൽ ആ വക്വ‌്‌ഫ് പ്രോപർട്ടി ഡിസ്പ്യൂട്ട് ലാൻഡ് ആകുന്ന പുതിയ നിയമത്തിലെ ഭേദദഗതിയിലാണ് സുപ്രീം കോടതി ഏറെ സുപ്രധാനമായ ഇടപെടൽ നടത്തിയത്.

നിലവിലുള്ള വക്വ‌്‌ഫ് സ്വത്തുക്കൾക്ക് ഒരു മാറ്റവും വരുത്തരുതെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വിധിച്ചു. കേന്ദ്ര വക്വ‌്‌ഫ് കൗൺസിലിലും സംസ്ഥാന വക്വ‌്‌ഫ് ബോർഡുകളിലും നിയമനങ്ങൾ നടത്തുന്നതും സുപ്രീം കോടതി വിലക്കി. ഇടക്കാല ഉത്തരവ് ഒരാഴ്ചക്ക് മാറ്റിവെക്കണമെന്ന കേന്ദ്ര സർക്കാറിന്റെ ആവശ്യം തള്ളിയാണ് സുപ്രീം കോടതി ഉത്തരവ്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും വക്വ‌്‌ഫ് ബോർഡുകളും നിയമത്തിനെതിരായ ഹരജികൾക്ക് ഒരാഴ്ചക്കകം മറുപടി നൽകണം. അതിനുള്ള മറുപടി ഹർജിക്കാർ അഞ്ചു ദിവസത്തിനകം നൽകണം. ഇതിനു ശേഷമെ സുപ്രീം കോടതി അന്തിമ ഉത്തരവിലേക്ക് പ്രവേശിക്കുകയുള്ളൂ.

വാദങ്ങൾക്ക് ശേഷം ഇടക്കാല ഉത്തരവിന്റെ സാധുത വർധിപ്പിക്കാനും അല്ലെങ്കിൽ ഇപ്പോഴത്തെ നിരീക്ഷണം ഉറപ്പിക്കാനുമാണ് സാധ്യത. പാർലിമെന്റ് പാസാക്കിയ വക്വ‌്‌ഫ് നിയമത്തിന് ചട്ടവും വിജ്ഞാപനവും ഇറക്കാൻ കേന്ദ്ര സർക്കാരിന് ഇപ്പോഴും തടസ്സമില്ല എന്ന കാര്യവും നാം ഗൗരവത്തോടെ കാണണം. നിയമത്തിലെ ഭരണഘടനാവിരുദ്ധമായ മുഴുവൻ വകുപ്പുകളും നീക്കം ചെയ്യപ്പെടുന്നതുവരെ നിയമ പോരാട്ടത്തിൽ നിതാന്ത ജാഗ്രത അനിവാര്യമാണ്.

വാദങ്ങൾക്കിടയിൽ ഉടനീളം ഹരജിക്കാർക്ക് അനുകൂലമായ നിരീക്ഷണങ്ങൾ നടത്തുകയും അന്തിമ ഘട്ടത്തിൽ നിരാശാജനകമായ വിധിയുണ്ടാവുകയും ചെയ്യുന്ന സമീപകാല അനുഭവങ്ങൾ വക്വ‌്‌ഫ് വിഷയത്തിൽ സംഭവിക്കാതിരിക്കാൻ പ്രാർഥന അനിവാര്യമാണ്.

വക്വ‌്‌ഫ് വിഷയത്തിൽ ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യൻ സമുദായങ്ങളെ തമ്മിലടിപ്പിച്ച് ലാഭം കൊയ്യാൻ കാത്തിരിക്കുന്ന രാഷ്ട്രീയക്കാരുടെ കൗശലത്തിൽ കേരള സമൂഹം ഒരിക്കലും അകപ്പെടരുത്.

പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് ഭരണകൂടങ്ങളുടെ ഉത്തരവാദിത്തം. അതല്ലാതെ, ഉമിക്ക് തീ കൊടുത്തപോലെ ഓരോ തെരഞ്ഞെടുപ്പും മുന്നിൽകണ്ട് പ്രശ്‌നത്തെ ഊതിക്കത്തിക്കുന്ന നിലപാട് ആരെടുത്താലും അത് തിരിച്ചറിയാനുള്ള വിവേകം നമുക്കുണ്ടാവണം.