ക്യാമ്പസുകൾ കീഴടക്കുന്ന സാഡിസ്റ്റുകൾ

അൻവർ കണ്ണീരി അമ്മിനിക്കാട്

2025 മാർച്ച് 29, 1446 റമദാൻ 28

കോട്ടയം സർക്കാർ നഴ്‌സിംഗ് കോളേജിലെ അതിക്രൂര റാഗിങ്ങിനെ സംബന്ധിച്ച് കേൾക്കുന്ന ചില സംസാര ശകലങ്ങൾ ഇങ്ങനെയാണ്:

‘ഇവർ നഴ്‌സുമാരായാൽ എന്തായിരിക്കും അവസ്ഥ?’

‘മാലാഖമാർ എന്ന് വിളിക്കപ്പെടുന്ന ഇവർക്കൊക്കെ എങ്ങനെ ഇങ്ങനെ...?’

‘എങ്ങനെ വിശ്വസിച്ച് ഈ നഴ്‌സുമാരുടെ അടുത്തൊക്കെ പോകും?’

‘മാലാഖമാർ എന്ന് വിളിക്കപ്പെടുന്നവർ ഇന്ന് സാഡിസ്റ്റ്, ഡ്രാക്കുള തുടങ്ങിയ പേരിലാണ് വിളിക്കപ്പെടേണ്ടത്.’

നിങ്ങളാരും ഒരു സംഭവത്തിന്റെ അടിസ്ഥാനത്തിൽ നഴ്സിംഗ് വിഭാഗത്തെ ഒന്നടങ്കം അധിക്ഷേപിക്കുകയോ ക്രൂരന്മാർ എന്ന് വിശേഷിപ്പിക്കുകയോ ചെയ്യുമായിരിക്കില്ല. പക്ഷേ, ചർച്ചകൾക്കിടയിലെല്ലാം മാലാഖമാർ എന്ന് വിളിക്കപ്പെടുന്ന ഒരു വിഭാഗത്തിൽ നിന്നെങ്ങനെ ഇത്തരക്കാർ രൂപം കൊള്ളുന്നു എന്ന ചോദ്യം ഉയരുന്നുണ്ട്. അതിനുള്ള ഉത്തരമാണ് കണ്ടെത്തേണ്ടത്.

വേദനകൾക്കും ജീവിതത്തിൽ അനുഭവിച്ച ട്രോമകൾക്കും ഒരു മനുഷ്യനെ ഇത്തരം അവസ്ഥയിലേക്ക് നയിക്കാനാകുമോ? ഇല്ല എന്നുതന്നെയാണ് ഉത്തരം. എന്നാൽ ഇങ്ങനെയൊക്കെ ചെയ്യുന്നവർ ലഹരിയുടെ ആസക്തിയിലമർന്ന, ഉന്മാദത്തിൽ ജീവിക്കുന്ന സാഡിസ്റ്റുകളാണ്. സഹപാഠിയുടെ ശരീരത്തിലാഴ്ന്നിറങ്ങുന്ന കോമ്പസിന്റെ സൂചി നോക്കി അട്ടഹസിച്ച് ചിരിക്കുന്നവരെ മനുഷ്യരൂപമുള്ള മൃഗങ്ങളെന്നല്ലാതെ എന്താണ് വിശേഷിപ്പിക്കുക?

വേദനയറിയിക്കാതെ, വളരെ മൃദുവായി ഇഞ്ചക്ഷനെടുക്കുന്ന ആയിരക്കണക്കിന് നഴ്‌സുമാരുണ്ട് നമ്മുടെ നാട്ടിൽ. ദൈനംദിനം അവരോട് ഇടപഴകുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക് ഒരു മനുഷ്യന്റെ ജീവൻ സംരക്ഷിക്കാനും ശരീരത്തെ അസുഖത്തിൽനിന്ന് മുക്തമാക്കാനുള്ള അവരുടെ അക്ഷീണ പ്രയത്‌നം കണ്ടറിയുന്ന വ്യക്തിയാണ് ഈയുള്ളവൻ.

അവർക്ക് നേരത്തിന് ഭക്ഷണമില്ല, വിശ്രമമില്ല. അവർക്ക് അവർ പരിചരിക്കുന്ന രോഗികൾ മുഖ്യമാണ്. അവരിൽ രോഗികളോട് സ്‌നേഹത്തോടെ പെരുമാറുന്നവരും കർക്കശമായി പെരുമാറുന്നവരുമുണ്ട്. എങ്കിലും സദാ രോഗികൾക്ക് പരിചരണ കവചം തീർക്കുന്നത് ഇവരാണ്.

ഈ റാഗിംഗ് അക്രമത്തിലും പ്രതികൾ ശിക്ഷിക്കപ്പെടാതിരുന്നാൽ നാളെകളിൽ ഒരുപാട് മക്കൾ ഇത്തരം സാഡിസ്റ്റുകളുടെ ഇരയായിരിക്കും. രാഷ്ട്രീയ നേതാക്കൾ പലരും വലിയ വായിൽ അക്രമത്തെ അപലപിക്കും. അതോടൊപ്പം പ്രതികൾക്ക് സംരക്ഷണ വാഗ്ദാനവും നൽകും. നഷ്ടപ്പെട്ടവർ അവരുടെ നഷ്ടവും പേറി ജീവിക്കുമ്പോൾ പ്രതികൾ അവരുടെ മുന്നിലൂടെ തലയുയർത്തി വിലസും. ചിലപ്പോഴൊക്കെ കൊന്നവർ തടവറയിൽ പോകും, കൊല്ലിച്ചവർ നിഷ്‌കളങ്കരായി അടുത്ത ഇരയെ തേടി നടക്കും. ജയിലിൽ കിടക്കുന്നതൊന്നും ഇവർക്ക് പ്രശ്‌നമല്ല. അവിടെയും പ്രത്യേക പരിഗണന നേടിയെടുക്കാൻ ഇവർക്ക് കഴിയും.

മദ്യവും മയക്കുമരുന്നുകളും ഹോസ്റ്റലുകളിൽ സുലഭമാകുമ്പോൾ റാഗിംഗ് പോലുള്ള അക്രമങ്ങൾ സർവ സീമകളും ലംഘിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. പേന പിടിക്കേണ്ട കൈകളിൽ പേനക്കത്തിയും ലഹരി വസ്തുക്കളും കാണപ്പെടുന്നത് വല്ലാത്തൊരു ദുരന്തമാണ്. കണിശമായ, വിട്ടുവീഴ്ചയില്ലാത്ത നിയമങ്ങളും ശിക്ഷകളും മാത്രമാണ് ഇത്തരം കാടത്തങ്ങളെ തുടച്ചു നീക്കാനുള്ള മാർഗം. തീർച്ചയായും ശിക്ഷിക്കപ്പെടുമെന്ന ബോധ്യം അക്രമങ്ങളെ ഒരുപരിധിവരെ തടയുമെന്നതിൽ സംശയമില്ല.