വർഗീയവാദികളെ തിരിച്ചറിയുക

നസീമ വാടാനപ്പള്ളി

2025 മെയ് 31, 1446 ദുൽഖഅദ് 29

മതത്തിൽ ബലപ്രയോഗമില്ല എന്ന് വ്യക്തമായി പഠിപ്പിച്ച മതമാണ് ഇസ്‌ലാം എന്നിരിക്കെ നിർബന്ധ മതപരിവർത്തനത്തിന് കൽപിക്കുന്ന മതമായി ഇസ്‌ലാമിനെയും അതിന് പരിശ്രമിക്കുന്നവരായി മുസ്‌ലിംകളെയും ആക്ഷേപിക്കുന്നത് തികഞ്ഞ അതിക്രമമാണ്. സ്ഥാപിത താൽപര്യങ്ങളാണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്. പഹൽഗാമിലെ വെടിവയ്പിനു പിന്നിൽ ഇസ്‌ലാമാണെന്നും ക്വുർആനാണെന്നും വരുത്തിത്തീർക്കാൻ സോഷ്യൽ മീഡിയയിൽ ഇറങ്ങിക്കളിച്ചവർ ഈ തൽപരകക്ഷികൾ തന്നെ.

അക്രമത്തിനിരയായ കുടുംബത്തിലെ ആതിര എന്ന ഹൈന്ദവ സ്ത്രീ വിപൽഘട്ടത്തിൽ തനിക്ക് താങ്ങും തണലുമായത് രണ്ടു മുസ്‌ലിംകളാണെന്നും എനിക്ക് രണ്ടു സഹോദരന്മാരെ കിട്ടി എന്നും മാധ്യമങ്ങളോടു പറഞ്ഞത് ഇഷ്ടപ്പെടാതെ അവർക്കെതിരെ തെറിയഭിഷേകം നടത്തുവാൻ തയ്യാറായതും ഈ സ്ഥാപിത താൽപര്യക്കാർ തന്നെ. സെയ്ദ് ആദിൽ ഹുസൈൻ ഷാ എന്ന യുവാവ് ജാതിയും മതവും നോക്കാതെ നിരപരാധികളെ രക്ഷിക്കാൻ ശ്രമിച്ചു. അദ്ദേഹം അക്രമികളുടെ തോക്കിനിരയായി. ഇതൊക്കെ മൂടിവെച്ചുകൊണ്ട്, കലിമ ചൊല്ലാൻ പറഞ്ഞ് വെടിവെച്ചു കൊന്നു എന്ന വാർത്തക്ക് അമിത പ്രാധാന്യം നൽകി സാമൂഹ്യ മാധ്യമങ്ങളിൽ ഈ തൽപരകക്ഷികൾ ആറാടുകയായിരുന്നു.

മനുഷ്യന്റെ ജീവനു മാത്രമല്ല അഭിമാനത്തിനും വില നൽകുന്ന മതമാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ യഥാർഥമായ ആദർശം പിൻപറ്റുന്നവരാണ് അതിന്റെ അനുയായികൾ; കേവലം നാമധാരികളോ വേഷധാരികളോ അല്ല.

പഹൽഗാമിൽ കൊല്ലപ്പെട്ടത് 26 പേരാണ്. അതിൽ 15 പേരും മുസ്‌ലികളായിരുന്നു എന്നത് വാർത്താമൂല്യം നേടിയിട്ടില്ല. കൊന്നത് മതം നോക്കിയിട്ടാണെങ്കിൽ, കൊന്നവരുടെ ആദർശം ഇസ്‌ലാമാണെങ്കിൽ 15 മുസ്‌ലിംകൾ കൊല്ലപ്പെടുമായിരുന്നോ?

മനസ്സിൽ മുസ്‌ലിം വിരുദ്ധത കൂടുകൂട്ടാത്തവർക്കൊക്കെ അറിയാം അക്രമികൾ ഒരു മതത്തിന്റെയും പിന്തുണയില്ലാത്ത തീവ്രവാദികളായിരുന്നു എന്ന്. അവരുടെ ലക്ഷ്യം തികച്ചും രാഷ്ട്രീയപരമാണ്. ഇന്ത്യയോടുള്ള പകയാണ്. രാജ്യത്തെ ഹൈന്ദവരെയും മുസ്‌ലിംകളെയും തമ്മിലടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവർ കലിമ ചൊല്ലാൻ ആവശ്യപ്പെട്ട് വെടിവെച്ചത്. അതിന് സാക്ഷികളായ ചിലരെ കൊല്ലാതെ വിട്ടത് ഇക്കാര്യം ലോകത്തോടു വിളിച്ചുപറയാനാണ്. അപ്പോഴാണല്ലോ അവരുടെ ലക്ഷ്യം നിറവേറ്റപ്പെടുക.

അതിൽ അവർ ഒരളവോളം വിജയിക്കുകയും ചെയ്തു. പല സ്ഥലങ്ങളിലും വർഗീയ ചേരിതിരിവ് സംഭവിച്ചു. മുസ്‌ലിംകൾക്ക് എതിരായി എത്രയോ അക്രമങ്ങൾ നടന്നു. പലരും കൊല്ലപ്പെട്ടു. ഇപ്പോഴും അതിന്റെ തീ കെട്ടടങ്ങിയിട്ടില്ല.

വർഗീയ വാദികളെയും തീവ്രവാദികളെയും നാം തിരിച്ചറിയണം. അവരെ ഒറ്റപ്പെടുത്തണം. ഒറ്റക്കെട്ടായി അവർക്കെതിരിൽ നിലകൊള്ളണം. രാജ്യത്തിനകത്തുള്ളവരാണെങ്കിലും പുറത്തുള്ളവരാണെങ്കിലും ഭീകര പ്രവർത്തനം ചെയ്യുന്നവർ ഭീകരൻമാർ തന്നെ.