പഠനയാത്ര, ജന്മദിനാഘോഷം: വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം ശ്ലാഘനീയം

ടി.കെ അശ്‌റഫ്

2025 ജനുവരി 11, 1446 റജബ് 11

പുതുവർഷത്തിൽ വിദ്യാഭ്യാസ വകുപ്പ് പുതിയ ചില തീരുമാനങ്ങൾ എടുത്തിരിക്കുന്നു. നല്ല കാര്യം! സ്‌കൂളിലെ പഠനയാത്രകൾ പണമില്ലാത്ത കുട്ടികൾക്ക് കൂടി പങ്കെടുക്കാനാകുന്നവിധം സംഘടിപ്പിക്കണമെന്നതാണ് പ്രധാന തീരുമാനം. പഠനയാത്രകൾക്ക് വലിയ തുക ഈടാക്കരുത്, എല്ലാ കുട്ടികൾക്കും നൽകാനാകുന്ന തുക നിശ്ചയിക്കണം, സാമ്പത്തിക ബുദ്ധിമുട്ട് കാരണം പണം തരാനാകാത്ത ഒരു കുട്ടിയെയും മാറ്റി നിർത്തരുത് തുടങ്ങിയവയാണ് മറ്റു ചില നിർദേശങ്ങൾ.

ഈ നിർദേശങ്ങൾ നടപ്പിലാകണമെങ്കിൽ ചില കാര്യങ്ങൾക്ക് കൂടി വ്യക്തത അനിവാര്യമാണ്. എൽ.പി, യു.പി വിദ്യാർഥികൾക്ക് ദീർഘദൂര യാത്രകൾ ഒഴിവാക്കണം. ഒരു ദിവസത്തിൽ പോയി വരാൻ കഴിയുന്നതാകണം അവരുടെ യാത്രകൾ. നിശ്ചിത കിലോമീറ്റർ യാത്രാപരിധി സർക്കാർ തന്നെ വെക്കണം. മുതിർന്ന വിദ്യാർഥികളുടെതാണെങ്കിലും കൂടുതൽ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന യാത്രകൾ വേണ്ടതില്ല.

പരമാവധി തൊട്ടടുത്തുള്ള ചരിത്ര പ്രാധാന്യവും പ്രകൃതി വൈവിധ്യങ്ങളും കാർഷിക-വിദ്യാഭ്യാസ-വ്യവസായ-സാങ്കേതിക സവിശേഷതകളുമുള്ള ഇടങ്ങൾക്ക് പ്രാധാന്യം നൽകണം. കുട്ടികൾക്ക് പ്രാദേശികമായി നല്ല ബന്ധങ്ങൾ ഉണ്ടാക്കാനും ചെറുകിട കച്ചവടക്കാരുടെ പുനരുദ്ധാരണത്തിനുമെല്ലാം ഇത് സഹായകമാകും.

‘പഠനയാത്ര’ എന്ന് വിശേഷിപ്പിക്കുകയും കൃത്രിമമായി കെട്ടിയുയർത്തിയ കച്ചവട ടൂറിസത്തിന്റെ വായിലേക്ക് സ്‌കൂൾ വിദ്യാർഥികളെ എറിഞ്ഞുകൊടുക്കുകയും ചെയ്യുന്ന വിനോദയാത്രാ സംസ്‌കാരം അവസാനിപ്പിക്കണം. മറ്റു നാടുകൾ കേരളത്തിന്റെ പച്ചപ്പും ഹരിതാഭവും അവിടെ എങ്ങനെ നിലനിർത്താം എന്ന് ചിന്തിക്കുമ്പോൾ, നാം ഈ തനിമയെ അവഗണിച്ച് കൃത്രിമത്വത്തിന്റെ പിറകെ പായുന്നത് ഒട്ടും ശരിയല്ല. മുൻകാലങ്ങളിൽ പഠനവും വിനോദവും സമ്മിശ്രമായി ചേർത്തുവച്ചുകൊണ്ടുള്ള യാത്രകളാണു ണ്ടായിരുന്നത്. എന്നാൽ, ഇന്ന് എല്ലാം കമ്പോളവത്കരിക്കപ്പെട്ടിരിക്കുന്നു.

സ്‌കൂൾ ടൂറുകളിലാണ് പല വിദ്യാർഥികളും ആദ്യമായി ലഹരി ഉപയോഗിച്ചു തുടങ്ങുന്നത് എന്നതും പല ടൂറുകളുമാണ് പ്രണയക്കെണികളിൽ പെൺകുട്ടികൾ അകപ്പെടാൻ കാരണമാകുന്നത് എന്നതും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.

രക്ഷിതാക്കൾ കുട്ടികളെ ടൂർ പോകാൻ സമ്മതിക്കാത്തതിനാലുണ്ടായ ചില ആത്മഹത്യകളുടെ വാർത്തകളും നാം ഈയിടെ കണ്ടു. പല രക്ഷിതാക്കളും തങ്ങളുടെ കുട്ടികളെ ഇത്തരം ടൂറുകൾക്ക് പോകാൻ സമ്മതിക്കാത്തത് ടൂറിന്റെ പേരിൽ നടക്കുന്ന ആഭാസങ്ങളിൽ തന്റെ കുട്ടിയും പെട്ടുപോകുമോ എന്ന ഭയത്താലായിരിക്കും. വാട്ടർ തീം പാർക്കുകളിലും മറ്റും പോകുമ്പോഴുള്ള വസ്ത്രധാരണ രീതിയും ഇടപെടലുകളും പല രക്ഷിതാക്കൾക്കും ഉൾകൊള്ളാൻ പ്രയാസമുണ്ട്. അവിടെ മാതൃകകളാവേണ്ട ടീച്ചേഴ്‌സിന്റെ സമീപനവും മറ്റും ചർച്ച ചെയ്യപ്പെടേണ്ടതാണ്.

ഏതെങ്കിലും ഒരു സ്‌കൂൾ മാത്രം തീരുമാനിച്ചാൽ മാറ്റാൻ കഴിയുന്ന ഒന്നല്ല ഈ പുതിയകാല ടൂർ സംസ്‌കാരം. അങ്ങനെ ചെയ്താൽ അവർ ഒറ്റപ്പെടുകയും സ്വാഭാവികമായും അടുത്ത അധ്യയന വർഷത്തിൽ തൊട്ടടുത്ത സ്‌കൂളുകളെ അനുകരിക്കാൻ നിർബന്ധിതരാവുകയും ചെയ്യും. സർക്കാർ പൊതുവായ മാനദണ്ഡം വെച്ചാൽ മാത്രമെ ഈ പ്രശ്‌നം പരിഹരിക്കാനാവൂ.

നിയമം നിഷ്‌കർഷിക്കുന്നതെല്ലാം പാലിച്ചുകൊണ്ട് നടത്തുന്ന ഒരു സ്‌കൂൾ ടൂറിന് ഏകദേശം ഒന്നോ രണ്ടോ മാസങ്ങൾക്ക് മുമ്പുതന്നെ സ്‌കൂൾ അധികൃതർ ഒരുങ്ങേണ്ടിവരും. എന്നാൽ നിയമങ്ങളിലെ നൂലാമാലകൾ കാരണം ഇതൊന്നും ചിട്ടയായി പാലിക്കപ്പെടാറില്ല എന്നതാണ് യാഥാർഥ്യം. ഈ വിഷയത്തിലും സർക്കാർ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.

ടൂറിസ്റ്റ് ബസ്സിൽ കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള മ്യൂസിക്കിന്റെ അകമ്പടിയോടെ മങ്ങിയ വെളിച്ചത്തിൽ മുതിർന്ന ആൺകുട്ടികളും പെൺകുട്ടികളും തിമിർത്താടുന്നതിന്റെ പേരായി മാറിയിരിക്കുന്നു ‘പഠന യാത്ര!’

പുറം കാഴ്ചകൾ അവർക്കാവശ്യമില്ല. പഠനാർഹമായ കാഴ്ചകൾ കാണേണ്ട സ്ഥലത്ത് എത്തിയാൽ തന്നെ വാഹനത്തിൽ നിന്ന് ഇറങ്ങാൻ പോലും മടി കാണിക്കുന്ന കുട്ടികൾ വിരളമല്ല. കൂടുതൽ സമയവും മൊബൈലിൽ തലപൂഴ്ത്തിയിരിക്കുന്നവരെയാണ് കാണാനാവുക. ഇതിനെയെല്ലാം ചോദ്യം ചെയ്താൽ അത് ‘തന്തവൈബാ’ണെന്ന പരിഹാസവും വരും. അങ്ങനെയെങ്കിൽ കുട്ടികളെ ബസ്സിൽ കയറ്റി ദൂരേക്ക് കൊണ്ടുപോകുന്നത് എന്തിനാണ്? എവിടെയെങ്കിലും നിർത്തിയിട്ട് ചാടിക്കളിക്കാൻ ലൈറ്റ് ഓഫ് ചെയ്ത് മ്യൂസിക് ഇട്ടു കൊടുത്താൽ പോരേ? നൈറ്റ് ക്ലബ്ബുകൾക്ക് കാവൽ നിൽക്കാനാണോ അധ്യാപകർ കൂടെ പോകുന്നത്?

ചില ഏഷ്യൻ രാജ്യങ്ങളിൽ-അവരുടെ പല കാര്യങ്ങളോടും നമുക്ക് വിയോജിപ്പുണ്ടെങ്കിലും- വ്യക്തിഗത മര്യാദ, സാമൂഹിക മര്യാദ, അച്ചടക്കം, സംസ്‌കാരം തുടങ്ങിയവയ്ക്ക് സ്‌കൂളിൽ നടപ്പിലാക്കുന്ന ഓരോ പഠനപ്രവർത്തനത്തിലും കാണിക്കുന്ന സൂക്ഷ്മതയും ഒരുക്കവും ഉൾക്കാഴ്ചയും നമ്മുടെ സ്‌കൂളുകൾക്കും മാതൃകയാക്കാവുന്നതാണ്. കുട്ടികളെ മര്യാദകളും ചിട്ടകളും സംസ്‌കാരവും പഠിപ്പിക്കേണ്ട ഇത്തരം യാത്രകൾ, താത്കാലികമായി എല്ലാം പൊട്ടിച്ചെറിഞ്ഞ് ആഘോഷം എന്ന പേരിലുള്ള അർമാദത്തിമർപ്പിന് വഴിയൊരുക്കുന്നത് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തിനുതന്നെ എതിരാണ്.

ടൂർ യാത്രക്കു മുമ്പുതന്നെ ആ യാത്രയിലൂടെ കുട്ടികൾ നേടിയെടുക്കേണ്ട ലക്ഷ്യങ്ങളെ കുറിച്ച് അധ്യാപകർ ചർച്ച ചെയ്യുന്നത് അലക്ഷ്യമായ പഠനയാത്രകൾ ഒഴിവാക്കാൻ സഹായിക്കും. ഇത്തരം സിസ്റ്റങ്ങൾ യൂറോപ്പിലെ സ്‌കൂൾ ടൂറുകളുടെ പ്രോട്ടോക്കോളുകളിൽ കാണാൻ സാധിക്കും.

സ്‌കൂൾ ടൂറുകൾക്ക് പുറമെ കുട്ടികൾ സ്വയം പ്ലാൻ ചെയ്തു പോകുന്ന യാത്രകളും വർധിക്കുന്നുണ്ട്. ഈ വിഷയത്തിൽ രക്ഷിതാക്കൾ അതീവ ജാഗ്രത പുലർത്തണം. പക്വതയെത്താത്ത പ്രായത്തിൽ ഉത്തരവാദിത്തമോ മേൽനോട്ടമോ ഇല്ലാത്ത യാത്രകൾ പലവിധ അപകടങ്ങൾക്കും നിമിത്തമാകുമെന്ന തിൽ സംശയമില്ല.

പഠനയാത്രയുടെ കാഴ്ചപ്പാടിൽതന്നെ പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് ചുരുക്കം. അതിന് കൂടി വിദ്യാഭ്യാസ വകുപ്പ് മുൻകൈയെടുക്കണമെന്ന് അഭ്യർഥിക്കുന്നു.

ഇതേ സർക്കുലറിൽ വന്ന മറ്റൊരു വിഷയവും നാം ഒരുപാടാവർത്തി ആവശ്യപ്പെട്ടതും തീർത്തും അനിവാര്യമായതുമാണ്. വലിയ സാമ്പത്തിക ബാധ്യതകൾ ഉണ്ടാക്കുന്ന, സ്‌കൂളിലെ വിദ്യാർഥികളുടെയോ ജീവനക്കാരുടെയോ ജന്മദിനംപോലുള്ള വ്യക്തിഗത ആഘോഷങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കണം. ഇത്തരം പരിപാടികളിൽ സമ്മാനങ്ങൾ കൊണ്ടുവരാൻ കുട്ടികളെ നിർബന്ധിക്കുന്നതും കൊണ്ടു വരാൻ കഴിയാത്ത കുട്ടികളെ വേർതിരിച്ചു കാണുന്നതുമായ പ്രവണതയുണ്ടെന്നും അവ ഒരിക്കലും ഉണ്ടാകാവതല്ല എന്നും സർക്കുലറിൽ പറയുന്നു. ഇതോടൊപ്പം ചേർത്ത് വായിക്കേണ്ട ചില കാര്യങ്ങൾ കൂടി സൂചിപ്പിക്കാം:

യഥാർഥത്തിൽ ജന്മദിനാഘോഷങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല ഇത്. കുട്ടികൾ അധ്യാപകർക്ക് സ്‌നേഹപൂർവം നൽകുന്ന ഫോട്ടോ ഫ്രെയിമുകളും ഡ്രസ്സും വാച്ചും പോലുള്ള സർപ്രൈസ് ഗിഫ്റ്റുകളും ക്രിസ്മസ് ഫ്രണ്ട്, ന്യൂ ഇയർ ഫ്രണ്ട് പോലുള്ളവയും പുതിയ കീഴ്‌വഴക്കങ്ങളാണ് സൃഷ്ടിക്കുന്നത്. അതിൽ ഭാഗബാക്കാവാത്തവർ ഒറ്റപ്പെടുന്ന സാഹചര്യവുമുണ്ട്.

റീലുകൾക്കും ഷോർട്‌സുകൾക്കും വേണ്ടി ഗിഫ്റ്റുകൾ കൈമാറുന്ന, അത് ക്ലാസ്സ് ഗ്രൂപ്പുകളിലും മറ്റും ഫോർവേഡ് ചെയ്ത് ആഘോഷിക്കുന്ന പ്രവണതയും പ്രോത്സാഹിപ്പിക്കാവതല്ല. ഒരുപക്ഷേ, സമ്മാനം എത്ര ചെറുതാണെങ്കിലും അത് നൽകാൻ കഴിയാത്ത വിദ്യാർഥികൾക്ക് ഇത്തരം വീഡിയോകൾ കാണുമ്പോൾ ഉണ്ടാവുന്ന മനഃപ്രയാസങ്ങളാണ് ആത്മഹത്യയിലേക്കും മറ്റും അവരെ എത്തിക്കുന്ന കാര്യങ്ങളിൽ ഒന്ന്.

വർഷാവസാനം നടക്കാനിരിക്കുന്ന സെന്റ് ഓഫുകൾക്കും ‘ഫെയർ വെൽ’പാർട്ടികൾക്കും കൂട്ടി കൃത്യമായ നിയന്ത്രണം കൊണ്ടുവരാനും അനാവശ്യമായ ഒരു പുതിയ സംസ്‌കാരവും ട്രെൻഡാണ് എന്ന പേരിൽ നമ്മുടെ സ്‌കൂളിൽ നടത്താൻ അനുവദിക്കില്ല എന്ന് പറയാനുള്ള ആർജവം അധ്യാപകരും പിടിഎ സമിതികളും കാണിക്കണം. സ്‌കൂൾ ടൂറിന്റെയും ജന്മദിന സമ്മാനങ്ങളുടെയും വിഷയത്തിൽ സർക്കാർ മാതൃക കാണിച്ചതുപോലെ, ഇതിനുകൂടെ കൃത്യമായ ഒരു മാർഗരേഖ പുറത്തുവിടണം.

എന്തും ഏതും അടിച്ചുപൊളിച്ച് അർമാദിച്ച്, അതിരുകളും അരുതുകളുമില്ലാതെ ആസ്വദിച്ച് തീർക്കണമെന്ന പുതിയ തലമുറയുടെ ചിന്തയെ, അതിനെല്ലാം നല്ല ബദൽ കാണിച്ചുകൊടുത്തുകൊണ്ട് മാറ്റിയെടുക്കാൻ സാധിക്കണം. ഈ സർക്കുലറിൽ പ്രതിപാദിച്ചിട്ടുള്ള ഓരോ നിർദേശവും പഴുതുകളടച്ചുകൊണ്ട് തന്നെ നടപ്പിലാക്കാൻ സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.