കുട്ടികളോടുള്ള അതിക്രമങ്ങൾ; രക്ഷിതാക്കൾ ജാഗ്രത പാലിക്കുക

ഹന്ന മുഹമ്മദ്

2025 ജൂൺ 07, 1446 ദുൽഹിജ്ജ 10

കരളലിയിക്കുന്ന, നെഞ്ചിൽ നെരിപ്പോടുപോലെ നീറുന്ന വേദനകൾ സമ്മാനിക്കുന്ന വാർത്തകളാണ് നാം ദിനംപ്രതി കേൾക്കുന്നത്. അതിൽ ഏറെ വേദനിപ്പിക്കുന്ന വാർത്തകളാണ് കുഞ്ഞുങ്ങളോടുള്ള അതിക്രമങ്ങളെക്കുറിച്ചുള്ളത്. പേറ്റുനോവറിഞ്ഞ മാതാവിന്റെ കരങ്ങളാൽ കുഞ്ഞു പൈതൽ കൊല്ലപ്പെട്ട എത്രയെത്ര വാർത്തകൾ നാം കേട്ടു! ചിലർ മക്കളെ നാവുകൊണ്ടും കൈകൾകൊണ്ടും ഉപദ്രവമേൽപിക്കുന്നു. മറ്റു ചിലർ ലൈംഗികമായി ചൂഷണം ചെയ്യുന്നു. അതെ, പ്രതികരിക്കാൻ കഴിയാത്ത കുഞ്ഞുങ്ങളോടുള്ള നെറികേടിന്ന് അധികരിച്ചിരിക്കുന്നു. ചില നരാധമന്മാർ ആൺകുഞ്ഞായാലും പെൺകുഞ്ഞായാലും തങ്ങളുടെ ഇംഗിതത്തിന് അവരെ ഉപയോഗിച്ച് മൃഗീയമായി കൊല്ലുന്നു.

പല വീടകങ്ങളിലും സമാധാനത്തോടെ കിടന്നുറങ്ങിയ മക്കൾ ഉണരുമ്പോഴേക്കും സ്വന്തം പിതാവിനാലോ സഹോദരങ്ങളാലോ ബന്ധുക്കളാലോ പിച്ചിച്ചീന്തപ്പെടുന്നു. സന്തോഷത്തോടെ വിരുന്നു പോയ മക്കൾ തിരിച്ചു വരുന്നത് ജീവിതത്തിലൊരിക്കലും മനസ്സിൽനിന്നും മായ്ക്കാൻ പറ്റാത്ത മുറിപ്പാടുമായാണ്. അറിവു നേടാൻ പാഠശാലയിലേക്ക് പോയവർ അധ്യാപകരാലും സഹപാഠികളാലും ചൂഷണം ചെയ്യപ്പെടുന്നു. ഇതെല്ലാം ഒറ്റപ്പെട്ട സംഭവമാണ് എന്നു പറഞ്ഞ് ആശ്വസിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്.

തെറ്റു ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ നൽകാത്ത കാലത്തോളം ഇതിനെല്ലാം അറുതിയുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെട്ട് സസുഖം ജീവിക്കുന്ന ക്രിമിനലുകൾ രാജ്യത്ത് എമ്പാടുമുണ്ട്. അവരിലെ വന്യമൃഗം ഏതു സമയത്തും അക്രമാസക്തമായേക്കാം.

ഇസ്‌ലാമിക നിയമവ്യവസ്ഥയുള്ള നാടുകളിലെ ശിക്ഷകളെ കഠിനമെന്നും പ്രാകൃതമെന്നും മുദ്രകുത്തുന്നവർ അവിടങ്ങളിലെ ഭരണകൂടം ജനങ്ങൾക്ക് നൽകുന്ന സുരക്ഷയെക്കുറിച്ച് മനസ്സിലാക്കാത്തവരാണ്. കുറ്റം ചെയ്തതായി തെളിഞ്ഞാൽ കുറ്റവാളിക്ക് ശിക്ഷ ലഭിച്ചിരിക്കും. ‘നമ്മുടെ ആളാണ്, ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചേർത്ത് കേസെടുത്താൽ മതി’ എന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറയുന്ന നേതാക്കളൊന്നും അവിടങ്ങളിൽ ഇല്ല.

കുഞ്ഞുങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾക്ക് കാരണം പലതാണ്. പങ്കാളിയിൽനിന്നും ലൈംഗിക വികാരം തീർക്കാൻ കഴിയാത്തവരുടെ എടുത്തുചാട്ടമായിരിക്കാം, പോൺ വീഡിയോകൾ കാണുന്നതിനാലാകാം, മുതിർന്ന സ്ത്രീകളെക്കാൾ കുഞ്ഞുങ്ങളോട് ലൈംഗിക താൽപര്യം തോന്നുന്ന വൈകല്യമുള്ളതിനാലാകാം. കടുത്ത ശിക്ഷ കിട്ടുമെന്ന ഉറപ്പുണ്ടെങ്കിൽ ഇത്തരക്കാരുടെ ശല്യം പരമാവധി ഇല്ലാതാക്കാൻ സാധിക്കുമെന്നതിൽ സംശയമില്ല.

കൂട്ടുകുടുംബ വ്യവസ്ഥിതിയിലുള്ളവർ പ്രത്യേകിച്ചും കുഞ്ഞുങ്ങളെ നിരന്തരം ശ്രദ്ധിക്കുക. കാരണം, കുട്ടികളുടെ കൈകളിൽ ഇന്റർനെറ്റ് കണക്ഷനുള്ള മൊബൈൽ ഫോണുണ്ട്. അതിലൂടെ അവർ അറിയാതെ തന്നെ അശ്ലീലത രംഗങ്ങൾ കാണാനിടയാകും. അപ്പോൾ അതിൽ താൽപര്യം ജനിക്കും. ചൂഷണം ചെയ്യുന്നവരുടെ വലയിൽ അവർ പെട്ടെന്ന് അകപ്പെട്ടേക്കാം.

കുഞ്ഞുങ്ങൾ ദുരനുഭവമുണ്ടായത് പറയുമ്പോൾ അവഗണിക്കുന്നത് വലിയ ദുരന്തത്തിന് വഴിവെക്കും. ‘നിന്റെ തോന്നലാണ്, അവൻ അങ്ങനെയൊന്നും ചെയ്യില്ല, അങ്ങനെയൊന്നും ചിന്തിക്കാൻ പാടില്ല’ എന്നെല്ലാം പറഞ്ഞാൽ പിന്നെ കുട്ടികൾ ഒന്നും തുറന്നു പറയാൻ വരില്ല. ഒടുവിൽ തിക്തഫലം എല്ലാവരും അനുഭവിക്കേണ്ടിവരും. എന്തും രക്ഷിതാക്കളോട് തുറന്നു പറയുവാനുള്ള ധൈര്യം കൊടുക്കുക. പെൺകുഞ്ഞുങ്ങളെ ശ്രദ്ധിക്കുന്നത് പോലെത്തന്നെ ആൺമക്കളെയും ശ്രദ്ധിക്കേണ്ടതുണ്ട്.

നമ്മുടെ കരുതലുകൾക്ക് മീതെ റബ്ബിന്റെ കാവലുണ്ടാകണം. അതിനായി പ്രാർഥിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.