സൂംബാ ഡാൻസ് സ്‌കൂളിലെത്തുമ്പോൾ?
ടി.കെ അശ്‌റഫ്
2025 മെയ് 03, 1446 ദുൽഖഅദ് 05

പുതിയ അധ്യയന വർഷം മുതൽ വിദ്യാർഥികളും അധ്യാപകരും സ്‌കൂളിൽ സൂംബാ ഡാൻസ് ചെയ്യണമെന്ന നിർദേശം വിദ്യാഭ്യാസ വകുപ്പ് നൽകിയതായി വാർത്ത കണ്ടു. എല്ലാ ദിവസവും ക്ലാസ് തുടങ്ങുന്നതിനു മുമ്പ് മൂന്ന് മിനുട്ട് നേരവും ക്ലാസിലിരിക്കുന്നതിന്റെ പിരിമുറുക്കം ഇല്ലാതാവാൻ ഇടവേളകളിലുമാണ് ഡാൻസുണ്ടാവുക എന്ന് പറയപ്പെടുന്നു. കൗമാരക്കാർ ലഹരിക്ക് അടിമപ്പെടുന്നതിന് മാനസിക സമ്മർദം കാരണമാകുന്നുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയാണ് ഇത് നിർദേശിച്ചതത്രെ.
വെക്കേഷനിൽ അധ്യാപകർക്ക് ഇതിന്റെ ട്രൈനിംഗും നൽകാൻ തീരുമാനിച്ചിട്ടുണ്ട്. അധികം ആലോചിക്കാതെ നൽകിയ ഒരു നിർദേശമാണിതെന്ന കാര്യത്തിൽ തർക്കമില്ല. ഇക്കാര്യത്തിൽ ഒരു വീണ്ടുവിചാരം അനിവാര്യമാണെന്ന് തോന്നുന്നു.
രണ്ട് കാര്യങ്ങൾ പ്രാഥമികമായി നാം മനസ്സിലാക്കണം. ലഹരിയടക്കം പുതുതലമുറ അനുഭവിക്കുന്നു എന്ന് പറയുന്ന പ്രശ്‌നങ്ങളുടെ അളവിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, ഇത്തരം പ്രശ്‌നങ്ങൾ ശാസ്ത്രീയമായും സാമൂഹികമായും പഠന മനനങ്ങൾക്ക് മുൻകാലത്ത് തന്നെ വിധേയമായിട്ടുണ്ട്. അതോടൊപ്പം, നാം നിർദേശിക്കുന്ന ഇത്തരം പ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങൾ അതിന്റെ കാരണങ്ങളെ (Root Cause)യാണ് അഡ്രസ്സ് ചെയ്യേണ്ടത്. ഇവിടെയാണ്, ഒട്ടും ആഴങ്ങളിലേക്കിറങ്ങാത്ത ഇത്തരം പ്രഹസനങ്ങൾ നാം ചർച്ച ചെയ്യേണ്ടത്.
ഒരു ഭാഗത്ത് ഹൈസ്‌കൂൾ വിദ്യാർഥികൾ സകല സീമകളും ലംഘിച്ച് ഡി.ജെ പാർട്ടികളിലും മറ്റു ആഘോഷങ്ങളിലും അഭിരമിക്കുന്ന ഈ കാലത്ത് പിരിമുറുക്കം കുറക്കാനെന്ന പേരിൽ സ്‌കൂളുകളിൽ സൂംബാ ഡാൻസിന് വേദിയൊരുക്കുന്നത് ഗുണത്തെക്കാളേറെ ദോഷമാണ് വിളിച്ചുവരുത്തുക. താമരശ്ശേരിയിലെ ഹൈസ്‌കൂൾ വിദ്യാർഥിയുടെ മരണവും കുസാറ്റ് കൊച്ചിൻ ക്യാമ്പസിൽ ഉണ്ടായ നിശാ പാർട്ടിയിലെ അപകടവും കാതടപ്പിക്കുന്ന മ്യൂസിക്കിന്റെ ആരവത്തിൽ നിറഞ്ഞാടാൻ മുൻകാലത്തെ അപേക്ഷിച്ച് പുതുതലമുറ അനവധി അവസരങ്ങൾ ബോധപൂർവം ഉണ്ടാക്കുന്നതിനെയാണ് വ്യക്തമാക്കുന്നത്.
കുട്ടികളുടെ മാനസിക പിരിമുറുക്കങ്ങളുടെ കാരണം ഉല്ലാസങ്ങളുടെ കുറവല്ല, മറിച്ച് ഇത്തരം തെറ്റായ, ക്രിയാത്മകമല്ലാത്ത, നൈമിഷികമായ സന്തോഷം (Instant Gratification) മാത്രം നൽകുന്ന കാര്യങ്ങളിലുണ്ടാവുന്ന അഡിക്ഷനാണെന്ന് നാം തിരിച്ചറിയണം. വ്യക്തി ബന്ധങ്ങളിലും ആശയ വിനിമയത്തിലുമുണ്ടായിട്ടുള്ള വിടവും ഇതിന് കാരണമാകുന്നു. ഇതിനെ അഡ്രസ്സ് ചെയ്യാൻ, ലോകത്ത് ഇരുവരെ ഒരു രാജ്യവും ഒരു മേഖലയിലും പ്രായോഗികമായി നടത്തിയിട്ടില്ലാത്ത, യു.എൻ ഡ്രഗ്‌സ് & ക്രൈംസ് അന്താരാഷ്ട്ര തലത്തിൽ തന്നെ പരിഹാര മാനദണ്ഡങ്ങൾ പുറത്തു വിട്ടപ്പോൾ പോലും പരിഗണിക്കാത്ത ഒരു രീതി കൊണ്ടുവരുന്നത് അത്യന്തം പ്രഹസനമാണ്.
1990ന് ഒടുവിലാണ് സൂംബാ ഡാൻസ് എന്ന ഒരു രീതി വരുന്നത്. 2001ൽ ഇത് വ്യാപകമായി. ഇതിനുശേഷമാണ് ലോകത്ത് രാസലഹരി വ്യാപകമായതെന്ന കാര്യവും നാം ചേർത്ത് ചിന്തിക്കണം. ലോകത്ത് എവിടെയും ലഹരിയിലേക്ക് പോകാതിരിക്കാൻ ഡാൻസ് പ്രൊമോട്ട് ചെയ്യുന്നത് നമുക്ക് കാണാനാവില്ല.
വിദ്യാലയങ്ങളിലും മറ്റും ശാന്തമായി നടന്നിരുന്ന പല ആഘോഷ പരിപാടികളും ആൺ-പെൺ കൂടിക്കലരലുകളും പരിസരം മറന്ന് തിമിർത്താടാനുള്ള ഇടങ്ങളുമായി മാറുന്ന അവസ്ഥയാണ് നാം കാണുന്നത്. ഇൻസ്റ്റാഗ്രാം റീൽസും ഷോർട്സും കണ്ട് വിവാഹ ആഘോഷങ്ങൾ, സെന്റോഫുകൾ, ടൂറുകൾ, വാർഷികങ്ങൾ... തുടങ്ങി എല്ലാ പരിപാടികളിലും കാതടപ്പിക്കുന്ന സംഗീതത്തോടൊപ്പമുള്ള ഡാൻസിനെയും ഉൾചേർക്കുന്ന പ്രവണതയും പുതുതലമുറയിൽ കാണാം. പലപ്പോഴും ഇവയെല്ലാം ഒടുവിൽ എത്തിച്ചേരുന്ന ചെറുതും വലുതുമായ ഡി.ജെ പാർട്ടികൾ ലഹരിയുടെ പ്രാഥമിക സ്രോതസ്സുകളായി മാറുന്നതിനിടയിലാണ് ഇത്തരം വിചിത്രമായ പ്രതിരോധ മാർഗങ്ങളുമായി സർക്കാർ മുന്നോട്ട് വരുന്നത്.
ഇതിലൂടെ കൗമാരക്കാരുടെ പിരിമുറുക്കം കുറയുകയല്ല വർധിക്കുകയാണ് ചെയ്യുക. ഒരുഭാഗത്ത് സർക്കാർ തന്നെ നൈറ്റ്‌ലൈഫും മറ്റും പ്രോത്സാഹിപ്പിക്കുന്നു; മറുവശത്ത് അവിടെയുണ്ടാവുന്ന അടിപിടിയും ലഹരി റാക്കറ്റും പെൺവാണിഭങ്ങളും പിടികൂടുന്നു. അത് പോലെ ദീർഘവീക്ഷണമോ പഠനമോ നടത്താതെയുള്ള നിർദേശങ്ങളാണ് ഇവ.
കുട്ടികളുടെ മാനസിക, ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തലും അധ്യാപക വിദ്യാർഥി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കലുമാണ് സൂംബാ ഡാൻസിന്റെ ലക്ഷ്യമെങ്കിൽ, അതിന് സ്‌കൂളുകളിൽ നിലവിലുള്ള കലാകായിക വിദ്യാഭ്യാസവും അതിന്റെ ഭാഗമായുള്ള ഡ്രില്ലുകളും എക്‌സർസൈസുകളും മാസ്സ് പി.ഇ.ടിയും കാര്യക്ഷമമാക്കിയാൽ മതിയാകുമല്ലോ.
സർക്കാരാകട്ടെ, ഈ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല എന്നതാണ് യാഥാർഥ്യം. പാഠ്യപദ്ധതിയും തിയറി, പ്രാക്ടിക്കൽ പരീക്ഷകളും ഉള്ള ആരോഗ്യ-കായിക വിദ്യാഭ്യാസം പഠിപ്പിക്കാൻ 86% UPSലും 45% HSലും 10% LP, HSS, VHSEലും കായികാധ്യാപകന്മാരെ ഇപ്പോഴും നിയമിച്ചിട്ടില്ലെന്ന കാര്യം നാം മനസ്സിലാക്കണം! കലാകായിക വിദ്യാഭ്യാസവും അതിന്റെ പരീക്ഷകളും മൂല്യനിർണയവും അധ്യാപകർക്കിടയിൽ പരസ്പരം തട്ടിക്കളിക്കുന്ന ഒരു അനാഥക്കുട്ടിയെ പോലെയാണ് ഇന്നുള്ളത്. ഇക്കാര്യത്തിലെല്ലാം ഇടപെട്ട് ശരിയായ പരിഹാരം ഉണ്ടാക്കാതെ, കേവലം പൊടിക്കൈകൾ കൊണ്ട് പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുകയില്ല.
മാത്രവുമല്ല; ഡിസിപ്ലിൻ ഇപ്പോൾതന്നെ സ്‌കൂളുകളിൽ ഒരു വലിയ പ്രശ്‌നമാണ്. ഡാൻസ് കൂടി വരുന്നതോടെ ഏത് സമയവും അതിന്റെ പ്രാക്ടീസും മൊബൈൽ ഫോൺ കൊണ്ടുവന്ന് വിവിധ നൃത്തങ്ങൾ അനുകരിച്ച് അഭ്യസിക്കലുമാകും പ്രധാന പരിപാടി. ഡാൻസ് ചെയ്യാൻ അവസരം കാത്തിരിക്കുന്ന ന്യൂജനറേഷൻ അധ്യാപകരിൽ ഒരു വിഭാഗം ഗവൺമെന്റിന്റെ ഈ നിർദേശത്തെ ആവേശപൂർവം സ്വീകരിച്ചേക്കാമെങ്കിലും, തന്റെ മേനിയഴകും കായികാഭ്യാസവും പൊതുഇടങ്ങളിൽ പ്രദർശിപ്പിക്കാൻ ഇഷ്ടപ്പെടാത്ത വലിയൊരു വിഭാഗം അധ്യാപകരും അത്തരം ചിന്താഗതിയുള്ള കുട്ടികളും ഇതിന്റെ പേരിലായിരിക്കും ഇനി മാനസിക സംഘർഷത്തിലേക്ക് തള്ളിവിടപ്പെടുക.
ലഹരി വ്യാപനത്തിന്റെയും അടിപിടിയുടെയും ആഘോഷത്വരയുടെയും മറ്റും പേരിൽ പൊതുവിദ്യാലയങ്ങളിൽ നിന്ന് അകന്നുകൊണ്ടിരിക്കുന്ന വിദ്യാർഥികളെ കൂടുതൽ അകറ്റുകയാണ് ഇതിലൂടെ സംഭവിക്കുക. അതിനാൽ സർക്കാർ ഇക്കാര്യത്തിൽ ഒരു വീണ്ടുവിചാരം നടത്തണമെന്നും ഇതിന്റെ എല്ലാ വശങ്ങളും കൃത്യമായി പഠനവിധേയമാക്കണമെന്നും അഭ്യർഥിക്കുന്നു.

