മാറണം സമരരീതികൾ
നബീൽ പയ്യോളി
2025 ആഗസ്റ്റ് 23, 1447 സഫർ 29

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിപക്ഷ തൊഴിലാളി സംഘടനകൾ നടത്തിയ പണിമുടക്ക് സമരം കേരളത്തിൽ ഹർത്താലിനെ ഓർമിപ്പിക്കും വിധമായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ പതിവുപോലെ സമ്മിശ്ര പ്രതികരണമാണ് സമരത്തിന് ലഭിച്ചത്. കാലത്തിനനുസരിച്ച് പ്രതിഷേധങ്ങളുടെ രീതിയിലും മാറ്റങ്ങൾ അനിവാര്യമാണ്. പണി മുടക്കുക എന്നത് ഇന്നത്തെ കാലത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നു എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ശരവേഗത്തിൽ കുതിക്കുന്ന സമയത്തെ പഴിപറയുന്ന ആധുനിക കാലത്ത് ഫലപ്രദമായ മറ്റു സമരമാർഗങ്ങൾ ആവിഷ്‌കരിക്കുകയാണ് വേണ്ടത്. ഡിജിറ്റൽ യുഗത്തിൽ ലോകം ചെറുതായെങ്കിലും സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വലിയതോതിൽ വർധിച്ചിരിക്കുന്നു എന്ന വസ്തുത ചുറ്റുപാടുകളിൽ കണ്ണോടിക്കുന്നവർക്ക് ബോധ്യമാവും.
അന്നന്നത്തെ അന്നത്തിനു വേണ്ടി അദ്ധ്വാനിക്കുന്നവരാണ് ഭൂരിപക്ഷം വരുന്ന ജനങ്ങൾ. അവരുടെ ജോലി തടസ്സപ്പെടും വിധം സമരങ്ങൾ ഉണ്ടാവുന്നത് വലിയൊരു വിഭാഗം ജനനതയുടെ ജീവിതത്തെ സാരമായി ബാധിക്കും. ദിനേന തൊഴിൽ ചെയ്തു ജീവിതച്ചെലവ് കണ്ടെത്തുന്നവർ എല്ലാ പാർട്ടികളിലുമുണ്ട്. അവരെ പ്രതിസന്ധിയിലാക്കുന്ന സമരങ്ങൾ സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ചേർത്തുനിർത്താനുള്ള ശ്രമങ്ങൾക്ക് മങ്ങലേൽപിക്കും. അത്തരം ശ്രമങ്ങൾ സമരങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലേക്ക് എത്തിച്ചേക്കാം. അതിനപ്പുറം സാധാരണക്കാർക്ക് കൂടി മനസികമായെങ്കിലും പൊരുത്തപ്പെടാൻ സാധ്യമാവുന്ന വിധത്തിൽ സമരങ്ങളെ മാറ്റാൻ കഴിയണം. നിത്യജീവിതത്തെ പ്രതിസന്ധിയിലാക്കും വിധം ജനവിരുദ്ധ നയങ്ങൾകൊണ്ട് വീർപ്പുമുട്ടിക്കുന്ന സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങൾ അതേ ജനങ്ങൾക്ക് പ്രയാസകരമായി രൂപത്തിൽ ആയിക്കൂടാ.
കേരളത്തിലെ തെരുവോരങ്ങളിൽ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കും വിധം ഹർത്താൽ പ്രതീതി സൃഷ്ടിക്കുന്ന സമരമായി ദേശീയ പണിമുടക്ക് മാറി. വാഹനങ്ങൾ തടഞ്ഞും കേടുപാടുകൾ ഏൽപിച്ചുമെല്ലാം സമരാനുകൂലികൾ നടത്തിയ അരുതായ്മകൾ കാണേണ്ടി വന്നു. നിത്യവൃത്തിക്കായി തുറന്ന സ്ഥാപനങ്ങളും ജോലിക്കെത്തിയവരുമൊക്കെ ഈ അനീതിക്ക് പാത്രമായി. പലജോലിക്കാരെയും കയ്യേറ്റം ചെയ്യുന്ന സാഹചര്യം പോലുമുണ്ടായി.
തിരുവനതപുരത്ത് കേരള സർവകലാശാലയുടെ ആസ്ഥാനത്ത് ഗവർണറുടെ കാവിവൽക്കരണ നയങ്ങൾക്കെതിരെ നടന്ന സമരവും അക്രമാസക്തമാവുന്ന കാഴ്ചയാണ് കാണാനിടയായത്. ഗവർണർക്കെതിരെയുള്ള സമരം സർവകാലാശാലയിലെ വിദ്യാർഥികൾക്കും ജീവനക്കാർക്കുമെതിരെയുള്ള അക്രമങ്ങളിലേക്കും മറ്റും കടക്കുന്ന സാഹചര്യം ലക്ഷ്യം മറന്നുള്ള പ്രതിഷേധമായി മാറിപ്പോയി. ബിജെപിയുടെ ഭരണമില്ലാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് ഭരണ പ്രതിസന്ധി സൃഷ്ടിക്കാൻ സംഘപരിവാർ ശ്രമങ്ങൾ തുടങ്ങിയിട്ട് കാലമേറെയായി. അതിനെതിരിൽ കേരളത്തിന്റെ പൊതുവികാരം പലവുരു ഉയർന്ന താണ്. ഇനിയും ഉയരണം. എന്നാൽ ഗവർണർക്കെതിരെയുള്ള പ്രതിഷേധത്തിന്റെ മറവിൽ മറ്റുള്ളവർ അക്രമിക്കപ്പെടാനോ പ്രയാസപ്പെടാനോ ഉള്ള സാഹചര്യം അഭികാമ്യമല്ല. നിരപരാധികളെ പ്രയാസപ്പെടുത്തുന്നത് ന്യായീകരിക്കാവതല്ല.
പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. പ്രതിഷേധിക്കുന്നവരെ ഭരണകൂടം കണ്ണുരുട്ടി പേടിപ്പിക്കുകയും പ്രതികാര നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്ന നിലപാടുകൾ പലപ്പോഴും നമ്മൾ കണ്ടതാണ്. അത് ഒരിക്കലും അംഗീകരിക്കാൻ ജനാധിപത്യ ബോധമുള്ള സമൂഹം തയ്യാറായിട്ടില്ല.
സാമൂഹിക മാധ്യമങ്ങളിലെ പ്രതിഷേധങ്ങളടക്കം ജനങ്ങളും ഭരണകൂടവും ഒരേപോലെ ശ്രദ്ധിക്കുന്ന. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കും അവരുടെ ദേഹത്തിനും പോറലേൽപിക്കാത്ത ശക്തമായ ജനമുന്നേറ്റമായി പ്രതിഷേധങ്ങൾ മാറേണ്ടതുണ്ട്. കാലാനുസൃതമായ മാറ്റം പുതുതലമുറയും പഴയ തലമുറയും ഒരേപോലെ പുനർവിചിന്തനം നടത്തി ആവിഷ്‌കരിച്ച് നടപ്പിലാക്കണം. ആർക്കെതിരെയാണോ സമരം നടത്തു ന്നത്, അവരുടെ ശ്രദ്ധ ലഭിക്കും വിധം പ്രതിഷേധിക്കണം. അവർ പ്രതിഷേധത്തിന്റെ ആഴവും പരപ്പും അറിയണം. എന്നാൽ ജനജീവിതത്തെ അത് പ്രതികൂലമായി ബാധിക്കരുത്. അങ്ങനെയുള്ള സമരമുറകളാണ് ആസൂത്രണം ചെയ്യേണ്ടത്. ജനജീവിതത്തെ സാരമായി ബാധിക്കാത്ത, സാധാരണക്കാരെ ഒപ്പം നിറുത്തിയുള്ള നീതിക്കായുള്ള സമരപോരാട്ടങ്ങൾ ജനാധിപത്യത്തെ ജീവസുറ്റതാക്കും, തീർച്ച.
