അനുസരണക്കേടിന്റെ ആഘോഷം
അബൂമുർശിദ
2025 ആഗസ്റ്റ് 30, 1447 റബീഉൽ അവ്വൽ 06

വർഷത്തിലൊരിക്കൽ മീലാദുന്നബി ആഘോഷിച്ചാൽ യഥാർഥ പ്രവാചക സ്‌നേഹമായി എന്ന് വിശ്വസിക്കുന്നവരാണ് സമുദായത്തിലെ നല്ലൊരു ശതമാനവും! അതിന് മതത്തിൽ തെളിവുണ്ടോ ഇല്ലേ എന്ന ചർച്ച പോലും അവർക്ക് അസഹനീയമാണ്. തെളിവുണ്ടോ ഇല്ലേ എന്ന് അന്വേഷിക്കുന്നത് പോലും പ്രവാചകനിന്ദയാണ് എന്ന് സാധാരണക്കാരെ വിശ്വസിപ്പിച്ചാൽ പിന്നെ അതിനെതിരായി എന്ത് തെളിവ് നൽകിയാലും ഫലമുണ്ടാകില്ലല്ലോ! അത് കേൾക്കാനും അവർ മനസ്സു കാണിക്കില്ല.
സൗദി അറേബ്യ പോലും നബിദിനാഘോഷത്തിനായി തയ്യാറെടുത്തുകൊണ്ടിരിക്കുന്നു എന്ന വ്യാജവാർത്ത ഈ വർഷം ഇവർ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ നബിദിനം ആഘോഷിക്കുന്നു. കേരളത്തിലെ മുജാഹിദുകൾ മാത്രമാണ് അത് പാടില്ലെന്നു പറയുന്നത് എന്നാണ് ഇപ്പോൾ സാധാരണക്കാർ ഈ വിഷയം സംസാരിക്കുമ്പോൾ പറയുന്നത്! അതിന് തെളിവെന്നോണം വാട്‌സാപ്പ് വഴി വിവിധ രാജ്യങ്ങളിൽ മീലാദുന്നബി ആഘോഷിക്കുന്നതിന്റെ വീഡിയോ ക്ലിപ്പുകളും പ്രചരിപ്പിക്കുന്നുണ്ട്!
ഇസ്‌ലാമിൽ ഒരു കാര്യം ഇബാദത്താകുന്നത് അത് ലോകത്ത് ഏതൊക്കെ രാജ്യങ്ങളിൽ അനുഷ്ഠിക്കുന്നു എന്ന് നോക്കിയോ, ഭൂരിപക്ഷം ജനങ്ങളും ആചരിക്കുന്നുണ്ടോ എന്ന് നോക്കിയോ അല്ലല്ലോ! അത് പ്രമാണങ്ങൾ പഠിപ്പിക്കുന്നുണ്ടോ എന്നാണല്ലോ പരിശോധിക്കേണ്ടത്. എന്നാൽ ഇങ്ങനെ ചിന്തിക്കാൻ മതത്തെക്കുറിച്ച് അടിസ്ഥാനപരമായ വിവരം പോലുമില്ലാത്തവർക്ക് എങ്ങനെ കഴിയും?
ജനങ്ങളുടെ യാത്രക്ക് പ്രയാസം സൃഷ്ടിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും നടത്തുന്ന ഘോഷയാത്രയുടെ ഇസ്‌ലാമിക മാനമെന്താണ്? സ്ത്രീകൾ പള്ളിയിൽ പോയി നമസ്‌കരിക്കുന്നത് വലിയ ഫിത്‌നയായി കാണുന്നവർ മീലാദുന്നബിക്ക് നടക്കുന്ന സ്ത്രീ-പുരുഷ കൂടിക്കലരൽ കണ്ടില്ലെന്നു നടിക്കുന്നു. യുവാക്കൾ നടത്തുന്ന ആഭാസകരമായ ‘ചാടിക്കളി’യും മറ്റും കാണുമ്പോൾ പടച്ചവനേ, ഇതൊക്കെ ദീനിന്റെ പേരിലാണല്ലോ എന്ന് വേദനയോടെ പറഞ്ഞുപോകും.
അല്ലാഹുവിന്റെ റസൂലിന്റെ കൽപനാനിർദേശങ്ങൾക്ക് വിരുദ്ധമല്ലേ ഈ വഴിതടയലും അനുബന്ധ ചടങ്ങുകളും? അത്രമാത്രം പുണ്യകരമാണ് നബിദിനാഘോഷമെങ്കിൽ എന്തുകൊണ്ട് പ്രവാചകനും സ്വഹാബത്തും അത് നടപ്പിലാക്കിയില്ല? ‘അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്’ എന്ന് പ്രഖ്യാപിക്കുന്നവർക്ക് ആ പ്രവാചകനെ ധിക്കരിക്കുവാൻ അവകാശമുണ്ടോ? റസൂലിനെ ധിക്കരിക്കുന്നവൻ അല്ലാഹുവിനെ ധിക്കരിക്കുക കൂടിയല്ലേ ചെയ്യുന്നത്?
അല്ലാഹു പറയുന്നു: “തീർച്ചയായും നിന്നോട് പ്രതിജ്ഞ ചെയ്യുന്നവർ അല്ലാഹുവോട് തന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്...’’ (അൽഫത്ഹ്: 10). “(അല്ലാഹുവിന്റെ) ദൂതനെ ആർ അനുസരിക്കുന്നുവോ തീർച്ചയായും അവൻ അല്ലാഹുവെ അനുസരിച്ചു’’ (അന്നിസാഅ്: 80).
ഇമാം ബുഖാരിയും മുസ്‌ലിമും അബൂഹുറയ്‌റ(റ)യിൽ നിന്ന് ഉദ്ധരിക്കുന്നു. നബിﷺ പറഞ്ഞു: “ആരെങ്കിലും എന്നെ അനുസരിച്ചാൽ അവൻ അല്ലാഹുവിനെ അനുസരിച്ചു. ആരെങ്കിലും എന്നോട് അനുസരണക്കേട് കാണിച്ചാൽ അവൻ അല്ലാഹുവിനെയാണ് ധിക്കരിച്ചത്.’’
