മരണം തേടിയെത്തിയ 1206 എന്ന ‘ഭാഗ്യനമ്പർ’

ഡോ. ഷഹബാസ് കെ അബ്ബാസ്

2025 ജൂൺ 21, 1446 ദുൽഹിജ്ജ 24

രാജ്യത്തിന്റെ ചരിത്രത്തിൽതന്നെ പെട്ടെന്നൊന്നും മറക്കാനാവാത്തത്ര വലിയ ആഘാതമാണ് അഹമ്മദാബാദ് വിമാനദുരന്തം സൃഷ്ടിച്ചിരിക്കുന്നത്. മനുഷ്യരെന്ന നിലയിൽ നമ്മുടെ നിസ്സാരതയും നിസ്സഹായാവസ്ഥയുമൊക്കെ, ചിന്തിക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടുന്ന നിമിഷങ്ങൾക്കാണ് നാം സാക്ഷ്യം വഹിച്ചത്. ജീവിതത്തിന്റെ നൈമിഷികതയെക്കുറിച്ച് ജാതിമതഭേദമന്യെ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വരുമ്പോൾ, അവയിൽ കൗതുകകരമായി തോന്നിയ ഒരു വാർത്തയുണ്ടായിരുന്നു. വിമാനാപകടത്തിൽ വെന്തെരിഞ്ഞവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുമായി ബന്ധപ്പെട്ട ഒന്നായിരുന്നു അത്.

തന്റെ ഭാഗ്യനമ്പറായി അദ്ദേഹം കരുതിയിരുന്നത് 1206 എന്ന നാലക്ക സംഖ്യയായിരുന്നു. തന്റെ കാറിനും സ്‌കൂട്ടറിനും തുടങ്ങി എല്ലായ്‌പ്പോഴും ഈ നമ്പർ തനിക്ക് ഭാഗ്യം കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ച അദ്ദേഹം, ജീവിതത്തിൽ സുപ്രധാനമായി കണക്കാക്കിയ തന്റെ ലണ്ടൺ യാത്രയ്ക്കും തെരഞ്ഞെടുത്തത് അതേ (12.06.2025) തീയതിയായിരുന്നു. പക്ഷേ, എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച്, സ്വന്തം മരണ തീയതിയെയാണ് താൻ ഭാഗ്യമെന്ന് കരുതി തിരഞ്ഞെടുത്തത് എന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും കരുതിക്കാണില്ല.

എത്ര വലിയ സന്ദേശങ്ങളാണ് ഇവയെല്ലാം നൽകുന്നത്! സകലതും സൃഷ്ടിച്ച് പരിപാലിക്കുന്ന സ്രഷ്ടാവിനെ വിസ്മരിച്ച് ചരടിലും ഏലസ്സിലും ഭാഗ്യനമ്പറുകളിലും അഭയം പ്രാപിക്കുന്ന ഒരുപാടാളുകളെ കാണാൻ സാധിക്കും. സ്വന്തമായി അധ്വാനിക്കാതെ ഭാഗ്യപരീക്ഷണങ്ങളിലൂടെ പണം കണ്ടെത്താൻ കയ്യിലുള്ളതെല്ലാം വിറ്റ് ലോട്ടറികൾക്ക് പിന്നാലെ പോകുന്നവരും കുറച്ചൊന്നുമല്ല. ചൂതാട്ടമടക്കമുള്ള അത്തരം ഏർപ്പാടുകളെ മദ്യത്തോടൊപ്പം ചേർത്തു പറഞ്ഞ്, അവയെല്ലാം പൈശാചികമായ മ്ലേച്ഛവൃത്തിയാണെന്നും അവ നിങ്ങൾ വർജിക്കണമെന്നും നൂറ്റാണ്ടുകൾക്ക് മുമ്പ് നമ്മെ ഉണർത്തിയ പരിശുദ്ധ ക്വുർആനിന്റെ കൽപന എത്ര മഹത്തരം!

നമ്മുടെ ഭാഗ്യനിർഭാഗ്യങ്ങൾ നമ്മെ സൃഷ്ടിച്ച അല്ലാഹുവിനാണ് ഏറ്റവും നന്നായറിയുക എന്നുൾക്കൊണ്ട്, വിശ്വാസത്തെയും കർമങ്ങളെയും വിമലീകരിക്കുവാനാണ് ഇത്തരം സന്ദർഭങ്ങൾ നമ്മെ പ്രേരിപ്പിക്കേണ്ടത്. ഈ ഭൂമിയിൽ എത്ര സ്വീകാര്യതയും സ്വാധീനവും പദവിയുമുള്ള വ്യക്തിയാണെങ്കിലും, മരണത്തിന്റെ മലക്കിന്റെ പേരുകളുടെ കൂട്ടത്തിലെ ഒന്നുമാത്രമാണ് നാമെന്ന് നമ്മെ ബോധ്യപ്പെടുത്തു കയാണ് ഇത്തരം ഓരോ ദുരന്തവും. സ്വന്തമായി നമുക്കുള്ള പേരുപോലും നഷ്ടപ്പെടുത്തി പകരം ‘മയ്യിത്ത്’ എന്ന് പുനർനാമകരണം ചെയ്യപ്പെടുന്ന ശൂന്യതയിലേക്കാണ് മരണം നമ്മെ വിളിക്കുന്നത്. അവിടെ നമുക്ക് കൂട്ടായെത്തുക ചെയ്തുതീർത്ത സൽകർമങ്ങൾ മാത്രമാകുമെന്ന ബോധ്യം ഉള്ളിലേക്ക് ആഴ്ന്നിറങ്ങുമ്പോഴാണ് ജീവിതം സാർഥകമാകുക. അല്ലാഹു നമ്മെ ഏവരെയും കാത്തുരക്ഷിക്കട്ടെ.