അഗ്‌നിഗോളമായ ആകാശയാനം

നബീൽ പയ്യോളി

2025 ജൂൺ 28, 1447 മുഹറം 02

അഹമ്മദാബാദ് വിമാനദുരന്തം എന്നും നടുക്കമുളവാക്കുന്ന ഓർമയായിരിക്കും. ഇന്ന് നിലവിലുള്ള ഏറ്റവും സുരക്ഷിതമായ യാത്രാമാർഗമായി കണക്കാക്കപ്പെടുന്നത് ആകാശയാത്രയാണ്. എന്നാൽ അപകടമുണ്ടായാൽ രക്ഷപ്പെടാനുള്ള സാധ്യത വളരെ തുച്ഛമാണ് എന്നതാണ് ആകാശ യാത്രയുടെ മറ്റൊരുവശം. ആയിരക്കണക്കിന് കിലോമീറ്ററുകൾ ഏതാനും മണിക്കൂറുകൾ മാത്രമെടുത്ത് തരണം ചെയ്യുന്ന വിമാനയാത്ര തന്നെയാണ് ഇന്ന് ദീർഘദൂരയാത്രക്കാർ കൂടുതലായി തെരഞ്ഞെടുക്കുന്നതും.

ആധുനിക ലോകത്ത് ഏറ്റവും മൂല്യമുള്ളത് എന്തിനെന്ന് ചോദിച്ചാൽ സമയം എന്ന് ഉത്തരം നൽകാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരില്ല. ടൈം ഈസ് മണി എന്ന പുതുചൊല്ലുതന്നെയുണ്ട്. ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോഴേക്കും രാജ്യങ്ങളും ഭൂഖണ്ഡങ്ങളും താണ്ടി ലക്ഷ്യസ്ഥാനത്തെത്തുന്ന വിമാനയാത്ര ഭൂഖണ്ഡങ്ങൾക്കിടയിലെ അകലം കുറക്കുകകൂടി ചെയ്യുന്നുണ്ട്.

ഒരായിരം പ്രതീക്ഷകളുമായിട്ടായിരിക്കും ഓരോ യാത്രയും തുടങ്ങുന്നത്. അഹമ്മദാബാദിൽ നിന്നും ജോലിക്കായും മറ്റും ബ്രിട്ടനിലേക്ക് പോയ ഇന്ത്യക്കാരും വിവിധ ആവശ്യങ്ങൾക്കായി ഇന്ത്യയിലെത്തി തിരിച്ചു പോകുന്ന വിദേശികളുമാണ് നിമിഷങ്ങൾകൊണ്ട് കത്തിയമർന്നത്. സാധാരണയായി ഇക്കോണമി എന്ന ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റെടുത്ത് യാത്രചെയ്യുന്നവരാണ് ഓരോ ഫ്‌ളൈറ്റിലും ഏറ്റവും കൂടുകൾ ഉണ്ടാവുക. അവർ നൽകുന്നതിന്റെ ഇരട്ടി പണം നൽകി ഫസ്റ്റ് ക്ലാസ്സ് യാത്രക്കാരും വിമാനത്തിലുണ്ടാവും. ഇക്കോണമി ടിക്കറ്റിന്റെ മൂന്നോ നാലോ ഇരട്ടി പണം നൽകി കൂടുതൽ സേവനങ്ങൾ ലഭ്യമാവുന്ന ബിസിനസ് ക്ലാസ്സ് യാത്രക്കാരും അതേ വിമാനത്തിലുണ്ടാകും. ഈ മൂന്ന് വ്യസ്ത്യസ്ത നിലാവാരത്തിലുള്ളവർ നിമിഷങ്ങൾക്കകം ഒരേപോലെ നിസ്സഹായരായി മരണത്തിന് കീഴടങ്ങി എന്നത് ചിന്തനീയമാണ്.

മലയാളി നേഴ്സും ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ഇതേ ഫ്ളൈറ്റിൽ ഇക്കോണമി, ബിസിനസ് ക്‌ളാസ്സുകളിൽ യാത്രചെയ്തവരാണ്. രണ്ടും പേരും ഒരേപോലെ ദുരന്തത്തിൽ മരണപ്പെട്ടു.

നമ്മൾ ജീവിക്കുന്നതും ജീവിതത്തിലെ മുഴുവൻ കാര്യങ്ങളും ചെയ്യുന്നതും വ്യത്യസ്ത നിലവാരത്തിലാണ്. എന്നാൽ മരണമെന്ന യാഥാർഥ്യത്തിനു മുന്നിൽ ഒരേപോലെ എല്ലാവരും നിസ്സംഗരായി നിൽക്കുന്നു. ലോകത്തെ അഗ്രഗണ്യരും വിമാന നിർമാണരംഗത്തെ അതികായരുമായ ബോയിങ് നിർമിച്ച പുതുതലമുറ വിമാനമാണ് നിമിഷനേരം കൊണ്ട് അഗ്‌നിഗോളമായി മാറിയത്. എന്തുകൊണ്ട് എന്ന ചോദ്യത്തിൽ ഉത്തരം നൽകാൻ ആർക്കും സാധിച്ചിട്ടില്ല. ഉത്തരമില്ലാത്ത ചോദ്യമായി പല വിമാന ദുരന്തങ്ങളും അവസാനിച്ചതായാണ് ചരിത്രം.

മനുഷ്യന്റെ നിസ്സഹായതയും നിസ്സാരതയും വരച്ചുകാണിക്കുന്ന ഒരായിരം സംഭവങ്ങൾ ദിനേനയെന്നോണം നമുക്കുചുറ്റും നടന്നുകൊണ്ടിരിക്കുന്നു. കേൾക്കാൻ ഇഷ്ടപ്പെടാത്ത വാർത്തകളും കാണാൻ ഇഷ്ടപ്പെടാത്ത കാഴ്ചകളും അനേകമനേകം നമുക്ക് മുന്നിലൂടെ കടന്നുപോകുന്നു. അതൊക്കെ നമ്മെ നോക്കി നീ എത്ര നിസ്സാരനാണെന്ന് പറയാതെ പറയുന്നില്ലേ?

‘വാക്കുകൾ കിട്ടുന്നില്ല,’ ‘ഹൃദയഭേദകം’ എന്നൊക്കെ പറയേണ്ടി വരുന്ന നിസ്സഹായതയുടെ നേർക്കാഴ്ചകൾ ചുറ്റുപാടും ധാരാളമുണ്ട്. നമ്മിൽനിന്നും ഒട്ടും അകലെയല്ല അതൊന്നും എന്ന തിരിച്ചറിവാണ് നമുക്കുണ്ടാകേണ്ടത്. യാഥാർഥ്യബോധ്യത്തോടെ നീങ്ങുന്ന വിവേകമതികൾക്ക് എല്ലാം പാഠമാണ്.