വിശ്വാസ സ്വാതന്ത്ര്യത്തിനും പൂട്ടുവീഴുകയോ?
ടി.കെ അശ്‌റഫ്
2025 സെപ്തംബർ 06, 1447 റബീഉൽ അവ്വൽ 12

വാതിൽ അടയുക വളരെ പതുക്കെയാണ്. അവസാനം കുറ്റിയിടുമ്പോൾ ശ്വാസം കിട്ടാതെ പിടയേണ്ടി വരും.
ഈ പോക്ക് പോവുകയാണെങ്കിൽ വൈകാതെ കേരളവും വിശ്വാസസ്വാതന്ത്ര്യത്തിന് പൂട്ടുവീഴുന്ന സംസ്ഥാനമായി മാറുമെന്ന കാര്യത്തിൽ തർക്കമില്ല. ഉത്തരേന്ത്യയിൽ ഫാസിസ്റ്റുകൾ ആൾക്കൂട്ട അക്രമണവും കൊലപാതകവും നടത്തുന്നു; ആരാധനാലയങ്ങൾ തകർക്കുന്നു. ഫാസിസ്റ്റ് ഭരണകൂടം ബുൾഡോസർ രാജിലൂടെ വംശീയ വിരോധം തീർക്കുന്നു. കേരളത്തിലാകട്ടെ ലിബറലിസം തലക്കു പിടിച്ചവർ വിശ്വാസത്തെയും വിശ്വാസികളെയും വല്ലാതെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്നു.
ന്യൂനപക്ഷ വിരുദ്ധ നിയമങ്ങളും നടപടികളും ഉത്തരേന്ത്യയിൽ നടപ്പാക്കുന്നതിന് ന്യായം ചമയ്ക്കാൻ ചില മൗലാനമാരെ ചാക്കിട്ട് പിടിക്കുകയാണ് ചെയ്യുന്നതെങ്കിൽ കേരളത്തിൽ നല്ല മുസ്‌ലിം/ചീത്ത മുസ്‌ലിം എന്നീ ബൈനറികൾ സൃഷ്ടിച്ചുകൊണ്ടും മുസ്‌ലിം സംഘടനകളിലെ ആഭ്യന്തര വിഷയങ്ങളെ തരാതരം ദുരുപയോഗം ചെയ്തുമാണ് വിശ്വാസത്തിനും വിശ്വാസികൾക്കും നേരെ നിറയൊഴിക്കുന്നത്.
തന്റെ മതവിശ്വാസം എന്തായിരിക്കണം എന്ന് തീരുമാനിക്കാൻ തങ്ങളുടെ മതഗ്രന്ഥങ്ങൾ മാത്രം മതിയാകാതെ വന്നിരിക്കുന്നു! ചാനലുകളിലെ ആങ്കർമാരുടെയും അന്തിച്ചർച്ചകളിൽ പങ്കെടുക്കുന്ന ചില പാനലിസ്റ്റുകളുടെയും സമ്മതം കൂടി വേണ്ട സാഹചര്യമാണുള്ളത്.
ഫാസിസം വേട്ടക്കാരും ന്യൂനപക്ഷങ്ങൾ ഇരകളും ഞങ്ങൾ സംരക്ഷകരുമാണ് എന്നതാണ് ഇവരുടെ ആഖ്യാനം. വേട്ടക്കാരും ഇരകളും ഉണ്ടാകുമ്പോഴേ ഇവരുടെ അജണ്ടക്ക് നിലനിൽപ്പുള്ളൂ എന്നർഥം. അതുകൊണ്ട്, വേട്ടക്കാരുടെ ആവനാഴി ശൂന്യമാകുമ്പോൾ ആവശ്യമായ അസ്ത്രം നൽകാൻ സംരക്ഷകർ തന്നെ പലപ്പോഴും അജണ്ടവച്ച് പണിയെടുക്കുകയും ചെയ്യും.
നിങ്ങളുടെ വിശ്വാസംകൊണ്ട് ഇവിടെ ജീവിക്കാൻ സമ്മതിക്കില്ലെന്ന തിട്ടൂരമാണ് ഫാസിസം ഉയർത്തുന്ന വെല്ലുവിളിയെങ്കിൽ, ഞങ്ങൾ നിശ്ചയിക്കുംവിധം നിങ്ങളുടെ വിശ്വാസവും ആചാരങ്ങളും ആഘോഷങ്ങളും ക്രമീകരിച്ചില്ലെങ്കിൽ തീവ്രവാദ ചാപ്പയടിച്ച് മുഖ്യധാരയിൽനിന്ന് മാറ്റി നിറുത്തുമെന്ന ഭീഷണിയാണ് ലിബറൽ ഫാസിസത്തിന്റെത്.
ഏകദൈവ വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നതിനെയും അതനുസരിച്ച് കണിശമായി ആചാരാനു ഷ്ഠാനങ്ങൾ നിർവഹിക്കുന്നതിനെയും അനുഷ്ഠാനതീവ്രത എന്ന ടാഗ് ലൈൻ നൽകി മുസ്‌ലിം സമുദായത്തിലെ ചിലരുടെ കൈയടിയോടെയാണ് മതവിരുദ്ധത നടപ്പാക്കുന്നതിന്റെ തുടക്കം.
പിന്നീടാകട്ടെ, അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നത് മതമൗലികവാദമായി ചിത്രീകരിച്ചു. അത് പ്രചരിപ്പിക്കുന്നത് മുസ്‌ലിംകളുടെ വാശിയാണെന്നും വരുത്തിത്തീർത്തു. തന്റെത് മാത്രമാണ് ശരിയെന്ന് വാദിക്കുന്നതാണ് എല്ലാ പ്രശ്‌നങ്ങളുടെയും കാതലെന്ന് നേരത്തെ പഠിപ്പിച്ചുവച്ചതിലേക്ക് മേൽ ആശയങ്ങൾ കൂട്ടിച്ചേർക്കുന്നതോടെ മുസ്‌ലിം പേരുള്ളവരൊക്കെയും ഭീകരവാദികളാകാൻ അധികസമയം വേണ്ടിവരില്ല!
ഇതിനെതിരെ ആരാധനാലയങ്ങളിൽ പോലും സംസാരിച്ചാൽ രാഷ്ട്രീയം പറയലായി ചാപ്പകുത്തി പണ്ഡിതന്മാരുടെ നാവരിയാൻ സമുദായത്തിൽ നിന്നുതന്നെ കോടാലിപ്പിടികളെ ഉണ്ടാക്കിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതൊന്നും ഞങ്ങളെ ബാധിക്കില്ലന്നും ബഹുസ്വര സമൂഹത്തിൽ പെരുമാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ശ്രദ്ധിക്കാത്തതുകൊണ്ട് സംഭവിക്കുന്നതാണ് ഇതെല്ലാമെന്നും...തുടങ്ങിയ നരേറ്റീവുകളിൽ ആശ്വാസംകൊള്ളുന്ന എല്ലാവർക്കും ഇതിൽ ഉത്തരവാദിത്തമുണ്ട്. വാതിൽ അടയുക വളരെ പതുക്കെയാണ്. അവസാനം കുറ്റിയിടുമ്പോൾ ശ്വാസം കിട്ടാതെ പിടയേണ്ടി വരും...
