മലയാളികൾ നിലപാടുകൾക്കൊപ്പമാണ്
ടി.കെ അശ്‌റഫ്
2025 ഡിസംബർ 20, 1447 ജമാദുൽ ആഖിർ 29

കേരളത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഫലം വന്നു കഴിഞ്ഞു. ജയിച്ചവർ അതിന്റെ ആഹ്ലാദത്തിലും തോറ്റവർ അതിന്റെ നൈരാശ്യത്തിലുമാണ്. തോറ്റതിന്റെയും ജയിച്ചതിന്റെയും കാര്യങ്ങളും കാരണങ്ങളയും ചികയുന്ന തിരക്കിലാണിപ്പോൾ അവർ.
‘തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ പരാജയം കൃത്യമായ പഠനത്തിന് വിധേയമാക്കു’മെന്ന, മുഖ്യമന്ത്രിയുടെ പ്രസ്താവന കണ്ടു. യുഡിഎഫ് ഇത്ര വലിയ വിജയം എങ്ങനെ നേടിയെന്ന് ഞങ്ങളും പഠിക്കുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണത്തിലും കണ്ടത്.
പരാജയപ്പെട്ടവർ കാരണം പരിശോധിക്കുമെന്ന് സാധാരണ പറയാറുള്ളതാണ്. എന്നാൽ വിജയിച്ചവർ അത് പഠിച്ച് വിലയിരുത്തുമെന്ന് സാധാരണ പറഞ്ഞു കേൾക്കാറില്ല. ഈ ഘട്ടത്തിൽ അങ്ങനെയൊരു പ്രതികരണം വന്നത് ശ്രദ്ധേയമാണെന്ന് പറയാതെ വയ്യ.
ഏതായാലും രണ്ടു കൂട്ടരും വിലയിരുത്തേണ്ടതും ഒരിക്കലും വിട്ടുപോകാൻ പാടില്ലാത്തതുമായ ഒരു ആശയമുണ്ട്. അത് മറ്റൊന്നുമല്ല; നമ്മുടെ കേരളത്തിന്റെ സാമൂഹ്യ സൗഹാർദമാണത്. വർഗീയ വിഷവിത്ത് വിതച്ച ഉത്തരേന്ത്യയുടെ പാഠം നമ്മുടെ മുന്നിലുണ്ട്. ദക്ഷിണേന്ത്യ അത്രതന്നെ വർഗീയ ധ്രുവീകരണത്തിന് വിധേയമായിട്ടില്ല. മാത്രമല്ല കേരളത്തെ ആരെങ്കിലും വർഗീയമായി ധ്രുവീകരിക്കാനും അതുവഴി പൊളിറ്റിക്കൽ ഡിവിഡന്റ് നേടാനും ആഗ്രഹിക്കുന്നുവെങ്കിൽ മലയാളികൾ അതിനെ അനുവദിക്കില്ലെന്നും മത-ജാതി ഭേദമന്യെ അതിനെ തകർക്കുമെന്നും ഈ തെരഞ്ഞെടുപ്പ് ഫലം എല്ലാ കക്ഷികൾക്കും സന്ദേശം നൽകുന്നുണ്ട്.
ഒരു കാരണവശാലും ഏതെങ്കിലും ഒരു സമുദായത്തെ നാട്ടക്കുറ്റിയാക്കി അവർ പ്രശ്‌നക്കാരാണെന്ന് പറയുന്ന രീതി ഉണ്ടാകരുത്. അത് കേരളം അംഗീകരിക്കില്ലെന്ന് ഈ ഘട്ടത്തിലെങ്കിലും തിരിച്ചറിയാൻ വിവേകമുണ്ടാവണം. കേരള ജനത അത്രമേൽ ഇടകലർന്ന് ജീവിക്കുന്നവരാണ്. അവരെ മതവിദ്വേഷം പറഞ്ഞു തമ്മിൽ തെറ്റിക്കുക അത്ര എളുപ്പമല്ല.
അതിനുള്ള ശ്രമങ്ങൾ തീവ്ര വലതുപക്ഷ കക്ഷികൾ ഇത്രകാലം നടത്തിയിട്ടും അവർക്ക് വിജയി ക്കാനായിട്ടില്ല. എന്നാൽ മതനിരപേക്ഷത അവകാശപ്പെടുന്ന കക്ഷികൾ താൽക്കാലിക താൽപര്യത്തിന്റെ പുറത്ത് വിഭാഗീയതക്ക് ചൂട്ടുപിടിക്കുമ്പോൾ അതിന്റെ ഗുണം ബിജെപിയിലേക്ക് മാത്രമെ ആത്യന്തികമായി എത്തിച്ചേരുകയുള്ളൂ.
അതുകൊണ്ട് പരാജയപ്പെട്ടവരും വിജയിച്ചവരും നാടിന്റെ സൗഹാർദം തകരുന്ന പണിക്ക് ഒരിക്കലും നിൽക്കരുത്. ചില സ്ഥലങ്ങളിൽ ബിജെപിക്ക് ലഭിച്ച വിജയം എൽഡിഎഫും യുഡിഎഫും മറ്റു കക്ഷികളും ചേർന്ന് നിൽക്കാൻ തീരുമാനിച്ചാൽ അവസാനിപ്പിക്കാവുന്നതേയുള്ളൂ. അതിനുള്ള വിശാലത കാണിക്കുമ്പോഴാണ് ഫാസിസ്റ്റ് വിരുദ്ധ നിലപാടിലെ ആത്മാർഥത തെളിയിക്കാനാവുക. അല്ലാത്തപക്ഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ പ്രതിസന്ധി വരാൻ സാധ്യതയുണ്ട്.
നാടിന്റെ നട്ടെല്ല് തകർക്കുന്ന കമ്യൂണൽ ഫാസിസത്തോടും കുടുംബ സംവിധാനത്തിന്റെ കെട്ടു പൊട്ടിക്കുന്ന ലിബറൽ ഫാസിസത്തോടും ഇരു മുന്നണികളും എന്ത് നിലപാടെടുക്കുന്നുവെന്ന് സസൂക്ഷ്മം വീക്ഷിക്കുന്ന വലിയൊരു സമൂഹം ഇവിടെയുണ്ടെന്ന കാര്യം വിസ്മരിക്കരുത്. നാം അറിയുക; വ്യാജ പ്രൊഫൈലുകളും അജണ്ട വെച്ച് പ്രവർത്തിക്കുന്ന യൂട്യൂബ് ചാനലുകളും ചില ന്യൂസ് റൂമുകളും ആങ്കർമാരും ഉണ്ടാക്കുന്ന കൃത്രിമ കേരളമല്ല യഥാർഥ കേരളം. താൽപര്യങ്ങളോടൊപ്പമല്ല;നില പാടുകളോടൊപ്പമാണ് മലയാളികളുള്ളത്.
