വിശ്വസിക്കാൻ കൊള്ളാത്തവർ ആണുങ്ങൾ മാത്രമോ?

നസീമ വാടാനപ്പള്ളി

2025 ഫെബ്രുവരി 01, 1446 ശഅ്ബാൻ 03

ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ഭാര്യയും അമ്മയുമായ ഒരു യുവതിയെ കാമുകൻ ശാരീരിക ബന്ധത്തിനിടെ കുത്തിക്കൊന്നത്. ആ വാർത്തയെക്കുറിച്ച് സംസാരിക്കവെ ഒരു സ്‌നേഹിത പറഞ്ഞത് Don’t believe gents (ആണുങ്ങളെ വിശ്വസിക്കരുത്) എന്നാണ്.

ഞാൻ സ്വന്തത്തോടുതന്നെ ചോദിച്ചു; ആണുങ്ങളെ വിശ്വസിക്കാൻ പറ്റില്ലെന്ന് പറയുന്നു, പെണ്ണുങ്ങളെ വിശ്വസിക്കാമോ?

ഭാര്യയും മാതാവുമായ ഒരു സ്ത്രീ തന്റെ ഇൻസ്റ്റാഗ്രാം സുഹൃത്തിനെ കാമുകനാക്കുന്നു; അവനൊടൊപ്പം കിടപ്പറ പങ്കിടുന്നു! ഇതിൽ ആ പുരുഷൻ മാത്രമാണോ വിശ്വസിക്കാൻ കൊള്ളാത്തവൻ? ഭർത്താവിനെ ചതിച്ച ആ സ്ത്രീയിൽ കാണുന്ന വിശ്വാസ്യത എന്താണ്?

നൊന്തു പ്രസവിച്ച ചോരക്കുഞ്ഞിനെ പോളിത്തീൻ കവറിലാക്കി വലിച്ചെറിഞ്ഞ മാതാവിന്റെ വിശ്വാസ്യത എന്താണ്? കാമുകന് വേണ്ടി സ്വന്തം കുഞ്ഞിനെ തലക്കടിച്ചു കൊന്ന മാതാവിന്റെ വിശ്വാസ്യത എന്താണ്?

ആണിലും പെണ്ണിലും വിശ്വാസ്യത നഷ്ടപ്പെടുകയാണ്. സ്വന്തം പെൺമക്കളെ പിതാക്കൾ ലൈംഗികമായി ഉപയോഗപ്പെടുത്തുന്നതിന്റെ വാർത്തകൾ പോലും നമുക്ക് ഇന്ന് അന്യമല്ലല്ലോ. സ്വന്തം ഇണകളെ പരസ്പര സമ്മതത്തോടെ കൈമാറ്റം ചെയ്യുന്ന ഭാര്യ-ഭർത്താക്കന്മാർ പോലും ഇന്ന് ഏറെയുണ്ട്.

എല്ലാ പുരുഷന്മാരും എല്ലാ സ്ത്രീകളും ഇത്തരത്തിലുള്ളവരാണ് എന്നല്ല ഇപ്പറഞ്ഞതിനർഥം. എല്ലാവരും വിശ്വസിക്കാൻ കൊള്ളാത്തവരോ അധർമകാരികളോ അല്ല. എന്നാൽ ഇങ്ങനെയുള്ളവരുടെ എണ്ണം കൂടി വരുന്നു എന്നത് ആശങ്കാജനകമാണ്.

സ്വവർഗരതിയെ നീതിപീഠം പോലും ശരിവെച്ചതിന്റെ നടുക്കം ധാർമികത നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ മനസ്സിൽനിന്ന് ഇപ്പോഴും മാറിയിട്ടില്ല.

എന്തേ നമുക്ക് പറ്റിയത്? എവിടെയാണ് നമുക്ക് തെറ്റു പറ്റിപ്പോകുന്നത്? ഒരേയൊരു ഉത്തരമേ ഇതിനുള്ളൂ; പെണ്ണിനെയും ആണിനെയും സൃഷ്ടിച്ച സർവലോക രക്ഷിതാവ് അവന്റെ സൃഷ്ടികൾക്കിടയിൽ ചില പരിധികൾ വെച്ചിട്ടുണ്ട്. അവരുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും വേണ്ടി ചില നിയമനിർദേശങ്ങളും വിധിവിലക്കുകളും നൽകിയിട്ടുണ്ട്. അവ എവിടെയൊക്കെ ലംഘിക്കപ്പെടുന്നുവോ അവിടെയൊക്കെയും മനുഷ്യന് നഷ്ടങ്ങൾ മാത്രമാണ് ഭവിക്കുക. തകർച്ചയാണ് നേരിടുക.

അധാർമികതയിലും വഴികേടിലും സഞ്ചരിച്ച ഒരു സമൂഹത്തെ വെറും 23 വർഷം കൊണ്ട് ധാർമികതയുടെ കൊടുമുടിയിൽ എത്തിച്ചത് സ്രഷ്ടാവിന്റെ ആ നിയമനിർദേശങ്ങളാണ്. അവരെ പാപത്തിൽ അകപ്പെടാതെ ജീവിക്കുന്ന മുത്തക്വികളാക്കി മാറ്റിയത് സ്രഷ്ടാവിനെക്കുറിച്ചുള്ള ഭയമാണ്.

കണ്ണും കാതും നാവും നിയന്ത്രിച്ച് അല്ലാഹു നിശ്ചയിച്ചുതന്ന ചൊവ്വായ പാതയിലൂടെ മാത്രം മുന്നോട്ടുനീങ്ങി, നാലുപാട് നിന്നുമുള്ള പിശാചിന്റെ വിളികളെ അവഗണിച്ചുകൊണ്ട് സ്വർഗം മാത്രം ലക്ഷ്യംവെച്ച് ജീവിക്കുന്നവരാണ് ‘മുത്തക്വി’കൾ. അത്തരക്കാർക്കു മാത്രമെ നാളെ പരലോകത്ത് രക്ഷയുള്ളൂ എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

“പരമകാരുണികൻ തന്റെ ദാസൻമാരോട് അദൃശ്യമായ നിലയിൽ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനായുള്ള സ്വർഗത്തോപ്പുകളിൽ (അവർ പ്രവേശിക്കും). തീർച്ചയായും അവന്റെ വാഗ്ദാനം നടപ്പിൽവരുന്നത് തന്നെയാകുന്നു. സലാം അല്ലാതെ നിരർഥകമായ യാതൊന്നും അവരവിടെ കേൾക്കുകയില്ല. തങ്ങളുടെ ആഹാരം രാവിലെയും വൈകുന്നേരവും അവർക്കവിടെ ലഭിക്കുന്നതാണ്. നമ്മുടെ ദാസൻമാരിൽനിന്ന് ആർ ധർമനിഷ്ഠപുലർത്തുന്നവരായിരുന്നുവോ അവർക്കു നാം അവകാശപ്പെടുത്തികൊടുക്കുന്ന സ്വർഗമത്രെ അത്’’ (മർയം 61-63).