സന്തോഷവും ആഘോഷവു ; മതത്തിലും നാസ്തികതയിലും
ശമീർ മദീനി
2025 ഫെബ്രുവരി 15, 1446 ശഅ്ബാൻ 17

മതത്തെയും ദൈവവിശ്വാസത്തെയും പടിക്കു പുറത്ത് നിറുത്താൻ വേണ്ടി നാസ്തികർ ഉന്നയിക്കാറുള്ള ചോദ്യമാണ് ‘ജീവിതത്തിൽ എന്തെങ്കിലും നേട്ടങ്ങളോ വിജയങ്ങളോ ഉണ്ടാകുമ്പോൾ ഒന്ന് മനസ്സറിഞ്ഞ് സന്തോഷിക്കുന്നത് പോലും മതം വിലക്കുന്നു. അങ്ങനെയുള്ള മതത്തിന് എന്ത് സന്തോഷവും സമാധാനവുമാണ് മനുഷ്യർക്കായി നൽകുവാനുള്ളത്’ എന്നത്.
സത്യത്തിൽ സന്തോഷത്തിനും ആഹ്ലാദത്തിനും മതം എതിരല്ല. മറിച്ച്, നിയതമായ മാർഗങ്ങളിലൂടെ സന്തോഷിക്കുവാനും ആഹ്ലാദിക്കുവാനുമാണ് മതം അനുശാസിക്കുന്നത്. മാത്രമല്ല, അവയ്‌ക്കെല്ലാം അതിന്റെതായ പ്രായോഗിക രൂപം കൂടി മതം പഠിപ്പിക്കുന്നുണ്ട്. ചില ഉദാഹരങ്ങൾ കാണുക:
1) വിവാഹം, അതിനോടനുബന്ധിച്ച സൽക്കാരം.
മനുഷ്യന്റെ ലൈംഗികവും മാനസികവുമായ സന്തോഷത്തിനും സമാധാനത്തിനും ഉതകുന്ന ഒന്നാണ് ദാമ്പത്യജീവിതം. അതിനു വേണ്ടുന്ന പ്രായോഗിക മാർഗനിർദേശങ്ങൾ നൽകുകയും അതിന്റെ ഗുണവശങ്ങൾ വിശദീകരിക്കുകയും ചെയ്യുന്ന നിരവധി വചനങ്ങൾ വിശുദ്ധ ക്വുർആനിലും തിരുസുന്ന ത്തിലും കാണാവുന്നതാണ്.
“നിങ്ങളിലുള്ള അവിവാഹിതരെയും നിങ്ങളുടെ അടിമകളിൽനിന്നും അടിമസ്ത്രീകളിൽ നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങൾ വിവാഹബന്ധത്തിൽ ഏർപെടുത്തുക. അവർ ദരിദ്രരാണെങ്കിൽ അല്ലാഹു തന്റെ അനുഗ്രഹത്തിൽനിന്ന് അവർക്ക് ഐശ്വര്യം നൽകുന്നതാണ്. അല്ലാഹു വിപുലമായ കഴിവുള്ളവനും സർവജ്ഞനുമത്രെ’’ (ക്വുർആൻ 24:32).
“നിങ്ങൾക്ക് സമാധാനപൂർവം ഒത്തുചേരേണ്ടതിനായി നിങ്ങളിൽനിന്നുതന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങൾക്കിടയിൽ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്’’ (30:21).
അപ്രകാരം തന്നെ ആ സന്തോഷത്തിൽ ആളുകളെ പങ്കെടുപ്പിക്കുവാനും അവർക്ക് സദ്യ (വലീമ) ഒരുക്കുവാനും നബിﷺ നിർദേശിച്ചിട്ടുള്ളതും കാണാം
2). കുട്ടി ജനിച്ചാൽ അക്വീക്വ അറുക്കുവാനും അതിന്റെ മാംസം ആളുകൾക്ക് വിതരണം ചെയ്യുവാനും നബിﷺ പഠിപ്പിച്ചിട്ടുണ്ട്.
3). പെരുന്നാളുകൾ: രണ്ട് പെരുന്നാളുകൾ മതപരമായ ആഘോഷങ്ങളാണ്. അവയിൽ പുതുവസ്ത്രങ്ങൾ ധരിക്കുവാനും സന്തോഷം പങ്കുവെക്കുവാനും നല്ല ഭക്ഷണങ്ങൾ കഴിക്കുവാനുമൊക്കെ മതം പ്രേരിപ്പിക്കുന്നുണ്ട്. വിനോദങ്ങളിൽ ഏർപെടാനും ഇസ്‌ലാം തടസ്സം നിൽക്കുന്നില്ല; അനുവദനീമായിരിക്കണമെന്നു മാത്രം.
ഈദുൽ ഫിത്വ‌്ർ (ചെറിയ പെരുന്നാൾ) അനുബന്ധിച്ച് ഫിത്വ‌്ർ സകാത്ത് വിതരണവും ഈദുൽ അദ്ഹയോടനുബന്ധിച്ച് (ബലിപെരുന്നാൾ) മാംസവിതരണവും പ്രത്യേകം നിർദേശിക്കപ്പെട്ടിട്ടുള്ള കർമങ്ങളാണ്.
ഇവയെല്ലാം സന്തോഷിക്കുവാനും ആഹ്ലാദിക്കുവാനുമുള്ള അവസരങ്ങളാണ് വിശ്വാസികൾക്ക് നൽകുന്നത്. പിന്നെ എന്താണ് പ്രശ്‌നം? ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും പേരിലുളള ‘അടിച്ചു പൊളി’യും അടിപിടിയും കലഹങ്ങളും ലഹരി ഉപയോഗങ്ങളും ഇല്ല എന്നത് സത്യമാണ്. അഥവാ ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും മേഖലകളിലും ചില നിയന്ത്രണങ്ങൾ ഉണ്ട് എന്നത് ശരിയാണ് ; അതാണ് ഇസ്‌ലാമിന്റെ വ്യതിരിക്തത. നാസ്തികർക്ക് ഇല്ലാതെപോയതും അതാണ്.

