അന്ധവിശ്വാസനിരോധം; നിയമവും ധർമവും ഒന്നിച്ച്

റഹ്‌മാൻ മധുരക്കുഴി

2025 ആഗസ്റ്റ് 23, 1447 സഫർ 29

അന്ധവിശ്വാസങ്ങളും തജ്ജന്യമായ അനാചാരങ്ങളും സമൂഹത്തിൽ പുതിയ രൂപത്തിലും ഭാവത്തിലും വളർന്നു കൊണ്ടിരിക്കുകയാണ്. കൊടിയ പീഡനങ്ങൾ, വ്യാജ ചികിത്സകൾ, കൊലപാതകങ്ങൾ, നരബലി, ദുരഭിമാനക്കൊലകൾ തുടങ്ങി നാനാവിധത്തിലുള്ള സംഭവങ്ങൾക്കാണ് പ്രബുദ്ധകേരളം പോലും സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. രോഗശാന്തിക്ക് വൈദ്യശാസ്ത്രത്തെ അവഗണിച്ച് പ്രാർഥനകളിലും മന്ത്രവാദങ്ങളിലും മുഴുകുന്നവർ കൂടിവരികയാണ്. വിവാഹത്തിനും ജോലി ലഭ്യതക്കും മുതൽ സാമ്പത്തിക അഭിവൃദ്ധിയ്ക്കും വരെ പലതരം ആഭിചാരപ്രവർത്തനങ്ങൾ നടക്കുന്നു. ഈ ദൃശങ്ങളായ ആഭിചാര പ്രവർത്തനങ്ങൾ നരബലിവരെ ചെന്നെത്തുന്നു. കേരളീയ പൊതുസമൂഹം പുലർത്തിപ്പോരുന്ന ശാസ്ത്ര ബോധത്തിനും രാഷ്ട്രീയ പ്രബുദ്ധതയ്ക്കുമിടയിൽ ഭയാനകമായ അന്ധവിശ്വാസങ്ങളും തലയുയർത്തി നിൽക്കുന്നു!

ഏതാനും വർഷങ്ങൾക്ക് മുമ്പ് നെയ്യാറ്റിൻകരയിൽ വീട്ടമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ മന്ത്രവാദമാണെന്ന ആരോപണം ഉയർന്നുവന്നിരുന്നു. മന്ത്രവാദവുമായി ബന്ധപ്പെട്ട് രണ്ട് കൊലപാതകങ്ങളും 19 തട്ടിപ്പ് കേസ്സുകളും വർഷങ്ങൾക്ക് മുമ്പ് സംസ്ഥാനത്ത് റജിസ്റ്റർ ചെയ്തിരുന്നു. നിധി കിട്ടാനുണ്ടെന്നും അത് കിട്ടണമെങ്കിൽ നരബലി നടത്തണമെന്നും പറഞ്ഞ ഒരു മന്ത്രവാദിയുടെ ഉപദേശം കേട്ട് ഭാര്യയെത്തന്നെ ബലി നൽകാൻ തീരുമാനിച്ച ചന്ന കേശപ്പ എന്ന ഡോക്ടർ, ഭാര്യയെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയ ഭയാനക സംഭവം റിപ്പോർട്ട് ചെയ്തത് ബംഗ്ലൂരിൽ നിന്നായിരുന്നു. കോഴിക്കോട് വെള്ളയിലെ 29കാരി ഷമീന ഏതാനും വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടത് ജിന്ന് ചികിത്സ ക്കിടെ പെട്രോൾ കത്തി തീ ആളിക്കത്തിപ്പടർന്ന് മാരകമായ പൊള്ളലേറ്റിട്ടായിരുന്നു. ഷമീനയുടെ പുനർവിവാഹം കഴിയും വേഗം നടക്കുന്നതിന് വഴിയൊരുക്കാനായിരുന്നുവത്രെ ‘ജിന്നുബാധ’ അവകാശപ്പെട്ട സ്ത്രീയെ ഷമീന സമീപിച്ചത്. അപസ്മാര രോഗത്തെ പ്രേതബാധയായും ജിന്ന് കൂടലുമായി ചിത്രീകരിച്ചാണ് പല തട്ടിപ്പുകളും അരങ്ങ് തകർക്കുന്നത്. കൊടിയ പീഡനവും ചിലപ്പോൾ ലൈംഗിക ചൂഷണവും മന്ത്രവാദത്തിന്റെ തണലിൽ നടക്കുന്നു. അന്ധവിശ്വാസജഡിലമായ മനസ്സിന്റെ ഉടമകളെ അവരുടെ ദൗർബല്യം ചൂഷണം ചെയ്ത് മുതലെടുപ്പ് നടത്തുന്ന ഇത്തരം തട്ടിപ്പുകാരെ ജയിലിലടക്കാൻ സർക്കാർ ജാഗ്രത കാണിച്ചേതീരൂ.

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ദുർമന്ത്രവാദത്തിനും നേരെ പൊരുതിയ നരേന്ദ്ര ധബോൽക്കറിന്റെ രക്തസാക്ഷിത്വത്തെ തുടർന്ന് 2013 ഡിസംബർ 18ന് മഹാരാഷ്ട്ര നിയമസഭ ‘അന്ധവിശ്വാസ നിർമൂലന ബിൽ’ പാസ്സാക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ചരമ വാർഷികത്തിൽ (2014) അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരെ, അന്ധവിശ്വാസ ചൂഷണ നിരോധന നിയമം പാസ്സാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു ലക്ഷം പേർ ഒപ്പിട്ട നിവേദനം അന്നത്തെ സർക്കാരിന് കേരള ശാസ്ത്ര പരിഷത്ത് സമർപ്പിച്ചിരുന്നു. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് തദ്‌സംബന്ധമായ നടപടികളൊന്നുമുണ്ടായില്ല. മഹാരാഷ്ട്രയിലും കർണാടകയിലും മാത്രമാണ് ഇന്ത്യയിൽ അന്ധവിശ്വാസത്തിനെതിരെ നിയമം പാസ്സാക്കിയത്. ഝാർക്കണ്ട്, ബീഹാർ, ഒഡീഷ, രാജസ്ഥാൻ, അസം, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ വർഷങ്ങൾക്ക് മുമ്പ് തന്നെ ആഭിചാരത്തിനും ദുർമന്ത്രവാദത്തിനുമെതിരെയുള്ള നിയമങ്ങൾ നിലവിലുണ്ട്.

സംസ്ഥാനത്ത് മന്ത്രവാദവും അന്ധവിശ്വാസ-ആഭിചാര പ്രവൃത്തികളും നിയന്ത്രിക്കുന്നതിനുള്ള നിയമനിർമാണത്തിൽനിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ച താണ്. തദ്‌വിഷയകമായി പുതുതായുണ്ടായ സംഭവ വികാസം (ദേശാഭിമാനി 16.7.2025) നിയമനിർമാണം സജീവ പരിഗണനയിലാണെന്നും ആഭ്യന്തരവകുപ്പ് അഡീഷണൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയി രിക്കുന്നു. നിയമപരവും ഭരണഘടനാപരവുമായ സങ്കീർണതകൾ ഉള്ളതിനാലാണ് മന്ത്രിസഭ ഇതേക്കുറി ച്ചുള്ള ചർച്ച മാറ്റിവെച്ചതത്രെ. ജസ്റ്റീസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മീഷന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കി അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ കരട് ബിൽ തയ്യാറാക്കിയിട്ടുണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം.

അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും സമൂഹത്തിന്റെ ഐശ്വര്യപാതയിലേക്കുള്ള സുഗമ പ്രയാണത്തിൽ വിഘാതം സൃഷ്ടിക്കുമെന്നതിനാൽ, അധികാരം വാഴുന്നവർക്ക് അന്ധവിശ്വാസ- അനാചാരങ്ങൾക്കെതിരെ നിയമം കൊണ്ടുവരാനുള്ള ഇഛാശക്തിയുണ്ടാവണം. ശക്തിപ്രയോഗം കൂടിയേതീരൂ. വിവിധ മതവിഭാഗങ്ങളുടെയും സമുദായങ്ങളുടെയും സാമൂഹ്യപ്രവർത്തകരുടെയും നേതൃനിരയിൽനിന്നും ഈ കൊടിയ തിന്മയ്‌ക്കെതിരെ ശബ്ദമുയരണം. കേവല നിയമനിർമാണം കൊണ്ടു മാത്രം പ്രശ്‌ന പരിഹാരം സുസാധ്യമാവില്ല. നിയമവും ധർമവും സമഞ്ജസമായി സമ്മേളിക്കുമ്പോൾ മാത്രമെ സ്ഥിതിഗതികളിൽ മാറ്റം സാധ്യമാവൂ.