ഷാർജ അന്താരാഷ്ട്ര പുസ്തകമേളക്ക് വർണാഭമായ തുടക്കം
ന്യൂസ് ഡസ്ക്
2025 നവംബർ 15, 1447 ജമാദുൽ അവ്വൽ 24

ഷാർജ: 44ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള വൻ ജനപങ്കാളിത്തത്തോടെ നടന്നുകൊണ്ടിരിക്കുകയാണ്. പുസ്തകങ്ങളെയും വായനയെയും ഇഷ്ടപ്പെടുന്നവരുടെ ഒരു അന്താരാഷ്ട്ര ഉത്സവം തന്നെയാണ് ഈ പരിപാടി എന്ന് നിസ്സംശയം പറയാം. ഷാർജ ഭരണാധികാരി ശെയ്ഖ് ഡോ. സുൽത്വാൻ ബിൻ മുഹമ്മദ് അൽഖാസിമിയുടെ ദീർഘവീക്ഷണവും വിശാലമായ കാഴ്ചപ്പാടും വിജ്ഞാനത്തോടുള്ള പ്രതിബദ്ധതയും പ്രതിഫലിച്ചുനിൽക്കുന്ന മഹത്തായ ഒരു സംരംഭമാണ് ഈ പുസ്തകമേള. ഓരോ വർഷവും ഇവിടേക്ക് ഒഴുകിയെത്തുന്ന പ്രസാധകരുടെയും സാഹിത്യ-സാംസ്കാരിക നായകൻമാരുടെയും എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്തവണ രണ്ടായിരത്തിൽപരം പ്രസാധകരുടെ പുസ്തകങ്ങളാണുള്ളത്.
മേള തുടങ്ങുന്നതിന്റെ തലേദിവസം നടന്ന പ്രസാധക കോൺഫറൻസ് ഏറെ പ്രൗഢമായിരുന്നു. വിശാലമായ ഹാളിൽ മനോഹരമായി ഒരുക്കിയ സംവിധാനങ്ങൾ. നൂറുകണക്കിന് ചെറു മേശകൾക്ക് ചുറ്റുമിരുന്ന് നടക്കുന്ന ചർച്ചകൾ. വിസ്മയിപ്പിക്കുന്നവിധം ആതിഥ്യമര്യാദയോടെ ചായയും കാപ്പിയും വിതരണം ചെയ്യുന്ന, മേശയും കസേരയും പൊതിഞ്ഞിരിക്കുന്ന തൂവെള്ള തുണികൾ ഇടയ്ക്കിടെ മാറ്റി പുതുമ നിലനിർത്തുന്നതിൽ ശ്രദ്ധ പുലർത്തുന്ന ജോലിക്കാർ... വൃത്തിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല!
ഉദ്ഘാടന ദിവസം രാവിലെ ശെയ്ഖിന്റെ സന്ദർശനം മുടക്കാറില്ല. അതുകൊണ്ടുതന്നെ ഉദ്ഘാടനത്തിനു മുമ്പായി മുഴുവൻ സംവിധാനങ്ങളും പൂർത്തിയാക്കും. പണി പൂർത്തിയാക്കാത്ത ഒരു സ്റ്റാളു പോലും കാണാൻ സാധ്യമല്ല. എല്ലാം ഒന്നിനൊന്ന് മെച്ചം. ദിനേന പുസ്തക പ്രസാധന ചടങ്ങുകൾ നടന്നുകൊണ്ടിരിക്കുന്നു. വിവിധ ഹാളുകളിലും സ്റ്റാളുകളിലുമായി വിവിധ ഭാഷകളിലെ എഴുത്തുകാരും സാംസ്കാരിക നായകരും പങ്കെടുക്കുന്ന ചർച്ചകൾ നടക്കുന്നത് കാണാനാകും. ചില വായനക്കാർ അവർ വായിച്ച പുസ്തകങ്ങളുടെ രചയിതാക്കളെ കാണുമ്പോൾ അവരിൽ നിന്നും അവരുടെ കൈപ്പടയിൽ സന്ദേശങ്ങൾ എഴുതി വാങ്ങുന്നതും കാണാവുന്നതാണ്.
Children’s Reading Zone എന്ന വിഭാഗത്തിൽ വർക്ക്ഷോപ്പുകൾ, കഥപറച്ചിൽ, ആർട്ട് ആൻഡ് ക്രാഫ്റ്റ് ക്ലാസുകൾ തുടങ്ങിയവയും സംഘടിപ്പിക്കുന്നു. ഇ-ബുക്കുകൾ, ഓഡിയോ ബുക്കുകൾ, ഡിജിറ്റൽ റീഡിംഗ് പ്ലാറ്റ്ഫോമുകൾ എന്നിവയെക്കുറിച്ചുള്ള പ്രത്യേക സെഷനുകളും ഇവിടെ നടക്കുന്നുണ്ട്.
അപൂർവമായി മാത്രം ലഭ്യമാകുന്ന ഗ്രന്ഥങ്ങൾ എന്തു വിലകൊടുത്തും സ്വന്തമാക്കാനായി പുസ്തകമേളയിലേക്ക് എത്തുന്നവരുണ്ട്. വാങ്ങാൻ ഉദ്ദേശിക്കുന്ന ഗ്രന്ഥങ്ങളുടെ ലിസ്റ്റുമായി പലരും ഓരോ സ്റ്റാളിലും കയറിയിറങ്ങുന്നു. കുട്ടികൾക്ക് മാത്രമായുള്ള പുസ്തകങ്ങളുമായി ഒട്ടേറെ സ്റ്റാളുകളുണ്ട്. അൽപം മാത്രം എഴുത്തും കൂടുതൽ ചിത്രങ്ങളുമുള്ള, കട്ടിയേറിയ ഏടുകളുള്ള വർണാഭമായ പുസ്തകങ്ങളാണ് ഏറെയും. അതിനനുസരിച്ച് നല്ല വിലയുമുണ്ട്.
കേരളത്തിലെ ഒട്ടുമിക്ക പ്രസാധകരുടെയും സ്റ്റാളുകൾ ഇത്തവണയുമുണ്ട്. വിസ്ഡം ബുക്സിന്റെയും പീസ് റേഡിയോയുടെയും സ്റ്റാളുകൾ ഏതു സമയത്തും സന്ദർശകരാൽ സജീവമാണ്. പീസ് റേഡിയോ സ്റ്റാളിൽ സന്ദർശകർക്കായി ക്വിസ് മത്സരവും കുട്ടികൾക്ക് പരിപാടികൾ അവതരിപ്പിക്കാൻ അവസരവും നൽകുന്നതിനാൽ തിരക്കൊഴിഞ്ഞ സമയമില്ല.
പിഎൻ അബ്ദുല്ലത്വീഫ് മദനി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, ടി.കെ അശ്റഫ്, ഹുസൈൻ സലഫി, സയ്യിദ് മുഹമ്മദ് ശാകിർ, ഉസ്മാൻ പാലക്കാഴി തുടങ്ങിയവർ വിസ്ഡം ബുക്സ്-പീസ് റേഡിയോ സ്റ്റാൾ ഉദ്ഘാടന സെഷനിൽ പങ്കെടുത്തു. യുഎഇയിലെ വിസ്ഡം സാരഥികളായ അബ്ദുസ്സലാം ആലപ്പുഴ, ശംസുദ്ദീൻ ഹൈദർ, അഷ്റഫ് പുതുശ്ശേരി, ഷമീം ഇസ്മാഈൽ, ഷാനവാസ് ഫരീദ് തുടങ്ങിയവരുടെയും സഹപ്രവർത്തകരുടെയും അക്ഷീണ പ്രയത്നം എടുത്തു പറയേണ്ടതാണ്.
ഷാർജ അന്താരാഷ്ട്ര പുസ്തകമേള
ന്യൂസ് ഡസ്ക്
ഇളം മനസ്സുകളിൽ നന്മയുടെ വെളിച്ചം വിതറി ‘കളിച്ചങ്ങാടം’
നബിﷺപറഞ്ഞു: “അല്ലാഹുവിന്റെ അതിർവരമ്പുകൾ പാലിക്കുകയും അവ അതിലംഘിക്കുകയും ചെയ്യുന്നവരുടെ ഉപമ ഒരു കപ്പൽ യാത്രക്കാരുടെതു പോലെയാണ്. രണ്ടു തട്ടുള്ള കപ്പലിൽ യാത്രക്ക് ഒരുങ്ങിയപ്പോൾ അവർ നറുക്കിട്ടു. അങ്ങനെ ചിലർ മുകളിലെ തട്ടിലും മറ്റു ചിലർ താഴെ തട്ടിലുമായി. താഴെ തട്ടിലുള്ളവർക്ക് കുടിവെള്ളം ലഭിക്കണമെങ്കിൽ മുകളിൽ കയറിപ്പോകണമായിരുന്നു. അങ്ങനെയിരിക്കെ അവരിൽ ചിലർ പറഞ്ഞു: ‘നമുക്ക് നമ്മുടെ ഈ ഭാഗത്ത് എവിടെയെങ്കിലും ഒരു ദ്വാരമുണ്ടാക്കിയാൽ മുകളിലുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാമല്ലൊ.’ നബിﷺ തുടരുന്നു: ‘നിങ്ങൾ അവരെ അവരുടെ തീരുമാനവുമായി വിടുകയാണെങ്കിൽ നിങ്ങളെല്ലാവരും നശിക്കും. നിങ്ങൾ അവരുടെ കൈക്ക് പിടിച്ച് വിലക്കുകയാണെങ്കിലോ അവരും നിങ്ങളും എല്ലാവരും രക്ഷപ്പെടുകയും ചെയ്യും’’(ബുഖാരി).
ഇസ്ലാം ധാർമിക, സദാചാര മൂല്യങ്ങളിൽ അധിഷ്ഠിതമായ മതമാണ്. ഉത്തമമായ എല്ലാ സ്വഭാവഗുണങ്ങളും അത് പഠിപ്പിക്കുന്നു. ഇസ്ലാം മാനവികമായ എല്ലാ ഗുണങ്ങളെയും ഉൾക്കൊള്ളുന്നു. അമാനവികമായ എല്ലാ ദുർഗുണങ്ങളെയും നിരാകരിക്കുന്നു. മനുഷ്യാവകാശങ്ങളെ അത് മാനിക്കുന്നു. നീതി പാലിക്കുവാനും അക്രമത്തിന്റെ പാത വെടിയുവാനും കൽപിക്കുന്നു.
എന്നാൽ വർത്തമാനകാല ലോകത്ത് ഇത്തരം ധാർമിക മൂല്യങ്ങളോട് വെറുപ്പും വിരോധവും വച്ചുപുലർത്തുന്ന തലമുറയാണ് വളർന്നുവരുന്നത്. അതെല്ലാം പുരോഗമന വിരുദ്ധവും പഴഞ്ചൻ ആശയങ്ങളുമാണ് എന്നാണ് അവർ പറയുന്നത്. ഈയൊരു ചിന്താഗതിയിലേക്ക് പുതുതലമുറയെ ബോധപൂർവം നയിക്കുന്നതിൽ ലിബറലിസ്റ്റുകൾ തങ്ങളുടെ ഊർജം പരമാവധി ചെലവഴിച്ചുകൊണ്ടിരിക്കുന്നുണ്ട്.
ഈയൊരു പശ്ചാത്തലത്തിൽ, ഇളംതലമുറ വഴിതെറ്റിപ്പോകാതിരിക്കാൻ ജാഗ്രത പാലിക്കൽ രക്ഷിതാക്കളുടെയും സംഘടനയുടെയും ഉത്തരവാദിത്തമാണെന്ന ഉത്തമ ബോധവും ബോധ്യവുമുള്ളതു കൊണ്ട് വിസ്ഡം സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ വിവിധ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നുണ്ട്. അതിന്റെ ഒരു ഭാഗമാണ് ‘കളിച്ചങ്ങാടം.’
യുഎഇയിലെ വിവിധ പ്രവിശ്യകളിലെ മദ്റസ വിദ്യാർഥികളെ സംഘടിപ്പിച്ചുകൊണ്ട് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ വിശാലവും മനോഹരവുമായ മെയിൻ വേദിയിൽ വെച്ച് നവംബർ 8ന് നടത്തിയ കളിച്ചങ്ങാടം കുട്ടികൾക്ക് നവ്യാനുഭവം പകർന്നു നൽകുന്നതായിരുന്നു.
ആങ്കർമാരായി രംഗത്തെത്തിയ രണ്ടു കൊച്ചു മിടുക്കന്മാർ വളരെ തന്മയത്വത്തോടെ അവരുടെ ഭാഗം നിർവഹിച്ചു. പാട്ടും പ്രസംഗവും ക്വുർആൻ പാരായണവും ചോദ്യോത്തരങ്ങളുമൊക്കെയായി കുട്ടികൾ മണിക്കൂറുകൾ ചെലവഴിച്ചപ്പോൾ അവർക്കു കിട്ടിയത് സ്വന്തം കഴിവുകൾ ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കാനുള്ള അവസരവും പുത്തൻ അറിവുകളും ഈമാനികമായ ആവേശവുമാണ്.
ധാർമികതയിൽ ഊന്നിയ ജീവിതം നയിക്കുന്ന, അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന, മുഹമ്മദ് നബിﷺയുടെ ജീവിത മാതൃക പിൻപറ്റുന്ന, മാതാപിതാക്കളെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്ന മക്കളായി മാറേണ്ടതിന്റെ പ്രാധാന്യം ആസ്വാദ്യകരമായ പരിപാടികളിലൂടെ അവർ മനസ്സിലാക്കി. സ്വഫ്വാൻ പൂച്ചാക്കൽ, ജലീൽ ഒട്ടുമ്മൽ തുടങ്ങിയവർ നേതൃത്വം നൽകി.
