മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനം
ഹാഷിം കാക്കയങ്ങാട്
2025 ആഗസ്റ്റ് 02, 1447 സഫർ 08

(മാധ്യമം-മീഡിയാ വൺ റിപ്പോർട്ടറുടെ തിരുത്തും വേറെ ചില കാര്യങ്ങളും)
നിരവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വം വഹിച്ച വിഎസ് അച്യുതാനന്ദൻ ഓർമയായി. നാട്ടിൽ ഏറെ കോളിളക്കമുണ്ടാക്കിയ ഒന്നാണ് 20 വർഷം കൊണ്ട് കേരളം ഇസ്‌ലാമിക ഭൂരിപക്ഷ സംസ്ഥാനമാകുമെന്ന പരാമർശമുള്ള, വർഷങ്ങളായി പ്രചരിച്ചുകൊണ്ടിരിക്കുന്ന വിഎസിന്റെ ഒരു വീഡിയോ. മുസ്‌ലിം വിദ്വേഷം ഛർദിക്കാൻ ഇക്കഴിഞ്ഞ ദിവസംവരെ വെള്ളാപ്പള്ളി ഈ പരാമർശം തെളിവായി ഉദ്ധരിച്ചിട്ടുണ്ട്. വിഎസ് മരണപ്പെട്ടപ്പോൾ ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറും തീവ്ര ക്രിസ്ത്യൻ സംഘടനയായ കാസയും ഈ പരാമർശം എടുത്ത് പറഞ്ഞാണ് അദ്ദേഹത്തെ അനുസ്മരിച്ചത്.
ജമാഅത്തെ ഇസ്‌ലാമി-വെൽഫയർ പാർട്ടി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകൻ യാസീൻ അഹ്‌മദ് സോഷ്യൽ മീഡിയയിൽ ഇട്ട പരാമർശം വലിയ വിവാദത്തിന് തിരികൊളുത്തുകയും കേസെടുക്കുന്നതിലേക്ക് വഴിമാറുകയും ചെയ്തു. ഭിന്നാഭിപ്രായങ്ങളെന്തൊക്കെയുണ്ടെങ്കിലും ഒരാൾ മരിച്ചുകിടക്കുമ്പോൾ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത ഭാഷയാണ് അതിൽ അദ്ദേഹം പ്രയോഗിച്ചത്; കൂട്ടക്കൊലക്ക് നേതൃത്വം കൊടുത്തയാൾ എന്നുവരെ അതിൽ എഴുതി.
ഈ വിവാദത്തിന് തിരികൊളുത്തിയ വ്യക്തി മുൻ ‘മാധ്യമം’ ഡൽഹി റിപ്പോർട്ടറും മീഡിയാ വണ്ണിൽ ജോലി ചെയ്യുന്ന ആളുമായ എംസിഎ നാസറാണ്. 2010 ജൂലൈ 24ന് വൈകിട്ട് ഡൽഹിയിലെ കേരള ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇദ്ദേഹമാണ് വിഎസിനോട് വിവാദ പരാമർശത്തിന് കാരണമായ ചോദ്യം ചോദിച്ചത്. അടുത്തകാലത്ത് നിരോധിക്കപ്പെട്ട ഒരു സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന ഫ്രീഡം പരേഡുമായി ബന്ധപ്പെട്ട് ഉയർന്ന പ്രതികരണം ആരാഞ്ഞപ്പോൾ വിഎസ് പറഞ്ഞ കാര്യങ്ങളാണ് എന്നത്തേക്കുമുള്ള ഇസ്‌ലാം വിരുദ്ധ ശക്തികൾക്ക് റഫറൻസായി ലഭിച്ചത്. മുസ്‌ലിം ജനസംഖ്യ വർധിപ്പിക്കാനും ക്രമേണ ഇരുപതു വർഷം കൊണ്ട് കേരളം ഒരു ഇസ്‌ലാമിക ഭൂരിപക്ഷ സംസ്ഥാനമാക്കാനുമുള്ള പദ്ധതികൾ അവർക്കുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
വിഎസ് മരിച്ചപ്പോൾ പലരും ഈ പരാമർശം പൊക്കിക്കൊണ്ട് വന്നു. അപ്പോഴാണ് ഇപ്പറയുന്ന എം സിഎ നാസർ ഒരു തിരുത്തുമായി രംഗത്ത് വരുന്നത്. ഇതുമായി ബന്ധപ്പെട്ട് വിഎസിനെ കുറിച്ച് പരക്കുന്ന കാര്യങ്ങൾ പൂർണമായും ശരിയല്ല എന്ന രൂപത്തിൽ അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ടു. അത് അവസാനിക്കുന്നത് ഇങ്ങനെയാണ്:
“പേടിച്ചത് തന്നെ സംഭവിച്ചു. വിഎസ് പറഞ്ഞതിന്റെ ആദ്യഭാഗം ഒഴിവാക്കി തീവ്ര വലതുപക്ഷം അത് വ്യാപകമായി പ്രചരിപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. വിഎസിനെ മുസ്‌ലിം വിരുദ്ധനാക്കി ചിത്രീകരിക്കാൻ ഇപ്പുറത്തുള്ളവരും അതൊരു ആയുധമാക്കി. വിഎസിനോട് വിയോജിപ്പുകൾ ഉണ്ടാകാം. പക്ഷേ, ആ വാർത്താ സമ്മേളനത്തിൽ എൻഡിഎഫിനെ കുറിച്ച് എന്റെ ചോദ്യത്തിന് നൽകിയ മറുപടിയിൽ ഒരു ഭാഗം കട്ട് ചെയ്‌തെടുത്ത് വിഎസിനെ തികഞ്ഞ മുസ്‌ലിം വിരുദ്ധനായി ചിത്രീകരിക്കുന്നത് ഒട്ടും നീതീകരിക്കാനാകില്ല.’’
ഒരു മാധ്യമപ്രവർത്തകനെന്ന നിലയിൽ ഇദ്ദേഹം പൂർണ പരാജയമാണെന്ന് തെളിയിക്കുന്നതാണ് ഈ കുറിപ്പ്. 15 വർഷം തലങ്ങും വിലങ്ങും ഈ വീഡിയോ ഓടിയപ്പോഴൊന്നും മിണ്ടാതിരുന്നയാൾ വി എസ് മരിക്കാൻ കാത്തുനിൽക്കുകയായിരുന്നു എന്നുതന്നെ പറയാം. മാധ്യമപ്രവർത്തനത്തിൽ പുലർത്തേണ്ട നൈതികതയും ധാർമികതയും ഒട്ടും തൊട്ടുതീണ്ടാത്ത ആളാണോ ഈ നാസർ?
ഇരുപത് വർഷം കൊണ്ട് കേരളത്തെ ഇസ്‌ലാമിക ഭൂരിപക്ഷ സംസ്ഥാനമാക്കാൻ പദ്ധതിയുണ്ടെന്നാണ് അന്ന് വിഎസ് പറഞ്ഞത്. ഇത്രയും ഗുരുതരമായ ഒരു ആരോപണം ഉന്നയിക്കുമ്പോൾ അതിന് തെളിവുകളുണ്ടാകുമല്ലോ. പലരും പലതവണ ചോദിച്ചിട്ടും പാർട്ടിയോ വിഎസ്സോ ആ തെളിവ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എന്തുകൊണ്ടായിരിക്കും? (ഇനി, ഞാൻ കാണാതെ പോയതാണെങ്കിൽ അറിയുന്നവർ ഒന്ന് പറഞ്ഞുതരണം).
ആർഎസ്എസ്, കാസ ഉൾപ്പെടെയുള്ള മുസ്‌ലിം വിരുദ്ധർ വിഎസിന്റെ മരണത്തോട് പ്രതികരിച്ചത് തന്നെ ഈ പരാമർശം എടുത്തുപറഞ്ഞ് കൊണ്ടാണ്. യോഗി ആതിഥ്യനാഥ് കേരളത്തിലെ ലൗ ജിഹാദിന് തെളിവായി എടുത്തു പറഞ്ഞത് വിഎസിന്റെ ഈ പ്രസ്താവനയാണ്. കേരളാ സ്റ്റോറി എന്ന അശ്ലീല സിനിമയുടെ ഇൻട്രോയിൽ ഈ വിഷയം പരാമർശിക്കുന്നു. ഇത്രയൊക്കെ കോളിളക്കം ഇവിടെയുണ്ടായിട്ടും ഇതിലൊരു വ്യക്തത വരുത്താൻ പാർട്ടിയും വി എസും എന്തുകൊണ്ട് തയ്യാറായില്ല എന്ന ചോദ്യം അവശേഷിക്കുകയാണ്.
എന്തായാലും 15 കൊല്ലം സിപിഎമ്മിനെ അടിക്കാൻ മാധ്യമവും മീഡിയാ വണ്ണും ഈ പ്രസ്താവന നല്ലപോലെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
എന്നിട്ട് ഇപ്പോൾ വന്ന് നല്ല കുട്ടികളാകുന്ന പരിപാടി ഒരുതരം മോശം പരിപാടി തന്നെയാണ്.കൂടെ ചേർക്കാൻ വേറെ ചിലതുകൂടിയുണ്ട്. വിഎസിനെതിരെ എഫ്‌ബിയിൽ വ്യക്തിഹത്യ പോസ്റ്റിട്ട യാൾക്കെതിരെ മണിക്കൂറുകൾക്കകം കേസെടുത്തു; നല്ല കാര്യം. എന്നാൽ മദമിളകിയ ആനയെ പോലെ ഒരു സമുദായത്തിന് നേരെ നിരന്തരം വർഗീയവിഷം തുപ്പിക്കൊണ്ട് വെള്ളാപ്പള്ളി നടേശൻ കുറച്ച് നാളുകളായി ഇവിടെ മേഞ്ഞ് നടന്നുകൊണ്ടിരിക്കുകയാണ്. ധൈര്യമുണ്ടെങ്കിൽ എനിക്കെതിരെ കേസെടുക്കൂ എന്ന് വെല്ലുവിളിക്കുകയാണയാൾ. എന്നിട്ടും അയാൾക്കെതിരെ ഒരു കേസ് വന്നതായി ഇതുവരെ അറിയില്ല.
കാസ, പ്രതീഷ് വിശ്വനാഥ്,ശശികല, ആരിഫ് ഹുസൈൻ തുടങ്ങിയ ടീമുകൾ ദിനേനയെന്നോണം ഇത്തരം മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾ പച്ചക്ക് പറയുമ്പോഴും നിയമപാലകർക്ക് അനക്കമൊന്നും കാണാറില്ല. ഇത് ഏതുതരം നീതിയാണെന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ തീവ്രവാദികളാക്കിയാൽ വിഷയം തീരില്ല. വിഎസിന് വേണ്ടി പാർട്ടി തിരുത്തു മെന്ന് പ്രതീക്ഷിക്കാം
