എന്താണ് എസ്‌ഐആർ?

ടി.കെ അശ്‌റഫ്

(ജനറൽ സെക്രട്ടറി, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ)

2025 നവംബർ 08, 1447 ജമാദുൽ അവ്വൽ 17

കേരളത്തിലും എസ്‌ഐആർ നടപ്പിലാക്കാൻ പോകുന്നു എന്നു കേട്ടതോടെ ആളുകൾ ആശങ്കയിലാണ്. സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ അഥവാ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം. വോട്ടർപട്ടികയിൽ പേരില്ലാത്തവർക്ക് ചേരാനും ഇരട്ട വോട്ട് ഒഴിവാക്കാനും മരണപ്പെട്ടവരുടെ പേരിൽ പോലുമുള്ള വ്യാജ വോട്ട് തടയാനും ലക്ഷ്യംവെച്ച് സാധാരണ നടപ്പിലാക്കുന്ന ഒരു പ്രക്രിയ എന്നാണ് ഇതിനെപ്പറ്റി ഇലക്ഷൻ കമ്മീഷൻ നൽകുന്ന വിശദീകരണം. 2002ലാണ് അവസാനമായി ഇത് പരിഷ്‌കരിച്ചത്.

തങ്ങൾക്ക് രാഷ്ട്രീയമായി അനുകൂലമല്ലാത്ത സംസ്ഥാനങ്ങളിലെ ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കുകയാണ് പുതിയ പരിഷ്‌കരണത്തിലൂടെ ബിജെപി ലക്ഷ്യം വെക്കുന്നത് എന്നതാണ് പ്രതിപക്ഷ ആക്ഷേപം. അതിന് ഉദാഹരണമായി ബീഹാറിലെ കൃത്രിമത്വം ഉയർത്തിക്കാണിക്കുന്നു. കേരളത്തിൽ 54 ലക്ഷത്തിലേറെ പുതിയ വോട്ടർമാരുടെ പേരുകൾ 2002നു ശേഷം പട്ടികയിൽ ചേർക്കപ്പെട്ടിട്ടുണ്ട്. ഒരിക്കൽ തിരിച്ചറിയൽ രേഖകൾ കൊടുത്തിട്ടാണ് ഇവരെല്ലാം ചേർന്നത്. വീണ്ടും തിരിച്ചറിയൽ രേഖയുമായി ഇതിന് പിന്നാലെ എന്തിന് നടത്തണം? 2002നു ശേഷം നടന്ന നാല് നിയമസഭ തെരഞ്ഞെടുപ്പുകളിലും 5 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തവരാണ് ഇവരിൽ ഭൂരിഭാഗവും. തിരിച്ചറിയൽ രേഖയായി ആധാറും ഉപയോഗിക്കാമെങ്കിൽ എന്തുകൊണ്ട് വോട്ടർപട്ടിക ആധാറുമായി ലിങ്ക് ചെയ്തുകൂടാ? അങ്ങനെ ചെയ്താൽ ഇത്തരത്തിലുള്ള തീവ്ര പരിഷ്‌കരണ പ്രക്രിയ എന്നെന്നേക്കുമായി അവസാനിപ്പിക്കുകയും ചെയ്യാമല്ലോ. ഇതൊക്കെയാണ് വിമർശനത്തിലെ പ്രധാന പോയിന്റുകൾ.

കേരളത്തിൽ പ്രതിപക്ഷം ഇതിനെ ശക്തമായി എതിർക്കും എന്ന് പ്രഖ്യാപിച്ച സ്ഥിതിക്ക് ഒന്നുകിൽ അത് ലക്ഷ്യത്തിലെത്തണം. ആധാറുമായി ലിങ്ക് ചെയ്ത് ശാശ്വത പരിഹാരം കാണണം. അല്ലാത്തപക്ഷം, പരസ്പരം തർക്കിച്ച് സമയം കടന്നുപോകുകയും അവസാനം ധൃതിപിടിച്ച് ലക്ഷക്കണക്കിന് വരുന്ന വോട്ടർമാർ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ നെട്ടോട്ടമോടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുമോ എന്നത് പ്രധാന ആശങ്കയാണ്. ഗൂഢമായ അജണ്ടയുള്ളവർ അവരുടെ വോട്ടർമാരുടെ പേരുകൾ പട്ടികയിൽ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ടാകും. അല്ലാത്തവർക്ക് വോട്ട് നിഷേധിക്കപ്പെടും. ശ്രദ്ധിച്ചില്ലെങ്കിൽ പ്രവാസികളുടെ വോട്ട് വൻതോതിൽ നഷ്ടപ്പെടാൻ ഇടയാകുമെന്നതിൽ സംശയമില്ല. അതീവ ജാഗ്രത പാലിക്കേണ്ടത് നമ്മളാണ്.

നമുക്ക് ചെയ്യാവുന്നത്

1984ന് ശേഷം ജനിച്ച ആരുടെയും പേര് വോട്ടർ പട്ടികയിൽ ഉണ്ടാകില്ല. അവർ പുതുതായി വോട്ട് ചേർക്കുന്നതുപോലെ തന്നെ നടപടിക്രമങ്ങൾ പൂർത്തീകരിക്കണം. പ്രവാസികളെ മാത്രമല്ല, നേരത്തെ ഉണ്ടായിരുന്ന ബൂത്തിൽനിന്ന് വേറെ ബൂത്തിലേക്ക് മാറ്റിയവരെയും ഇത് പ്രതികൂലമായി ബാധിക്കും. കാരണം, 2002ലെ എസ്‌ഐആറിൽ ഏതു ബൂത്തിന്റെ പരിധിയിലാണോ താമസിച്ചിരുന്നത് അവിടുത്തെ വോട്ടർ പട്ടികയിലേ പേരുണ്ടാകു. എസ്‌ഐആർ കഴിയുമ്പോൾ ആ വോട്ടർ പട്ടികയിൽനിന്ന് പേരു വെട്ടും. 2002ന് മുമ്പുള്ളവർ വോട്ടർപട്ടികയിൽ ഉണ്ടാകും എന്നു ധരിച്ച് അത്തരം ആളുകൾ പ്രത്യേകിച്ചൊന്നും ചെയ്യാതിരിക്കാനും സാധ്യതയുണ്ട്. ഓരോ ബൂത്തിലും മതനിരപേക്ഷ വോട്ടുകൾ ഉറപ്പുവരുത്താൻ ബന്ധപ്പെട്ടവർ ശ്രദ്ധിച്ചേ മതിയാകൂ. ഇപ്പോൾ വോട്ടർ പട്ടികയിൽ പേരില്ലാത്ത പ്രവാസികളെയും എൻട്രോൾ ചെയ്യിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ന്യൂനപക്ഷങ്ങൾ ഒട്ടേറെ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ അശ്രദ്ധമൂലം, കൈയിലുള്ള ഏക ആയുധമായ വോട്ട് കൂടി നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രത കാണിക്കണം.