മുസ്‌ലിം സ്ത്രീകൾ പറയട്ടെ; അവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച്
ഡോ. യാസ്മിൻ എം അബ്ബാസ് പട്ടാമ്പി
2025 ജൂലൈ 19, 1447 മുഹറം 23

വർത്തമാനകാലത്ത് ചാനലുകളിലും സാമൂഹ്യ മാധ്യമങ്ങളിലും നടക്കുന്ന ഏതൊരു വിഷയത്തെ കുറിച്ചുമുള്ള ചർച്ചകൾ ലിബറൽ വാദികളുടെ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കപട ആശങ്കകളിലേക്ക് വഴിമാറിപ്പോകുന്നത് നമുക്ക് കാണാം. ഇസ്‌ലാമിനെ പ്രതിക്കൂട്ടിൽ നിർത്താനും മുസ്‌ലിം സ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ല എന്ന് ആവലാതി പറയാനും എന്തുമാത്രം ആത്മാർഥതയാണ് ഇക്കൂട്ടർക്ക്!
പ്രമാണബദ്ധമായി കാര്യങ്ങൾ പഠിക്കുന്ന ഏതൊരാൾക്കും ഇസ്‌ലാം സ്ത്രീകൾക്ക് നൽകുന്ന സ്വാതന്ത്ര്യവും സ്ഥാനങ്ങളും മറ്റൊരിടത്തും നൽകപ്പെട്ടിട്ടില്ലാത്ത വിധം മികച്ചതാണെന്ന് മനസ്സിലാക്കാവുന്നതാണ്.
പലപ്പോഴും മുസ്‌ലിം സ്ത്രീകളുടെ വസ്ത്രധാരണ രീതിയെയാണ് ഇക്കൂട്ടർ സ്വാതന്ത്ര്യം അളക്കാനുള്ള മാനദണ്ഡമായി കണക്കാക്കുന്നത്. അത് ഒരുതരം അടിമത്തമാണെന്നാണ് ഇവർ ജൽപിക്കാറുള്ളത്. എന്നാൽ ഇസ്‌ലാമിക വസ്ത്രധാരണത്തെ അടിച്ചമർത്തലായല്ല; മറിച്ച് തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ മാറ്റുകൂട്ടുന്നതായാണ് മുസ്‌ലിം സ്ത്രീകൾ മനസ്സിലാക്കുന്നത്. അത് അവരുടെ അനുഭവമാണ്.
തന്റെ ശരീരത്തെ പവിത്രമായി കണക്കാക്കുന്ന ഒരു സ്ത്രീ അവളെ ഒരു കാഴ്ചവസ്തുവായി പ്രദർശിപ്പിക്കാൻ ഇഷ്ടപ്പെടുകയില്ല. അതുകൊണ്ട് തന്നെ അവളുടെ ശരിയായ വസ്ത്രധാരണം സ്വാതന്ത്ര്യത്തോടൊപ്പം സുരക്ഷയും അവൾക്ക് നൽകുന്നു.
മറ്റൊരു വിഷയം സ്ത്രീ-പുരുഷ സമത്വമാണ്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ജനിതകഘടനയിൽതന്നെ അവർ വ്യത്യസ്തരാണ്. ആ വ്യത്യാസം ഓരോ കോശത്തിലും നിലനിൽക്കുന്നിടത്തോളം കാലം അവരുടെ മാനസിക-ശാരീരിക തലങ്ങളിലും അത് പ്രകടമാകും. സാമൂഹിക മേഖലകളും അതിൽ നിന്ന് ഒഴിവല്ല. സമത്വത്തിനായി എത്ര സമരം ചെയ്താലും ആ വ്യത്യാസങ്ങൾ നിലനിൽക്കുന്നിടത്തോളം അവർ സമമാവുകയില്ല. സ്ത്രീ പുരുഷനെക്കാൾ ദൗർബല്യമുള്ളവളാണെന്നത് ശാസ്ത്രീയ സത്യമാണ്. അതുകൊണ്ട് അവൾ ശാരീരികമായും സാമൂഹികമായും സാമ്പത്തികമായുമെല്ലാം സംരക്ഷിക്കപ്പെടേണ്ടവളാണ് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നതും. അതൊരിക്കലും അവളെ നിസ്സാരവൽകരിക്കലല്ല, മറിച്ച് അവൾക്ക് കൂടുതൽ പരിഗണന നൽകലാണ്.
അന്യ സ്ത്രീ-പുരുഷൻമാർ കൂടിക്കലരുന്ന സാഹചര്യങ്ങളെ ഇസ്‌ലാം കണിശമായി നിരുത്സാഹപ്പെടുത്തുന്നതാണ് മറ്റൊരു പരിഹാസവിഷയം! അതിന്റെ അനന്തരഫലമായുണ്ടാകുന്ന അപകടം സമകാലീന സാഹചര്യത്തിൽ വിശദീകരിക്കേണ്ടാത്തവിധം സുവ്യക്തമാണ്. ധാർമികതയെത്തന്നെ നിരാകരിക്കുന്നവർക്ക് അത് പ്രശ്‌നമല്ലെന്നു മാത്രം.
വിവാഹത്തെയും കുടുംബജീവിതത്തെയുമെല്ലാം അപരിഷ്‌കൃതമായും അടിമത്തമായും പരിഗണി ക്കുന്ന സ്വതന്ത്രവാദികൾക്ക് ഇസ്‌ലാം നിഷ്‌കർശിക്കുന്ന സംസ്‌കാരങ്ങൾ ഉൾക്കൊള്ളൽ പ്രയാസകരം തന്നെയായിരിക്കും. സ്വതന്ത്ര ലൈംഗികതയാണ് അവരുടെ പരിഷ്‌കാരം. അതിന്റെ ഫലമായി കൗമാര പ്രായത്തിൽ പെൺകുട്ടികൾ (അവിഹിത ബന്ധത്തിലൂടെ) ഗർഭിണികളാകുന്നതും കുരുന്നുമക്കളെ നിഷ്‌കരുണം കൊല്ലുകയോ അല്ലെങ്കിൽ ചവറ്റുകൊട്ടയിലോ അമ്മത്തൊട്ടിലിലോ ഉപേക്ഷിക്കുന്നതും ഇവർക്കു ചർച്ചാവിഷയമേ അല്ല.
സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും വർണക്കടലാസിൽ പൊതിഞ്ഞ്, സ്ത്രീയെ ഒരു കച്ചവട വസ്തുവായി മാത്രം പരിഗണിക്കുന്നവർക്ക് ഇസ്‌ലാം സ്ത്രീക്ക് നൽകുന്ന സംരക്ഷണം ഒരിക്കലും അംഗീകരിക്കാൻ കഴിയുകയില്ല എന്നതാണ് വാസ്തവം.
