വിശപ്പിന്റെ വേദനിപ്പിക്കുന്ന കാഴ്ച

സലാം സുറുമ എടത്തനാട്ടുകര

2020 ഫെബ്രുവരി 29 1441 റജബ്‌ 05

''ശല്യപ്പെടുത്താതെ മാറിനില്‍ക്കങ്ങോട്ട്...''

മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന റോഡരികിലെ സിമന്റ് റിംഗുകള്‍ക്കിടയില്‍ നിന്നും ഉയര്‍ന്ന ഈ ശബ്ദം എന്നെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു.

വര്‍ഷം 1991. അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വി.എച്ച്.സി.ക്ക് പഠിക്കുന്ന കാലം. അവിചാരിതമായി ഒരു ദിവസം സ്‌കൂള്‍ നേരത്തെ വിട്ടപ്പോള്‍, കിട്ടുന്ന ബസിന് വീടെത്താന്‍ ധൃതിയില്‍ ബസ്‌സ്റ്റോപ്പിലേക്ക് നടന്നുപോകുമ്പോഴാണ് ചന്തപ്പടിയിലെ ഒരുരുഹോട്ടലിലെ വേസ്റ്റുകള്‍ നിക്ഷേപിക്കാനായി റോഡരികില്‍ സ്ഥാപിച്ച സിമന്റ്‌റിംഗുകള്‍ക്കുള്ളില്‍ നിന്നും മേല്‍വാചകം മുഴങ്ങിയത്.

ഞാന്‍ റിംഗിലേക്ക് എത്തിനോക്കി. റിംഗിന്റെ പൊട്ടിയവശത്തുകൂടി എച്ചില്‍ കഴിക്കാനായി കടന്നു കൂടാന്‍ ശ്രമിക്കുന്ന തെരുവു നായയാടാണ് മനോദൗര്‍ബല്യമുള്ള ഒരുരുമനുഷ്യന്റെ ഈ രോഷപ്രകടനം!

മിക്കപ്പോഴും ശൂന്യതയിലേക്ക് നോക്കി എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അങ്ങാടിയില്‍ അലയുന്ന ഈ മനുഷ്യന്‍ നാട്ടുകാര്‍ക്ക് സുപരിചിതനായിരുന്നു. ചെളി കട്ടപിടിച്ച കറുത്ത നിറമുള്ള ദേഹം. കീറിപ്പറിഞ്ഞ, അങ്ങേയറ്റം മുഷിഞ്ഞ വസ്ത്രം മാത്രമെ ധരിച്ച് കണ്ടിട്ടുള്ളൂ. കയ്യില്‍ എപ്പോഴും മുഴുത്ത ഒരുരുവടികാണും. യാചിക്കുന്ന സ്വഭാവമൊന്നും അദ്ദേഹത്തിനില്ല. ആരെങ്കിലും എന്തെങ്കിലും കൊടുത്താല്‍ വാങ്ങുമെന്ന്ന്നുമാത്രം. ഉറക്കം കടത്തിണ്ണകളില്‍.

അയാളുടെ ഉച്ചഭക്ഷണം എന്നും ഈ കുപ്പത്തൊട്ടിയില്‍ നിന്നാണ്! അതില്‍ നിന്നും പങ്കുപറ്റാന്‍ വന്ന തെരുവുനായയെ കയ്യിലിരിക്കുന്ന വടികൊണ്ട് തല്ലിയോടിക്കുമ്പോഴാണ് ഞാന്‍ അതുവഴി കടന്ന് പോയത്.

എച്ചിലായികുകുപ്പത്തൊട്ടിയില്‍ നിക്ഷേപിച്ച വാഴയിലകളില്‍ നിന്നും വാരിക്കൂട്ടിയ ചോറും കറികളും മീന്‍ മുള്ളുമൊക്കെ രുചിയോടെ ആസ്വദിച്ച് കഴിക്കുന്ന ഈ മനുഷ്യന്റെ രൂപം കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു.

വിശപ്പിന്റെ വേദനിക്കുന്ന അന്നത്തെ ആ കാഴ്ച ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു. വിശപ്പ് ഏതൊരാളെയും എന്തും ചെയ്യിക്കും. കിട്ടുന്നതെന്തും തീറ്റിക്കും!

അമിതാഹാരമൂലം അസുഖബാധിതരായി ആയിരങ്ങള്‍ ദിനം തോറും ആശുപത്രികള്‍ കയറിയിറങ്ങുന്ന നമ്മുടെ നാട്ടില്‍ വിശപ്പടക്കാന്‍ തെരുവുനായയെ ആട്ടിയോടിക്കുന്ന ഈ മനുഷ്യന്‍ ഒരുരുകൈച്ചൂണ്ടിയാണ്.

രണ്ട് പതിറ്റാണ്ട് മുമ്പ് നടന്ന സംഭവമാണ് ഇതെങ്കിലും ഇന്നും ഇത്തരക്കാരെ നമുക്ക് കാണുവാന്‍ സാധിക്കും.  

ആഹാരം പാഴാക്കിക്കളയുമ്പോള്‍ ഇത്തരം ആളുകള്‍ കൂടി നമ്മുടെ ചുറ്റുപാടുകളില്‍ ഉണ്ടെന്ന് നാം ഓര്‍ക്കണം. വിശക്കുന്ന വയറുകളെ  നാം മറക്കരുത്. അവഗണിക്കരുത്. സ്വന്തമായി സഹായിക്കാന്‍ കഴിയില്ലെങ്കില്‍ കഴിയുന്നവരെ അതിന് പ്രേരിപ്പിക്കുകയെങ്കിലും ചെയ്യുക എന്നത് ഒരു പുണ്യകര്‍മമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.

''മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ? അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്. പാവപ്പെട്ടവന്റെ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രോത്‌സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍'' (ക്വുര്‍ആന്‍ 107:1-3).