സങ്കടപ്പുഴയില്‍ നീന്തുന്നവര്‍

വി.ടി അബ്ദുസ്സലാം

2020 ജൂലൈ 18 1441 ദുല്‍ക്വഅദ് 28

സങ്കടങ്ങള്‍ അങ്ങനെയാണ്; ഉള്ള പോലെയൊന്നും ആര്‍ക്കും പറഞ്ഞുകൊടുക്കാനാവില്ല. കേട്ട പോലെയൊന്നും ആര്‍ക്കും അത് മനസ്സിലാക്കാനുമാവില്ല.

നമ്മുടെ ശബ്ദകോലാഹലങ്ങളെല്ലാം അടങ്ങി, വിഷാദം വിരിച്ചുവെച്ച മൗനത്തിന്റെ മടിയിലേക്ക് നാം ചേര്‍ന്നിരിക്കുന്ന നിമിഷങ്ങളാണത്.

ദുഖഃഭാരം തപിച്ച് പതിയെ പതിയെ... ഓര്‍മകള്‍ വന്ന് മുട്ടി നില്‍ക്കാന്‍ കനമുള്ള ഒരു തണുപ്പ് അവിടെ ബാക്കിയുണ്ടാകും, അല്ലേ?

ഓരോ സങ്കടവും നമുക്ക് പ്രിയപ്പെട്ടതെന്തോ, ആനന്ദമുണ്ടായിരുന്നതെന്തോ പൊടുന്നനെ, അല്ലെങ്കില്‍ നോക്കിനില്‍ക്കെ നമ്മില്‍നിന്നും കുടിയിറങ്ങിപ്പോകലാണ്. ഹൃദയത്തില്‍ ആരൊക്കെയോ കോറിയിട്ടു പോകുന്ന വാക്കാണത്. ചേര്‍ന്നുനില്‍ക്കാനയക്കാതെ ദൂരെദൂരെയകറ്റുന്ന ചിന്തകളും നോട്ടങ്ങളുമാണത്.

പലര്‍ക്കും പലതായിരിക്കും കാരണം. എല്ലാം ഒരു തരത്തില്‍ നഷ്ടപ്പെടല്‍ തന്നെയാണല്ലോ. ആഗ്രഹങ്ങളുടെ മരണ വിയോഗങ്ങള്‍...!

നഷ്ടങ്ങളുടെ ആഴങ്ങള്‍ക്കനുസരിച്ച് നമ്മുടെ കണ്ണില്‍ നനവ് പടര്‍ന്നുകൊണ്ടേയിരിക്കും.  ഖല്‍ബുരുക്കത്തില്‍ വാര്‍ന്നുപോകുന്ന കണ്ണുനീരിന്റെ രുചിക്ക് കയ്പാകുമെന്നാണ് കരുതുക. എന്നാല്‍ കരയുമ്പോഴെല്ലാം അത് ഉപ്പുരസമാണെന്ന് നമ്മള്‍ അറിഞ്ഞുകൊണ്ടേയിരിക്കുന്നു.

ഈ അടുത്ത് എന്തോ പറഞ്ഞ് ഉമ്മ കരഞ്ഞു. ആശ്വസിപ്പിച്ചുകൊണ്ട് ഞാന്‍  ഒരുമ്മ നല്‍കിയപ്പോള്‍ ആ രുചി വീണ്ടും എന്നെ ഓര്‍മിപ്പിച്ചു.

നോക്കൂ...!

ലോകം മുഴുവന്‍ ഇപ്പോള്‍ കോവിഡ്ഭീതിയിലാണ്. രോഗവും മരണവും തുടര്‍ക്കഥയാകുന്നു. സങ്കടപ്പുഴകളാണെങ്ങും. ഭയമാണ് മുന്നിലെ വഴിയിലെല്ലാം; കൂടെആശങ്കകളും.

മരണത്തെ നമുക്ക് തടുക്കാനാവില്ല. അനാവശ്യമായ ആശങ്കകളും ആകുലതകളും ഭീതിയും അകറ്റി ജീവിതത്തിന്റെ അര്‍ഥവും പൊരുളും നമ്മള്‍ കണ്ടെത്തുമ്പോഴാണ് ശരിക്കും ഇതില്‍നിന്നെല്ലാം അതിജീവനമുണ്ടാകുന്നത്.

വാസ്തവത്തില്‍ സന്തോഷങ്ങളില്‍ നമ്മള്‍ നമ്മളെക്കുറിച്ച് മാത്രമെ ചിന്തിക്കൂ. ദുഖങ്ങളാണ് ഹൃദയത്തിനെ ലോലമാക്കുന്നത്. പ്രയാസപ്പെടുന്നവര്‍ക്കേ പ്രയാസപ്പെടുന്നവനെ മനസ്സിലാക്കാനാവൂ. സങ്കടങ്ങളില്‍ നമുക്ക് ആരോടും പകയുണ്ടാവാറില്ല; നമ്മള്‍ അപ്പോള്‍ പാവങ്ങളായി മാറും!

കണ്ണുനീര്‍ മനസ്സിനെ കഴുകുകയാണോ എന്ന് തോന്നിപ്പോകാറുണ്ട്. പെയ്തുതോരുന്ന ഒരവസ്ഥയുണ്ടതിന്.

 ഈ സമയത്ത് സങ്കടങ്ങള്‍ പേറി പാറി വരുന്നവരാണ് നമ്മുടെ പ്രവാസികള്‍. സങ്കടം കൊണ്ട് വീടിറങ്ങി സന്തോഷവുംകൊണ്ട് വീടണഞ്ഞിരുന്നവരായിരുന്നു അവര്‍. ഇപ്പോള്‍ അങ്ങനെയല്ല; സന്തോഷിക്കാന്‍ അവര്‍ക്കെങ്ങനെ കഴിയും?

പലരും വന്നു. ഇനിയും വന്നുകൊണ്ടേയിരിക്കുന്നു. നഷ്ടങ്ങളുടെ കണക്കുപുസ്തകം പോലും കയ്യിലില്ലാതെ ജീവനെങ്കിലും ബാക്കിയാകുമെന്ന പ്രതീക്ഷയില്‍ നാടണയാന്‍, വീടണയാന്‍ തിരികെയെത്തുമ്പോള്‍ അവരോട് അറപ്പും അവഗണനയും കാണിക്കുന്നത് ക്രൂരതയല്ലേ? ശാരീരിക അകല്‍ച്ച മാത്രമാണ് വേണ്ടത്; അത് മാനസികമാവരുത്. അവരും മനുഷ്യരാണ്. സുരക്ഷിത ബോധമൊരുക്കുക; നമ്മളെല്ലാവരും സുരക്ഷിതമായിരിക്കാന്‍ കൊതിക്കുക, പ്രാര്‍ഥിക്കുക.