ബലമുള്ള ബന്ധങ്ങള്‍

ഇബ്‌നു അലി എടത്തനാട്ടുകര

2020 ഏപ്രില്‍ 04 1441 ശഅബാന്‍ 11

വെയില്‍ ചൂടുള്ള ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയിലേക്ക് തിരക്കിട്ടു നടക്കുകയിരുന്നു. പിന്നില്‍ നിന്ന് ഒരു വിളികേട്ട് നിന്നു. അയാള്‍ അടുത്തുവന്നു വന്നു. നന്നായി വസ്ത്രധാരണം ചെയ്ത, മുഖത്ത് സദാ പുഞ്ചിരിപൊഴിക്കുന്ന ഒരു നല്ല മനുഷ്യന്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് ഔദേ്യാഗികമായി പരിചയപ്പെട്ടയാളാണ്.

കുറെ കൊല്ലങ്ങള്‍ക്കു മുമ്പ് ഒരു സുഹൃത്തുമൊന്നിച്ച് തുടങ്ങിയ സ്വര്‍ണാഭരണ സ്ഥാപനം ഇന്ന് വലിയ നിലയില്‍ എത്തിയിരിക്കുന്നു. നഗരമധ്യത്തില്‍ സ്ഥാപനം തുടങ്ങുന്നതിനു വേണ്ടിയുള്ള ആവശ്യത്തിനാണ് കുറെ കാലത്തിനു ശേഷം വീണ്ടും ഞങ്ങള്‍ കണ്ടുമുട്ടിയത്. രേഖകളിലെ ചില പോരായ്മകള്‍ ചൂണ്ടിക്കാണിച്ച് കൊടുക്കുകയും എല്ലാം ശരിയാക്കി സമര്‍പ്പിക്കുകയും താമസംവിനാ രജിസ്‌ട്രേഷന്‍ കൊടുക്കുകയും ചെയ്തിരുന്നു.

ഉദ്ഘാടനദിനം എന്നെയും സ്‌നേഹപൂര്‍വം ക്ഷണിച്ചിരുന്നു. പൊതുവെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ മടിയനാനെങ്കിലും സ്‌നേഹത്തിന് മുമ്പില്‍ ഒഴിവുകഴിവ് പറയാന്‍ കഴിയാതെ, രാവിലെ പോകാതെ, വൈകുന്നേരം ഞാനെത്തി. എന്ത് ആവശ്യമുണ്ടെങ്കിലും പറയാന്‍ മറക്കരുത് എന്ന് പറഞ്ഞാണ് അന്ന് അദ്ദേഹം എന്നെ യാത്രയാക്കിയത്.

റോട്ടില്‍വച്ച് കണ്ടപ്പോള്‍ ഇരുവരും സന്തോഷം പങ്കുവച്ചു. ബിസിനസ് നന്നായി പോകുന്നു. മാത്രമല്ല മറ്റൊരു പട്ടണത്തില്‍ ആയിടെ തുടങ്ങിയ പുതിയ സ്ഥാപനവും നന്നായി നടക്കുന്നു എന്നു പറഞ്ഞ് അദ്ദേഹം പടച്ചവനെ സ്തുതിച്ചു. 'എന്ത് ആവശ്യമുണ്ടെങ്കിലും ബന്ധപ്പെടാന്‍ മടിക്കരുത്' എന്ന് എന്നോട് പറഞ്ഞാണ് അന്നും പിരിഞ്ഞത്; മുമ്പ് ഉദ്ഘാടന ദിനം പറഞ്ഞപോലെ ആത്മാര്‍ഥമായി തന്നെ.

അങ്ങനെ ഒരാവശ്യം വന്നിട്ടില്ല, വന്നാലും രണ്ടു തവണ ആലോചിച്ചേ അത് ചെയ്യൂ എന്ന് ഉറപ്പാണ്. മകന്റെ കല്യാണ നിശ്ചയം നേരത്തെ ഓര്‍മിപ്പിക്കാന്‍ സമൂഹമാധ്യമം വഴി അയച്ച കല്യാണക്കുറി ഇന്‍ബോക്‌സില്‍ വന്ന് കിടപ്പുണ്ട്.

സഹായം ആവശ്യപ്പെടാന്‍ മടിക്കരുത് എന്നൊരാള്‍ നമ്മോട് ആത്മാര്‍ഥമായി പറഞ്ഞാല്‍ നമ്മള്‍ അറിയാതെ അവരെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തും.

വര്‍ഷങ്ങള്‍ക്കുമുമ്പ് മകന് വൈദ്യപഠനത്തിന് അഡ്മിഷന്‍ കിട്ടിയപ്പോള്‍ സാമ്പത്തികമായ ചെലവുകള്‍ എങ്ങനെ കണ്ടെത്തും എന്ന് ആകുലപ്പെട്ടിരുന്നു. അപ്പോള്‍ ഇതുപോലെ മറ്റൊരു വ്യാപാരി സുഹൃത്തും സഹായം വേണമെങ്കില്‍  ചോദിക്കാന്‍ മടിക്കരുത് എന്ന് പറഞ്ഞത് ഓര്‍ക്കുന്നു. എന്നാല്‍ മനസ്സടുപ്പമുള്ള മറ്റൊരു കൂട്ടുകാരന്റെ സാമ്പത്തിക സഹായം മാത്രമെ സ്വീകരിക്കേണ്ടി വന്നുള്ളൂ. വാങ്ങിയ കടം നിശ്ചിത ഇടവേള കൊണ്ട് അടച്ചുതീര്‍ക്കാനും സാധിച്ചു.

സഹായം സ്വീകരിക്കേണ്ടിവരില്ലെങ്കിലും അത്തരമൊരു അവസരം വിളിപ്പുറത്തുണ്ട് എന്നത് ചില്ലറ ആശ്വാസവും ആത്മധൈര്യവുമല്ല നമുക്ക് നല്‍കുക.

ഒരുപക്ഷേ, സഹായിക്കുമെന്ന്  ഉറച്ചുവിശ്വസിക്കുന്ന ചിലരില്‍ നിന്നെങ്കിലും അത്തരമൊന്ന് കിട്ടാതെ മനസ്സ് വിഷമിക്കുന്ന അവസരങ്ങളിലാണ് ഈ സുമനസ്സുകളുടെ വിലയറിയുക. വിചാരിക്കാത്ത ചില കൈകള്‍ നമുക്ക് ആശ്വാസവുമായി എത്തുമ്പോള്‍ നമ്മള്‍ അറിയാതെ സ്രഷ്ടാവിനെ സ്തുതിച്ചു പോകും.

അവരുടെ നിഷ്‌കപട മനസ്സിന് മുമ്പില്‍ നമുക്ക് വാക്കുകളില്ലാതാകും. അവരുടെ ഉന്നമനത്തിനു വേണ്ടി പ്രാര്‍ഥിച്ചു പോകും. നമ്മളില്‍ നിന്നും ഒന്നും തിരിച്ചുപ്രതീക്ഷിക്കാതെ നമ്മെ സഹായിക്കാന്‍ സന്മനസ്സ് കാണിക്കുന്ന ചില സുമനസ്സുകള്‍ നമുക്ക് ചുറ്റും എന്നുമുണ്ട്. അവര്‍ മറ്റുള്ളവരില്‍ ഉളവാക്കുന്ന സന്തോഷവും ആത്മവിശ്വാസവും അളവറ്റതാണ്.