അന്നം

ഫൈസല്‍ അനന്തപുരി

2020 ജനുവരി 11 1441 ജുമാദല്‍ അവ്വല്‍ 16

ഞാനും സുഹൃത്തും ഗവേഷണാര്‍ഥമാണ് കോളേജില്‍ നിന്നും പുറത്തിറങ്ങിയത്. ആഴ്ചയിലെ ഒരേയൊരു അവധി ദിവസമായ വെള്ളിയാഴ്ചയെ ക്രിയാത്മകമായ രൂപത്തില്‍ ഉപയോഗപ്പെടുത്താന്‍ ഞങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ലൈബ്രറിയായിരുന്നു ലക്ഷ്യസ്ഥാനം. രാവിലെ 11 മണിക്ക് തന്നെ ഞങ്ങള്‍ അവിടെയെത്തി. വിശാലമായ ക്യാമ്പസിന്റെ ഹൃദയഭാഗത്താണ് വിഖ്യാതമായ സി.എച്ച് ലൈബ്രറി. ഒന്നര മണിക്കൂറോളം ആ ഗ്രന്ഥാലയത്തിനുള്ളില്‍ ഞങ്ങള്‍ നിര്‍ബാധം വിഹരിച്ചു. ഇതിനുള്ളില്‍ കുറച്ചുകാലം താമസിക്കാനായെങ്കില്‍ എന്ന് കൊതിച്ചുപോയി!

അനന്തരം ജുമുഅ നമസ്‌കാരത്തിനായി ഞങ്ങള്‍ കോഹിനൂര്‍ ജംഗ്ഷനിലെ സലഫി മസ്ജിദിലെത്തി. നമസ്‌കാരം കഴിഞ്ഞ് വീണ്ടും യൂണിവേഴ്‌സിറ്റിയിലേക്ക് നടക്കവെ ഞാന്‍ സുഹൃത്തിനോട് പറഞ്ഞു: ''അളിയാ, അതിശക്തമായ ജഠരാഗ്നി! ഒരു മൃഷ്ടാന്നഭോജനത്തിനെ പറ്റി എന്ത് പറയുന്നു?''

''ഈ ചോദ്യം തന്നെ ബാലിശമാണ്! ഫോളോ മീ'' എന്ന ഡയലോഗും തട്ടിവിട്ട് അവന്‍ അതിവേഗം മുന്നോട്ടു ഗമിച്ചു. വളരെ പണിപ്പെട്ട് അവനോടൊപ്പമെത്താന്‍ ഞാന്‍ ശ്രമിച്ചു.

അങ്ങനെ അവന്‍ ചെന്ന് ബ്രേക്കിട്ടത് ബസ് സ്റ്റോപ്പിനു സമീപമുള്ള ഇന്ത്യന്‍ കോഫി ഹൗസിന്റെ മുന്നിലാണ്. ആദ്യം തന്നെ ഭക്ഷണത്തിനുള്ള ടോക്കണെടുത്ത് ഞങ്ങള്‍ തിരക്കൊഴിഞ്ഞ ഒരു മൂലയില്‍ ചെന്നിരുന്നു. ഞങ്ങളുടെ തൊട്ടടുത്ത ടേബിളില്‍ നിന്നും ഒരു കുടുംബം അപ്പോള്‍ എഴുന്നേറ്റതേയുള്ളൂ.

വെയ്റ്ററുടെ ആഗമനത്തിനായി അല്‍പനേരം കാത്തിരിക്കേണ്ടിവന്നു. അപ്പോഴാണ് അരികിലെ ടേബിളിലേക്ക് കൈയിലൊരു ടോക്കണുമായി ഒരാള്‍ വന്നത്; ശുഭ്ര വസ്ത്രധാരിയായ, തലയില്‍ തൊപ്പിവച്ച ഒരാള്‍. അവിടെയെത്തിയത് മുതല്‍ അദ്ദേഹം അടുത്തുള്ള ടേബിളിലേക്ക് സൂക്ഷിച്ചു നോക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. അവിടേക്ക് നോക്കിയപ്പോള്‍ ഞാനും അത് കണ്ടു; ഒരു പ്ലേറ്റ് ബിരിയാണി, അല്‍പം മാത്രമെ അതില്‍നിന്ന് കഴിച്ചിട്ടിട്ടുള്ളൂ. നേരത്തെ മടങ്ങിയ കുടുംബത്തിലെ ചെറിയ കുട്ടിക്ക് വേണ്ടി വാങ്ങിയതായിരിക്കാം. വളരെ കുറച്ചു മാത്രം കഴിച്ച് അത് ഒഴിവാക്കിയിരിക്കുന്നു!

താമസിയാതെ ടോക്കണ്‍ വാങ്ങാനായി വെയ്റ്റര്‍ ഞങ്ങള്‍ക്കടുത്തെത്തി. ഞങ്ങളുടെ ടോക്കണ്‍ വാങ്ങിയ ശേഷം അവന്‍ ആ ശുഭ്ര വസ്ത്രധാരിയുടെ അടുത്തേക്ക് പോയി. ഒരു നിമിഷത്തെ മൗനത്തിനു ശേഷം അദ്ദേഹം ടോക്കണ്‍ ഏല്‍പിച്ചു കൊണ്ട് പറഞ്ഞു:

''ഇപ്പോള്‍ എനിക്ക് ഭക്ഷണം കൊണ്ടുവരേണ്ടതില്ല. ഞാന്‍ പറഞ്ഞതിനു ശേഷം കൊണ്ടുവന്നാല്‍ മതി.''

വെയ്റ്റര്‍ അകത്തേക്ക് പോയി. വീണ്ടും ഞാന്‍ ആ വെള്ള വസ്ത്രക്കാരനെ ശ്രദ്ധിച്ചു. എന്തിനായിരിക്കും അയാള്‍ ഇപ്പോള്‍ ഭക്ഷണം െകാണ്ടുവരേണ്ട എന്ന് പറഞ്ഞത്? തൊട്ടടുത്ത മേശയിലുണ്ടായിരുന്ന ബാക്കിവച്ച ബിരിയാണിയുടെ പ്ലേറ്റ് അയാള്‍ എത്തിച്ചെടുക്കുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. അനന്തരം ആ പ്ലേറ്റിലുള്ള ഭക്ഷണം അയാള്‍ കഴിക്കാനാരംഭിച്ചു. അതിലുള്ള അവസാന വറ്റും അയാള്‍ തിന്നുതീര്‍ത്തു. ഗ്ലാസ്സിലെ വെള്ളം കുടിച്ച് അല്ലാഹുവിന് സ്തുതികളര്‍പ്പിച്ചു കൊണ്ട് അദ്ദേഹം എഴുന്നേറ്റു. ഞങ്ങള്‍ക്കരികിലൂടെ കടന്നുപോകുമ്പോള്‍ അദ്ദേഹം ഞങ്ങളെ നോക്കി ഹൃദമായി മന്ദഹസിക്കുന്നുണ്ടായിരുന്നു.

അല്ലാഹു അക്ബര്‍! അത് വെറുമൊരു കാഴ്ചയായല്ല, കവിതയായാണ് തോന്നിയത്. തീരെ കണ്ടുപരിചയമില്ലാത്ത ആ രംഗം മനസ്സിലുണ്ടാക്കിയ ചലനം ചെറുതായിരുന്നില്ല.

 സി.എച്ച്. ലൈബ്രറിയുടെ രണ്ടാം നിലയിലെ റഫറന്‍സ് സെക്ഷനില്‍ പുസ്തകങ്ങള്‍ പരതുമ്പോള്‍ മനസ്സ് ആ കാഴ്ചയിലേക്ക് അറിയാതെ മടങ്ങി. അന്നത്തിന്റെ വിലയറിയുന്ന മാന്യന്‍! കോടിക്കണക്കിനാളുകള്‍ ഈ ലോകത്ത് അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി കഴിയുന്നു. ഒരു നേരത്തെ അന്നം പോലും അവര്‍ക്ക് കിട്ടാക്കനിയാണ്. മറുവശത്ത് ഒരു വിഭാഗം ധൂര്‍ത്തും ദുര്‍വ്യയങ്ങളുമായി കഴിയുന്നു. മുന്തിയ തരം ഭക്ഷണങ്ങള്‍ ചവറ്റുകുട്ടയിലെറിഞ്ഞ് പാഴാക്കുന്നു.

''പിന്നീട് ആ ദിവസത്തില്‍ സുഖാനുഭവങ്ങളെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും'' എന്ന ക്വുര്‍ആന്‍ വചനം (102:8) വിശ്വാസികളുടെ മനസ്സില്‍ നിലനില്‍ക്കേണ്ടതുണ്ട്. കുടിക്കാന്‍ ലഭിക്കുന്നത് ഒരു ഗ്ലാസ് വെള്ളമാണെങ്കിലും അതിന് നന്ദി കാണിക്കുവാന്‍ നാം ബാധ്യസ്ഥരാണെന്ന് തിരിച്ചറിയുക.