മറക്കാനാവാത്ത ചില ഗുരുമുഖങ്ങള്‍

സലാം സുറുമ എടത്തനാട്ടുകര

2020 ഡിസംബര്‍ 05 1442 റബീഉല്‍ ആഖിര്‍ 20

''കുപ്പികളൊക്കെ ഒഴിഞ്ഞോ? വരുന്ന ശനിയാഴ്ച രാവിലെ എല്ലാം പെറുക്കി വീട്ടില്‍ വരണം.''

തെറ്റിദ്ധരിക്കേണ്ട; 1994ലെ അധ്യാപക പരിശീലന കാലത്തെ ഒരു അനുഭവമാണ് പങ്കുവയ്ക്കുന്നത്.

മറ്റു മൂന്ന് ആണ്‍കുട്ടികള്‍ക്കൊപ്പം ഒരു വീട് വാടകക്കെടുത്താണ് തെക്കന്‍ കേരളത്തിലെ ടി.ടി.സി. പഠനകാലം പിന്നിട്ടത്. ആണ്‍കുട്ടികള്‍ ആയതുകൊണ്ട് തന്നെ വെപ്പും തീനുമൊക്കെ ഒരു 'കഥ'യായിരുന്നു. അത് അറിയാവുന്ന ടി.ടി.ഐ അധ്യാപികയായ ഇന്ദിരാഭായ് ടീച്ചര്‍ ഞങ്ങള്‍ക്ക് കഴിക്കാനായി ഇടയ്ക്കിടെ ഒരു വലിയ ഹോര്‍ലിക്‌സ് കുപ്പി നിറയെ അച്ചാര്‍ കൊണ്ടുവന്ന് തരും. ചാമ്പക്ക, നെല്ലിക്ക, മാങ്ങ, നാരങ്ങ തുടങ്ങിയവകൊണ്ട് വീട്ടില്‍ തയ്യാറാക്കിയ ആ അച്ചാറിന്റെ രുചി പറഞ്ഞറിയിക്കാനാവാത്തതാണ്. ഇടയ്ക്ക് ബോണസ്സായി ഒരു കുപ്പി നിറയെ നല്ല കട്ടിയുള്ള മോരുകറിയും ഉണ്ടാകും.

കാലിക്കുപ്പികളുടെ എണ്ണം കൂടുമ്പോള്‍ അത് 15 കിലോമീറ്റര്‍ അകലെയുള്ള ടീച്ചറുടെ വീട്ടില്‍ എത്തിക്കല്‍ ഞങ്ങളുടെ ചുമതലയാണ്. ക്ലാസ്സ് ഇല്ലാത്ത ശനിയാഴ്ചയോ ഞായറാഴ്ചയോ എത്തിക്കാനാണ് ടീച്ചര്‍ ആവശ്യപ്പെടുക. കുപ്പികളുമായി വീട്ടില്‍ പോകുന്ന അന്നും ഞങ്ങള്‍ക്ക് ആഘോഷമാണ്. രുചികരമായ വിഭവങ്ങള്‍ അടങ്ങുന്ന ഉച്ചഭക്ഷണം കഴിപ്പിച്ചേ ടീച്ചര്‍ ഞങ്ങളെ വിടൂ. തിരികെ പോരുമ്പോള്‍ അച്ചാറിനും മോരു കറിക്കും ഒപ്പം മറ്റു വിഭവങ്ങളും പായ്ക്ക് ചെയ്തു തരും.

ടീച്ചറുടെ ഭര്‍ത്താവ് അന്ന് വീടിനടുത്ത് തന്നെയുള്ള ഹൈസ്‌കൂളിലെ പ്രധാനാധ്യാപകനാണ്. അവര്‍ക്ക് മൂന്ന് മക്കളുമുണ്ട്. ആണ്‍മക്കള്‍ രണ്ടുപേരും എഞ്ചിനീയര്‍മാരാണ്; മകള്‍ ഡോക്ടറും. ആ മക്കളോട് കാണിക്കുന്ന അതേ സ്‌നേഹവായ്പുകള്‍ വിദ്യാര്‍ഥികളായ ഞങ്ങളോടും ടീച്ചര്‍ കാണിച്ചിരുന്നു. അധ്യാപക ദിനത്തില്‍ മനസ്സിലിടം നേടിയ ചുരുക്കം ചിലര്‍ക്ക് വിളിച്ച് ആശംസകള്‍ നേരാറുണ്ട്. അതില്‍ ആദ്യം വിളിക്കാന്‍ ഓര്‍മ വരുന്ന മുഖവും ടീച്ചറിന്റെതാണ്. ടി.ടി.സി. കോഴ്‌സ് കഴിഞ്ഞിട്ട് കാല്‍ നൂറ്റാണ്ട് ആയെങ്കിലും ഇന്നും ആ സ്‌നേഹബന്ധം തുടരുന്നു. തെക്കന്‍ കേരളത്തിലേക്ക് പോകുന്നുണ്ടെങ്കില്‍ ടീച്ചറെ സന്ദര്‍ശിക്കാതെ തിരിച്ചുപോരാറില്ല. കുടുംബ സമേതം സന്ദര്‍ശിക്കലാണ് ടീച്ചര്‍ക്ക് ഏറെയിഷ്ടം.

26 വര്‍ഷങ്ങള്‍ക്ക് ശേഷം സംഘടിപ്പിച്ച എസ്.എസ്.എല്‍.സി. ബാച്ച് സംഗമത്തില്‍ പത്താം ക്ലാസ്സിലെ വിദ്യാര്‍ഥികളുടെ പേരുകളും അവര്‍ ഇരുന്നിരിന്ന ബെഞ്ചും സീറ്റുമൊക്കെ ഓര്‍ത്തെടുത്തു പറഞ്ഞ് ഞങ്ങളെ ആശ്ചര്യപ്പെടുത്തിയ ബയോളജി അധ്യാപകനെയും ടി.ടി.സി. പഠനകാലത്ത് അവധിക്ക് നാട്ടില്‍ പോകുമ്പോള്‍ 'വണ്ടിക്കൂലിക്ക് പണമില്ലേ' എന്ന് രഹസ്യമായി അന്വേഷിച്ചിരുന്ന പ്രിന്‍സിപ്പാളിനെയും കോളേജ് പഠന കാലത്ത് വിദ്യാര്‍ഥികള്‍ക്ക് പണം കടംകൊടുക്കത്തക്ക സൗഹൃദം പുലര്‍ത്തിയിരുന്ന അധ്യാപകനെയുമൊക്കെ എങ്ങനെ മറക്കാനാകും.

ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു അധ്യാപകന്റെ മുഖവും മനസ്സിലുണ്ട്. ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് കണക്ക് ഹോംവര്‍ക്ക് ചെയ്യാത്തവര്‍ക്ക് നല്‍കുന്ന പ്രാകൃത ശിക്ഷയാണ് അദ്ദേഹത്തോടുള്ള ഇഷ്ടമില്ലായ്മക്ക് കാരണം. ഗൃഹപാഠം ചെയ്യാത്ത കുട്ടികളെ കൈമുഷ്ടികൊണ്ട് മേശയുടെ വക്കില്‍ ഇടിപ്പിക്കും. കൂടെ അദ്ദേഹം ഇടിയുടെ എണ്ണവുമെടുക്കും. ഇടിയുടെ വേഗത കുറഞ്ഞാല്‍ എണ്ണല്‍ ഒന്നില്‍ നിന്നും വീണ്ടും ആരംഭിക്കും. ചില ദിവസങ്ങളില്‍ ഇടിപ്പിക്കലിനു പുറമെ ചൂരല്‍ പ്രയോഗവും നടത്തും. ചോരയൂറിയതും തൊലിപോയതുമായ കൈകളുമായി അധ്യാപകനെ ശപിക്കുന്ന ശിഷ്യഗണങ്ങളുടെ മനസ്സ് അദ്ദേഹത്തിന് വായിക്കാനായില്ല.

അധ്യാപനം ഒരു കലയാണ്. ഉത്തമമായ തലമുറയെ വാര്‍ത്തെടുക്കുന്നതിനായി സ്വയം ജ്വലിച്ചു കൊണ്ടിരിക്കുന്ന വിളക്കുമാടങ്ങളാകണം അധ്യാപകര്‍. പഠിതാക്കളിലെ വൈവിധ്യങ്ങളെ തിരിച്ചറിയാനും അവരെ മാനിക്കാനും ആദരിക്കാനും അധ്യാപകര്‍ ശ്രമിക്കണം. പഠിതാക്കളോട് സ്‌നേഹപൂര്‍വം ഇടപെടുന്ന അധ്യാപകരെയാണ് എല്ലാ വിദ്യാര്‍ഥികളും നെഞ്ചിലേറ്റുക എന്നത് മറക്കാതിരിക്കുക.