പൂക്കാന്‍ മടിക്കാത്ത ചില്ലകള്‍

ഇബ്‌നു അലി എടത്തനാട്ടുകര

2020 ജൂണ്‍ 27 1441 ദുല്‍ക്വഅദ് 06

പുറത്ത് മഴ തകര്‍ത്തുപെയ്യുന്നുണ്ട്. വെള്ളം കുത്തിയൊലിച്ച് ഒരു ചെറു പുഴയായി മുറ്റത്തും റോഡിലും ഒഴുകുന്നു. സുഹൃത്ത് പൂമുഖത്ത് ആലോചനയില്‍ മുഴുകിയിരുന്നു.

ജൂണ്‍ മാസം ആകുമ്പോഴേക്കും കുട്ടികള്‍ക്ക് പഠിക്കാന്‍ ബുക്കും സ്ലേറ്റും പേനയും പെന്‍സിലും ബാഗും കുടയും അടക്കം എത്തിക്കാറുണ്ട്. ഇത്തവണ ഓണ്‍ലൈന്‍ ക്ലാസ്സ് ആയതുകൊണ്ട് കുടയും ബാഗും ഉടനടി ആവശ്യമില്ല, എന്നാല്‍ ബുക്കും പെന്നും വേണം. ബുക്കിന് വലിയ വിലയാണ്, മൂന്നു നാല് കുട്ടികള്‍ പഠിക്കാനുള്ള വീട്ടില്‍ അതിന് തന്നെ വലിയ ചെലവുണ്ട്. പണിയില്ല, വരുമാനമില്ല എന്ന് പറഞ്ഞു രക്ഷിതാക്കള്‍ വിളിക്കുന്നു. 520 ഓളം കുട്ടികളുടെ പഠനചെലവാണ് സുഹൃത്തും കൂട്ടുകാരും വഹിക്കുന്നത്.

പതിവായി സഹായിക്കുന്നവര്‍ കച്ചവടം കുറഞ്ഞു നഷ്ടത്തിലാണ്. ജോലിക്കാര്‍ക്ക് എങ്ങനെ ശമ്പളം കൊടുക്കും എന്ന ആശങ്കയിലാണ്. ജോലിക്കാര്‍ക്ക് കൂലി കൊടുക്കാന്‍ ആസ്തി വളരെ വിലകുറച്ച് വിറ്റു ചിലര്‍. ചിലര്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്നു. മൊത്തം ആശങ്ക. കോവിഡ് ലോകത്തെ മൊത്തം കരയിപ്പിക്കുകയാണ്.

പ്രതിമാസം പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ കുടുംബങ്ങള്‍ക്ക് കൊടുക്കുന്ന റേഷന്‍ രണ്ട് മാസം ഒഴിവാക്കി എങ്ങനെയെങ്കിലും പഠനസഹായം ചെയ്താലോ എന്ന ആലോചനയിലാണ് സുഹൃത്ത്. സര്‍ക്കാരും സന്നദ്ധ സംഘടനകളും സഹായിക്കുന്നതുകൊണ്ട് പട്ടിണി ഇപ്പോള്‍ കുറവാണല്ലോ.

മകന്‍ അടുത്ത് വന്നു. പുസ്തകവും പേനയും കൊണ്ടുപോയി വിതരണം ചെയ്യാന്‍ അവനും ഉണ്ട് എന്ന് പറഞ്ഞു. എല്ലാ കൊല്ലവും സ്‌കൂള്‍ തുറക്കുന്നതിന് മുമ്പുള്ള ദിവസങ്ങള്‍ വീട് കടപോലെയാവും. ബുക്കും പെന്നും കുടയും മറ്റും ബാഗിലാക്കുയും ഓരോ പ്രദേശത്തേക്കുള്ളത് മാറ്റിവയ്ക്കുകയും ചെയ്യുന്ന തിരക്ക്. എന്നാല്‍ ഇത്തവണ അതൊന്നും കാണുന്നില്ല. 'കാശ് ഇല്ലെടോ' എന്ന് അദ്ദേഹം പറഞ്ഞു. ഒന്നാലോചിച്ച് മോന്‍ പറഞ്ഞു, പെന്നും പെന്‍സിലും വാങ്ങാന്‍ പണം അവന്‍ കൊടുക്കാം എന്ന്. സുഹൃത്തിന്  സന്തോഷവും സങ്കടവും ഒന്നിച്ച് വന്നു.

പ്രായംകൊണ്ടും ശരീരംകൊണ്ടും മുതിര്‍ന്നുവെങ്കിലും മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവനാണ് മോന്‍. അവന് കിട്ടിയ നാലഞ്ച് മാസത്തെ സര്‍ക്കാര്‍ പെന്‍ഷന്‍ തുക കൊടുക്കാം എന്നാണ് അവന്‍ പറയുന്നത്. ആറായിരത്തില്‍ കൂടുതലുണ്ട് തുക.

സുഹൃത്ത് ചില സ്ഥലങ്ങളിലേക്ക് പഠന സാമഗ്രികള്‍ വിതരണം ചെയ്യാന്‍ മോനെയാണ് സ്ഥിരം ഓട്ടോറിക്ഷക്കാരനായ സുഹൃത്തിനെ കൂട്ടി അയച്ചിരുന്നത്. അവനെ സന്തോഷിപ്പിക്കാന്‍ ചില സ്‌കൂളുക ളിലേക്ക് കൊടുക്കുന്ന പഠനസാമഗ്രികളുടെ വിതരണ ചടങ്ങ് അവനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാ റുണ്ടായിരുന്നു.

അവന്‍ ഒരു പേന പ്രേമിയാണ്. നല്ലൊരു ശേഖരമുണ്ട്. അവന്‍ ഏറെ ഇഷ്ടപ്പെട്ട ഒരു പേന ടീച്ചര്‍ എഴുതാന്‍ വാങ്ങി മടക്കിക്കൊടുക്കാന്‍ മറന്ന കഥ പങ്കുവച്ചത് ഓര്‍മ വരുന്നു. മടി കാരണം അവന്‍ തിരികെ ചോദിച്ചില്ല. വീട്ടിലെത്തിയപ്പോള്‍ ആ പേന വേണം എന്ന് വാശി. കടയില്‍ പോയപ്പോള്‍ ആ തരം പേന ഇല്ല. ഒടുക്കം സുഹൃത്ത് അവനെയും കൊണ്ട് സ്‌കൂട്ടറില്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്ത് വാങ്ങിക്കൊടുത്തപ്പോഴാണ് അവന് സമാധാനം ആയത്.

എണ്ണം കുറഞ്ഞാലും എല്ലാവര്‍ക്കുമുള്ള സാധനങ്ങള്‍ ഒരുമിച്ച് വാങ്ങാനും വിതരണം ചെയ്യാനും പണവും സാഹചര്യവും സമ്മതിക്കാത്തതിനാലും അത്യാവശ്യക്കാര്‍ക്ക് പഠന സാധങ്ങള്‍ വിതരണം ചെയ്യാനുള്ള തീരുമാനമെടുത്തു സുഹൃത്ത്. വിതരണം വൈകാതെ തുടങ്ങും, സംശയിക്കേണ്ട മോന്‍ മുമ്പിലുണ്ടാകും. നന്മ മരങ്ങളുടെ ശിഖരങ്ങള്‍ക്ക് പൂക്കാതിരിക്കാനാവില്ല. മഴ ക്ഷീണിച്ചിരിക്കുന്നു. ആശ്വാസത്തിന്റെ ചാറ്റല്‍ മാത്രമെയുള്ളൂ. ഇളം വെയില്‍ കൂടെയുണ്ട്. ഈ കാലവും കടന്ന് പോകും.