ചിരിക്കുന്ന കച്ചവടക്കാരന്‍

ഇബ്‌നു അലി എടത്തനാട്ടുകര

2020 ജനുവരി 04 1441 ജുമാദല്‍ അവ്വല്‍ 09

ശുഭ്രവസ്ത്രധാരിയായാണ് അന്നും അദ്ദേഹം വന്നത്. വെള്ളമുണ്ടും വെളുത്ത ഷര്‍ട്ടും വെളുത്ത തലക്കെട്ടും കെട്ടി ഭംഗിയുള്ള കറുത്ത താടിയുമായി ഓഫീസ് കാബിനിലേക്ക് വന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ അദ്ദേഹവുമായി ബന്ധമുണ്ട്. സുന്ദരമായ ചിരിക്കുന്ന മുഖം പെട്ടെന്ന് മനസ്സില്‍ നിന്ന് മായില്ല. കുറെ കൊല്ലങ്ങളായി ഡിപ്പാര്‍ട്ട്‌മെന്റുമായും അപ്പീലും കോടതി വ്യവഹാരങ്ങളിലുമായി ഏര്‍പെട്ട് തീര്‍പ്പാകാതെ കിടക്കുന്ന കുറച്ച് നികുതി കുടിശ്ശിക അടച്ചുതീര്‍ത്ത് സമാധാനമായി ഇരിക്കാനാണ് അന്ന് വന്നത്.

ഞാനും  സഹപ്രവര്‍ത്തകനും കുറെയേറെ പണിപ്പെട്ട് പഴയ രജിസ്റ്ററുകളും ഫയലുകളും തപ്പി അതിനൊരു പരിഹാരം ഉണ്ടാക്കാന്‍ ശ്രമിച്ചു. എന്തായാലും ഇത്തവണ  പലിശ ഒഴിവാക്കാനുള്ള പ്രത്യേക ഇളവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി  തീര്‍പ്പാക്കി കുടിശ്ശിക അടച്ചു.

ആ സന്തോഷത്തിലാണ് എങ്ങനെ ഒരു മതപണ്ഡിതന്‍ കച്ചവട രംഗത്ത് എത്തി എന്ന എന്റെ സംശയം തീര്‍ത്തത്. മദ്‌റസ അധ്യാപകനായിരുന്നു പിതാവ്. ആദ്യം പിതാവില്‍നിന്ന് പഠിച്ചു. പിന്നെ കോളേജില്‍ പഠിച്ച് അദ്ദേഹം പിതാവിന്റെ  മതാധ്യാപന രംഗത്ത് തന്നെ എത്തപ്പെട്ടു.

നാമമാത്രമായ ജോലിയും വരുമാനവും കൊണ്ട് കുടുംബത്തിലെ ദാരിദ്ര്യം തീരില്ല എന്ന് കണ്ട അദ്ദേഹം ഒരു ഓട്ടോറിക്ഷ വാങ്ങി. അതില്‍ നിന്ന് കിട്ടുന്ന ചെറിയ വരുമാനം സ്വരുക്കൂട്ടി വെച്ചു. അതുകൊണ്ട് രണ്ട് ഓട്ടോകൂടി വാങ്ങി. എന്നാല്‍ ഓട്ടോറിക്ഷകള്‍ക്ക് അറ്റകുറ്റ പണികള്‍ നടത്തേണ്ടി വന്നതോടെ കരുതിവച്ച കാശ് മുഴുവന്‍ തീര്‍ന്നു. നഷ്ടം വരുന്നതിന് മുമ്പേ ഓട്ടോകള്‍ വിറ്റു.

മദ്‌റസാ അധ്യാപനം മുടക്കരുതെന്ന നിബന്ധനയോടെ പിന്നീട് പിതാവും ബന്ധുവും നല്‍കിയ ചെറിയ മൂലധനം കൊണ്ട് ഒരു കുടുസ്സ് മുറിയില്‍ പുസ്തകക്കട തുടങ്ങി. മദ്‌റസാപുസ്തങ്ങളും മറ്റുമായിരുന്നു പ്രധാനം. എന്നാല്‍ സീസന്‍ കഴിഞ്ഞാല്‍ പിന്നെ കാര്യമായ വരുമാനം ഇല്ല. വാടകയും അന്യസംസ്ഥാന തൊഴിലാളിയായ സഹായിക്ക് കൂലിയും കൊടുത്താല്‍ പിന്നെ ഒന്നും ബാക്കിയില്ലാത്ത അവസ്ഥ.  

പിന്നീട് എ 4 പേപ്പര്‍ കച്ചവടത്തിലേക്ക് കാല്‍വച്ചു. ദൂര ജില്ലയില്‍ നിന്ന് സാധനം വാങ്ങി ചെറിയ ഒരു വാഹനത്തില്‍ അദ്ദേഹം ഡ്രൈവറും പണിക്കാരന്‍ സെയില്‍സ്മാനും ആയി കടകളില്‍ വില്‍പന തുടങ്ങി. കാര്യമായ വരുമാനം കിട്ടിയില്ലെങ്കിലും രംഗത്ത് തുടരാനുള്ള ആത്മവിശ്വാസം അതില്‍ നിന്ന് കിട്ടി.

ആയിടെ സ്‌കൂള്‍ വിദ്യാഭ്യാസ രീതിയില്‍ മാറ്റം വരികയും പ്രോജക്ടുകള്‍ക്കും മറ്റും എ 4 പേപ്പറിന്റെ ആവശ്യം കൂടുകയും ചെയ്തു. കൂടുതല്‍ വാങ്ങി വിറ്റു. കച്ചവടം ഉഷാറായി. അന്യസംസ്ഥാനത്തു നിന്ന് പേപ്പര്‍ നേരിട്ട് വരുത്തി വില്‍ക്കാന്‍ തുടങ്ങി. പിന്നെ നോട്ടുബുക്ക് കൂടി ഉള്‍പെടുത്തി. കച്ചവടം പച്ച പിടിച്ചു. അങ്ങനെ കട വിപുലീകരിച്ചു ഗോഡൗണ്‍ ആയി. ലക്ഷങ്ങളുടെ ബിസിനസ്സിലേക്ക് വളര്‍ന്നു. കച്ചവടത്തില്‍ നിന്ന്  സമ്പാദ്യം ഉണ്ടായി. വാഹനങ്ങള്‍ വാങ്ങി. തൊഴിലാളികള്‍ കൂടി. സ്ഥലം വാങ്ങി. വീടുവെച്ചു. ഹജ്ജ് ചെയ്തു.

പിതാവിന് അടിയന്തിരമായി ഹൃദയ ശസ്ത്രക്രിയ നടത്താന്‍ ലക്ഷങ്ങള്‍ ഉടനടി വേണം എന്ന് ആശുപത്രി അധികൃതര്‍ തിരക്ക് കൂട്ടിയപ്പോള്‍ പണം കൊണ്ടുവന്നു കൊടുത്ത വ്യാപാരിയെ അദ്ദേഹം ഇന്നും ഓര്‍ക്കുന്നു. ചിലരില്‍ നിന്ന് ലക്ഷങ്ങള്‍ കിട്ടാനുണ്ട്. അത് കച്ചവടത്തിന്റെ ഒരു ഭാഗം ആണെന്ന് ആശ്വസിക്കുന്നു. ലക്ഷങ്ങള്‍ നല്‍കാനുള്ള ഒരാളെ വീട്ടില്‍ തിരഞ്ഞു ചെന്നപ്പോള്‍ വീടിന്റെ ദയനീയ അവസ്ഥ കണ്ട് കുട്ടികളുടെ കയ്യില്‍ കുറച്ച് രൂപ ഏല്‍പിച്ച മടങ്ങിപ്പോരേണ്ടി വന്ന കാര്യം അയാള്‍ ഓര്‍ത്തു.

എല്ലാവര്‍ക്കും ഉള്ള പോലെ, ബിസിനസ് കുറഞ്ഞു നിഴല്‍വീഴുന്നു എന്ന് അദ്ദേഹത്തിനും തോന്നുന്നുണ്ട്. കച്ചവട ഇനങ്ങള്‍ കുറച്ച്  മേഖല ഒന്ന് ചുരുക്കി, ഒന്ന് ഒതുങ്ങി സ്വസ്ഥതയും സമാധാനവും കൂടുതല്‍ വര്‍ധിപ്പിക്കണം എന്ന് അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ പരസ്പരം കുടുംബ വിശേഷങ്ങളും പങ്ക് വെച്ചു. പ്രാര്‍ഥിക്കണമെന്ന വസ്വിയ്യത്തോടെയാണ് പിരിഞ്ഞത്. ചില മനുഷ്യര്‍ അങ്ങനെയാണ്. അവര്‍ രൂപം, വേഷം, മനോഭാവം, പെരുമാറ്റം, പുഞ്ചിരി എന്നിവ  കൊണ്ട് നമ്മെ സ്വാധീനിക്കും.

മദ്‌റസാധ്യാപന ഭൂതകാലത്തെയും അന്ന് അനുഭവിച്ച ദാരിദ്ര്യത്തെയും മറക്കാതെ നാല്‍പത് വയസ്സ് തികയാത്ത യുവത്വത്തില്‍ അദ്ദേഹം ആവശ്യത്തിന് സമ്പത്ത് നേടി എന്ന് സ്വയം തീരുമാനിച്ച് തൃപ്തിപ്പെട്ട് സ്വയം ചുരുങ്ങുന്നു. സര്‍ക്കാര്‍ ജോലിയോ സമ്പത്തോ സ്ഥാനമാനങ്ങളോ കിട്ടുമ്പോഴേക്കും കഴിഞ്ഞ കാല കഥകള്‍ മാത്രമല്ല സ്രഷ്ടാവിനെ പോലും മറന്നുകളയുന്ന ഇക്കാലത്ത് ആ വെള്ളവസ്ത്രധാരിക്ക് മനസ്സില്‍ നിന്നുയരുന്ന ആത്മാര്‍ഥ പ്രാര്‍ഥനകള്‍.