ആംബുലന്‍സിന്റെ നിലയ്ക്കാത്ത നിലവിളി

ഇബ്‌നു അലി എടത്തനാട്ടുകര

2020 ജനുവരി 18 1441 ജുമാദല്‍ അവ്വല്‍ 23

ഓഫീസില്‍ ഒരു ഫയലില്‍ മുഖം പൂഴ്ത്തി ഇരിക്കുകയായിരുന്നു. അപ്പോഴാണ് ആ നീണ്ട നിലവിളി കേട്ടത്. ഒരു ആംബുലന്‍സില്‍ നിന്നുള്ള നിലയ്ക്കാത്ത ഹോണ്‍. ഒരുവേള ആ വാഹനത്തിലെ ആളെക്കുറിച്ച് ചിന്തിച്ചുപോയി. അതിവേഗത്തില്‍ പായുന്ന വാഹനത്തില്‍ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂല്‍പാലത്തിലൂടെ പതിയെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന  ഒരു മനുഷ്യന്‍! കൂടെ കരഞ്ഞ്കണ്ണുനീര്‍ പൊഴിച്ച് സ്ഥലകാല ബോധം നഷ്ടപ്പെട്ട് ഉറ്റവര്‍...

ഈ വാഹനത്തിന്റെ മുന്നറിയിപ്പ് നിലവിളി ശബ്ദം ഓഫീസിലിരിക്കുമ്പോള്‍ ഇടയ്ക്കിടെ കേള്‍ക്കാം. മികച്ച സൗകര്യങ്ങളുള്ള അര ഡസനോളം ആശുപത്രികളുള്ള നഗരത്തിലെ സമുച്ചയത്തിലെ മൂന്നാം നിലയിലാണ് ഓഫീസ്. നാല് പാതകള്‍ ചേരുന്ന ജംഗ്ഷന് സമീപമുള്ള ഈ ഓഫീസില്‍ ഏത് റോഡിലൂടെ ആംബുലന്‍സ് കിതച്ചോടിയാലും ശബ്ദം കാതിലെത്തും. ദിവസവും പല തവണ ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബന്ധുവിന്റെ വീട്ടിലേക്ക് 'മരണംകൊണ്ട്' ആംബുലന്‍സ് വന്നു നിന്നതും കണ്ടമാത്രയില്‍ കൂട്ടക്കരച്ചില്‍ പൊട്ടിപ്പുറപ്പെട്ടതും ഓര്‍മയിലുണ്ട്.

ഓരോ ആംബുലന്‍സിന്റെ ശബ്ദവും ഉള്ളില്‍ ഒരാളല്‍ ഉണ്ടാക്കുന്നു. ആംബുലന്‍സുകളുടെ ഒന്നിച്ചോട്ടം വലിയ ദുരന്തത്തെ ഓര്‍മിപ്പിക്കുന്നു. അപ്പോള്‍ അറിയാതെ സ്രഷ്ടാവിനെ വിളിച്ചുപോകും!

നാം വീട്, കുടുംബം, വാഹനം, ജോലി എന്നിവയ്ക്ക് വേണ്ടി മാത്രം അവിശ്രമം അധ്വാനിച്ചു കൊണ്ടേയിരിക്കുന്നു. തിരക്കിനിടയില്‍ ഭക്ഷണം പോലും നേരത്ത് കഴിക്കാന്‍ പറ്റാതെ വരുന്നു. ഉറക്കം ആവശ്യത്തിന് ലഭിക്കാതെ പോകുന്നു. ഓടിത്തളര്‍ന്ന ശരീരത്തിന് വിശ്രമത്തിന് പോലും വേണ്ടത്ര സമയം കിട്ടുന്നില്ല. സ്വന്തം കുടുംബത്തില്‍ പോലും വേണ്ടത്ര സമയം ചെലവഴിക്കാന്‍ ആകുന്നില്ല.

ആ ആംബുലന്‍സില്‍ അതേപോലെ തിരക്കുപിടിച്ച ഒരാളുണ്ട്. ഓടിച്ചാടി നടന്നിരുന്ന ഒരാള്‍. കുടുംബത്തിനും കൂട്ടത്തിനും വേണ്ടി രാപ്പകല്‍ ഉണ്ണാതെ, ഉറങ്ങാതെ, വിശ്രമിക്കാതെ ഓടി നടന്നിരുന്ന ഒരാള്‍. ഇപ്പോള്‍ അയാള്‍ നിസ്സഹായനാണ്. ബന്ധുക്കള്‍ ദുഃഖാര്‍ത്തരാണ്.

തൊട്ടടുത്തുള്ള ഒരു ആശുപത്രിയിലേക്ക് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ അയാളെ എത്തിക്കും. ആംബുലന്‍സില്‍ നിന്ന്, തയ്യാറാക്കിവെച്ചിരിക്കുന്ന ഉന്തുവണ്ടിയിലെ പച്ച വിരിപ്പിലേക്ക് ജീവനക്കാര്‍ എടുത്തുകിടത്തും. യൂണിഫോമിട്ട ആശുപത്രി ജീവനക്കാര്‍ ആ വണ്ടി തള്ളി ആശുപത്രിക്കകത്തേക്കോടും. ഡോക്ടര്‍മാര്‍ ഉടനടി നിര്‍ദേശങ്ങള്‍ നല്‍കും; ചികിത്സ തുടങ്ങും. മിക്കവാറും അയാളെ ഐസിയുവിലെ തണുത്ത ഏകാന്തതയിലേക്ക് മാറ്റും.

പുറത്ത് ഡോക്ടറുടെ ആശ്വാസ വാക്കുകള്‍ക്കായി ബന്ധുക്കള്‍ കാത്ത് കെട്ടിക്കിടക്കും. ഉറങ്ങാതെ, ഭക്ഷണം കഴിക്കാതെ. കേട്ടറിഞ്ഞവരുടെ ഫോണ്‍വിളികള്‍ എത്തും. വിവരം പരക്കും. ബന്ധുക്കള്‍, അയല്‍വാസികള്‍, കൂട്ടുകാര്‍ ആശ്വാസ വചനങ്ങളുമായി എത്തും. ഇതൊന്നുമറിയാതെ അയാള്‍ ആ തണുപ്പ് മുറിയില്‍ നിശ്ശബ്ദനായി കിടക്കും.

ഓരോ പാതയില്‍ നിന്നും ആംബുലന്‍സിന്റെ അവിരാമമായ ഹോണുകള്‍ പാതി തുറന്ന ചില്ല് ജാലകങ്ങള്‍ കടന്നെത്തി അസ്വാരസ്യം ഉണ്ടാകുമ്പോള്‍ മനസ്സില്‍ അറിയാതെ പേടി ജനിക്കും, പിന്നെയത് വളരും. ഗ്യാരണ്ടി തീരെയില്ലാത്ത ഒന്നാണല്ലോ ജീവിതം!

ഒരുപക്ഷേ, നമ്മള്‍ അറിയാത്ത ഒരു സ്ഥലത്ത് ഏതോ ഒരു ആംബുലന്‍സില്‍ മുമ്പ് ഒരിക്കലും  കണ്ടിട്ടില്ലാത്ത ഒരു െ്രെഡവര്‍, കേട്ടറിവു മാത്രമുള്ള ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലേക്ക് നമ്മളെയും കൊണ്ട് നെറുകില്‍ നിറമുള്ള വിളക്കുകള്‍ കത്തിച്ച് നിലയ്ക്കാത്ത നിലവിളിയോടെ എല്ലാ ട്രാഫിക് നിയമങ്ങളെയും അവഗണിച്ച് വളഞ്ഞു പുളഞ്ഞ വഴിത്താരയിലൂടെ നമ്മളെയും കൊണ്ടു ശരവേഗത്തില്‍ പറന്നേക്കാം. നാഥാ, നീ തുണ! ഓരോ ആംബുലന്‍സിന്റെ നിലയ്ക്കാത്ത നിലവിളികളും നമ്മെ മരണത്തെ ഓര്‍മപ്പെടുത്തുന്നു.