കൊറോണ കാലത്തെ മോട്ടാര്‍സൈക്കിള്‍ യാത്ര

ഇബ്‌നു അലി എടത്തനാട്ടുകര

2020 ഏപ്രില്‍ 11 1441 ശഅബാന്‍ 18

രാജ്യമൊന്നിച്ച് അനുകൂലിച്ച ജനത കര്‍ഫ്യുവിന് തൊട്ടടുത്ത ദിവസമാണ് സമീപ ജില്ലയിലെ ഓഫീസിലേക്ക് ബെക്കില്‍ യാത്ര ചെയ്യേണ്ടിവന്നത്. സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാവില്ലെന്ന സംശയം കൊണ്ടും കൊറോണ ചങ്ങല പൊട്ടിക്കാന്‍കൂടിയുമാണ് ബെക്കില്‍ നൂറോളം കിലോമീറ്റര്‍ യാത്ര പുറപ്പെട്ടത്. റോഡുപണി കാരണം കുറച്ച് ദൂരം വഴിമാറി സഞ്ചരിക്കേണ്ടി വന്നെങ്കിലും സമയത്ത് തന്നെ ഓഫീസില്‍ എത്തി. റോഡില്‍ വാഹനത്തിരക്ക് തീരെ ഉണ്ടായിരുന്നില്ല എന്നത് തന്നെയായിരുന്നു കാരണം. ഓഫീസിലും ജീവനക്കാരുടെ എണ്ണം വളരെ കുറവ്. ഇടവിട്ട ദിവസങ്ങളില്‍ ജോലിക്ക് ഹാജരായാല്‍ മതി എന്ന ഉത്തരവ് ഉള്ളതിനാല്‍ ആദ്യദിവസം വരാതിരുന്നതാവാം കാരണം.

മറ്റൊരു കാര്യത്തിന് ജില്ലാ ഓഫീസില്‍ എത്തിയപ്പോഴും അവിടെയും ഹാജര്‍നില കുറവായിരുന്നു. സ്റ്റാഫ് കാന്റീനില്‍ ഉച്ച ഭക്ഷണം കഴിക്കാന്‍ ചെന്നപ്പോള്‍ അവിടെയും ആള്‍ കമ്മി! അതുകൊണ്ടാവാം കറിക്കും മറ്റും രുചികൂടിയെന്നു സഹപ്രവര്‍ത്തകന്റെ കമന്റ്. ഊണ് കഴിക്കുമ്പോള്‍ മുന്നിലിരുന്ന ആളെ ശ്രദ്ധിച്ചു. കണ്ടുപരിചയമുള്ള അയാള്‍ക്ക് ഏതുതരം വാഹന പണിമുടക്ക് ഉണ്ടായാലും ഓഫീസില്‍ എത്താന്‍ കഴിയും. 50ല്‍ കൂടുതല്‍ കിലോമീറ്ററുകള്‍ സൈക്കിള്‍ ചവിട്ടിയാണ് അയാള്‍ വര്‍ഷങ്ങളായി ഓഫീസില്‍ വന്നുകൊണ്ടിരിക്കുന്നത്.

ഉയരം കുറഞ്ഞ, ദൃഢഗാത്രനായ അയാളെ പരിചയപ്പെട്ടു. ഇത്തിരി കുശലം പറഞ്ഞു.

ജില്ലാ ആസ്ഥാനത്തു മൂന്ന് റോഡുകളിലായി നിരനിരയായി ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സുകളില്‍ ഒന്നിനെയും കാണുന്നില്ല. ഏതാനും സര്‍ക്കാര്‍ ബസ്സുകള്‍ സ്റ്റാന്റില്‍ കാത്തു കിടപ്പുണ്ടെങ്കിലും യാത്രക്ക് ആളില്ല.

ഓഫീസിലേക്കുള്ള യാത്ര പൊരിവെയിലില്‍ ആയിരുന്നു. രാവിലെ തന്നെ വെയിലിനു ചൂട് ഒട്ടും കുറവുണ്ടായിരുന്നില്ല. എന്നാല്‍ അത്ഭുതകരമെന്ന് തന്നെ പറയാം, ഓഫീസിലേക്കും തിരിച്ചും നൂറോളം കിലോമീറ്റര്‍ യാത്ര ചെയ്തുവെങ്കിലും ഒരൊറ്റ ബസ് പോലും കാണാന്‍ സാധിച്ചില്ല. ഇരുചക്രവാഹനങ്ങള്‍ ഇടക്ക് ഓടിയിരുന്നു. പിന്നെ ചുവന്ന ബോര്‍ഡ് വെച്ച സര്‍ക്കാര്‍ വാഹനങ്ങളും.

തലങ്ങും വിലങ്ങും ഓടിക്കോണ്ടിരിക്കുന്ന ആംബുലന്‍സുകള്‍ ഉള്ളില്‍ പേടിയും ആശങ്കയും ഉയര്‍ത്തി. മടക്കയാത്രയില്‍ നമസ്‌കാരത്തിന് പാര്‍ക്കിംഗ് സൗകര്യമുള്ള നാട്ടുമ്പുറത്തെ പള്ളിക്ക് സമീപം ശ്രമിച്ചെങ്കിലും അത് പുറത്തുനിന്നും പൂട്ടിയിരുന്നു. അടുത്ത ഇടറോഡിലുള്ള പള്ളിയിയും പൂട്ടപ്പെട്ടിരുന്നു.

മാസ്‌ക് ധരിച്ചും അല്ലാതെയും ചിലര്‍ ലിഫ്റ്റിനായി കൈ കാണിച്ചുവെങ്കിലും പേടി കൊണ്ടോ എന്തോ നിര്‍ത്താന്‍ തോന്നിയില്ല. പരിചയമുള്ള ഒരു സുഹൃത്തിന് രണ്ടുകിലോമീറ്റര്‍ മാത്രം ലിഫ്റ്റ് കൊടുത്തു. ടൗണില്‍ കടകള്‍ അപൂര്‍വം തുറന്നിരിക്കുന്നു; പക്ഷേ ആളില്ല. നാട്ടുമ്പുറത്ത് പോലും കടകള്‍ അടഞ്ഞുകിടക്കുന്നു. ബസ് വെയിറ്റിംഗ് ഷെഡില്‍ സ്ത്രീകളും കുട്ടികളുമടക്കം ഏതാനും പേര്‍ ഓടാത്ത ബസിനെ കാത്തിരിക്കുന്നു! റോഡരികില്‍ കുറച്ച് ഓട്ടോറിക്ഷകള്‍ മാത്രം പാര്‍ക്ക് ചെയ്തിരിക്കുന്നു. ചിലയിടങ്ങളില്‍ സ്വകാര്യ ബസുകള്‍ അടച്ചുപൂട്ടി റോഡില്‍ നിന്ന് കുറെ അകലെ നിര്‍ത്തിയിട്ടിരിക്കുന്നു. മൊത്തത്തില്‍ ഒരു തിരക്കില്ലായ്മ. ശൂന്യത. വരാനിരിക്കുന്ന എന്തിനെയോ പേടിച്ച് ആളുകള്‍ ഇരിക്കുന്ന പോലെ. ആശങ്ക അത്രമേല്‍ ആളുകളെ ബാധിച്ചിരിക്കുന്നു.

മടക്കയാത്ര പകുതി എത്തിയപ്പോഴേക്കും ആകാശം ഇരുണ്ടു തുടങ്ങി. മാനത്ത് കരിമേഘങ്ങള്‍ കൂട്ടം കൂടി. ചാറ്റലില്‍ തുടങ്ങി പിന്നെ കാറ്റിന്റെയും ഇടിയുടെയും കൂട്ടോടെ വേനല്‍മഴ കനത്തു പെയ്തു. അരമണിക്കൂറോളം റോഡരികിലെ കടയിറമ്പില്‍ ബൈക്ക് നിര്‍ത്തി നനഞ്ഞ വസ്ത്രങ്ങളുമായി. കനത്ത കാറ്റ് മഴകൊണ്ട് കളിക്കുന്നത് കണ്ടുനിന്നു. മഴ കുറഞ്ഞുതുടങ്ങിയപ്പോള്‍ മഴക്കോട്ടില്ലാതെ കാറ്റും മഴയുംആസ്വദിച്ച് വീട്ടിലേക്ക് വച്ചുപിടിച്ചു.

വീട്ടിലെത്തി നവമാധ്യമ വാര്‍ത്തകള്‍ ശ്രദ്ധിച്ചപ്പോള്‍ അറിഞ്ഞു, സംസ്ഥാനം പൂര്‍ണമായി അടച്ചിട്ടതായി. പ്രളയകാലത്തും പൗരത്വ സമരവേളയിലും മൗനികളായിരുന്ന പല നവമാധ്യമ പോരാളികളും രംഗത്തിറങ്ങിയിരിക്കുന്ന എന്ന പോസ്റ്റുകളും കാണുവാനായി. സുരക്ഷിത കേന്ദ്രങ്ങളിലിരുന്നു യുദ്ധം ചെയ്തിരുന്ന ഒളിപ്പോരാളികളെയും പേടി പിടികൂടിത്തുടങ്ങിയിരിക്കുന്നുവെന്ന് സാരം.

സര്‍ക്കാര്‍ വൈദ്യസേവനരംഗത്ത് ജോലി ചെയ്യുന്ന മകനുമായി അത്താഴ വേളയില്‍ സംശയനിവാരണം നടത്തുമ്പോഴും ആധികാരിക സ്രോതസ്സുകളുടെ വായനയിലും മനസ്സിലാകുന്നത്, പേടിക്കാനില്ല; എന്നാല്‍ കടുത്ത ജാഗ്രത അനിവാര്യമാണ് എന്നാണ്.

ഇപ്പോഴിതാ നീണ്ടനാളുകളിലെ ലോക്ക്ഡൗണില്‍ ഇന്ത്യാരാജ്യം അമര്‍ന്നുകഴിഞ്ഞിരിക്കുന്നു. ലക്ഷ്യം കോവിഡിനെ തുരത്തല്‍ തന്നെ. കഴിഞ്ഞ പ്രളയങ്ങളെ അതിജീവിച്ചപോലെ നാം ഇതിനെയും അതിജീവിക്കും; മികച്ച ആസൂത്രണങ്ങളിലൂടെ, കിടയറ്റ പ്രവര്‍ത്തനങ്ങളിലൂടെ, ഒപ്പം ആത്മാര്‍ഥമായ പ്രാര്‍ഥനയിലൂടെയും. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.