വഴിതെറ്റി ഒടുങ്ങിയ ജീവിതം

ഇബ്‌നു അലി എടത്തനാട്ടുകര

2020 ഒക്ടോബര്‍ 03 1442 സഫര്‍ 16

ജീവിതനദി എപ്പോഴാണ് കലങ്ങിമറിഞ്ഞ് കുത്തിയൊഴുകുക, വഴിമാറുക എന്ന് പറയാന്‍ കഴിയില്ല. കണ്ടൈന്‍മെന്റ് സോണില്‍നിന്ന് ഒഴിവായോ എന്ന് സാമൂഹ്യപ്രവര്‍ത്തകന്‍  ജേഷ്ഠ സുഹൃത്ത് രാവിലെ വിളിച്ച് ചോദിച്ചിരുന്നു. ഉച്ചക്ക് മുമ്പ് വന്നു, പെട്ടെന്ന് പോകുകയും ചെയ്തു. എനിക്ക് അദ്ദേഹത്തില്‍ നിന്ന് കേട്ടറിവുള്ള ഒരു വീട്ടുകാര്‍ക്ക് കൂടി സഹായം എത്തിക്കാനായിരുന്നു ധൃതി. മുറ്റത്തിറങ്ങിയ അദ്ദേഹം പലപ്പോഴായി കേട്ട കഥ പറഞ്ഞു പൂര്‍ത്തിയാക്കി.

ദൂരെയല്ലാത്ത ആരാധനാലായത്തിലും മതപഠന കേന്ദ്രത്തിലും ജോലി ചെയ്തിരുന്നു ആ യുവാവ്. വലിയ വരുമാനമൊന്നുമില്ലെങ്കിലും ഭാര്യയും കുട്ടിയുമായി സുഖജീവിതം. വേറെയൊരാള്‍ പറഞ്ഞാണ് ദൂരെയൊരിടത്ത് അതേപോലുള്ള ജോലിക്ക് പോയത്. വരുമാനം കൂടുതല്‍. കുഴപ്പമൊന്നുമില്ലാതെ കുറച്ച് കാലം പോയി. ഒഴിവുള്ള നേരത്ത് അടുത്തുള്ള ബേക്കറിയില്‍ ഇരിക്കാമെന്ന് ഉടമ പറഞ്ഞു. മുതലാളിയുള്ള നേരം സാധനങ്ങള്‍ എടുത്തുകൊടുക്കാനും അല്ലാത്തനേരം ക്യാഷ് കൗണ്ടറിലും ജോലി. വരുമാനം കൂടി. ജീവിതം കൂടുതല്‍ തെളിഞ്ഞു.

ഭക്ഷണം ബേക്കറിയിലെ ആളുകള്‍ക്കൊപ്പം മെസ്സില്‍ നിന്നായി. മാസങ്ങള്‍ കടന്നുപോയി. അവിടെ ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയുമായി അടുപ്പമായി. ബന്ധം വളര്‍ന്നു. കല്യാണത്തിലേക്ക് എത്തി. വേറെ മതക്കാരിയായ അവളെ അയാള്‍ തന്റെ മതത്തിലേക്ക് ക്ഷണിച്ചു. പറ്റില്ല, വേണമെങ്കില്‍ അയാള്‍ക്ക് മതം മാറാം എന്നായി അവള്‍. അയാള്‍ മാറി. സ്വാഭാവികം, അയാള്‍ക്ക് ഉള്ള ജോലി നഷ്ടപ്പെട്ടു. ബേക്കറിയില്‍നിന്ന് അവളെയും പിരിച്ചുവിട്ടു. അവര്‍ വേറെ താമസമാക്കി. അയാളുടെ മതവും വേഷവും ഒപ്പം ജീവിതവും മാറി. ഏതാനും മാസങ്ങള്‍ കടന്നുപോയി. അവളുടെ മദ്യസേവയില്‍ അയാളും പങ്കാളിയായി. ഇടയ്ക്ക് സിനിമക്ക് പോയി.

ഒരുനാള്‍ അവള്‍ രണ്ട് സിനിമ ടിക്കറ്റ് കൊണ്ടുവന്നു. സിനിമക്ക് പോകാന്‍ നേരം സുഖമില്ല എന്ന് പറഞ്ഞ് അവള്‍ ഒഴിവായി. അയാളെ പറഞ്ഞയച്ചു. ബാക്കി ടിക്കറ്റ് കിട്ടിയ കാശിന് ആര്‍ക്കെങ്കിലും കൊടുക്കാനും ആവശ്യപ്പെട്ടു. ഒറ്റക്ക് പടം പകുതി കണ്ടപ്പോഴേക്കും അയാള്‍ക്ക് ബോറടിച്ചു, വീട്ടിലേക്ക് മടങ്ങി. വീട്ടില്‍ അയാളുടെ കട്ടിലില്‍ ഭാര്യയ്‌ക്കൊപ്പം വേറെ ഒരാള്‍! നിയന്ത്രണം വിട്ട അയാള്‍ ആക്രമിച്ചു. ജാരന്‍ ഓടി രക്ഷപ്പെട്ടു. അവളെ അയാള്‍ വെട്ടിക്കൊന്നു. പിന്നെ ആ യുവാവ് തൂങ്ങിമരിക്കുകയും ചെയ്തു.  മൃതശരീരം നാട്ടിലേക്ക് കൊണ്ടുവരാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. അവിടെത്തന്നെ മറവ് ചെയ്തു.

ആദ്യഭാര്യ ആറു വയസ്സുള്ള മോനും മൂന്നു വയസ്സുള്ള മോളുമായി കോളനി വീട്ടില്‍. പിതാവ് മരണപ്പെട്ട വീട്ടില്‍ പ്രായമായ മാതാവ്. പിന്നെ ഗള്‍ഫുകാരന്റെ രണ്ടാംഭാര്യയായി മാറിയ, ഇപ്പോള്‍ അയാള്‍ തിരിഞ്ഞുനോക്കാത്ത സഹോദരി, അവളുടെ രണ്ട് മക്കള്‍...

ആ കുടുംബത്തിന് പതിവായി ഭക്ഷണത്തിന് സഹായം കൊടുക്കാനാണ് സുഹൃത്ത് ധൃതിപ്പെട്ട് പോയത്. എപ്പോള്‍ വേണമെങ്കിലും പൊളിഞ്ഞ് വീഴാവുന്ന ദ്രവിച്ച വീട്. മൂന്ന് സെന്റ് സ്ഥലം കിട്ടിയാല്‍ അവര്‍ക്ക് പാര്‍ക്കാന്‍ ഒരു കൊച്ചുവീട് നിര്‍മിച്ച് കൊടുക്കാമായിരുന്നു എന്ന പ്രതീക്ഷ അദ്ദേഹം പങ്കു വച്ചു.

ജീവിതത്തിന്റെ ഗതിവിഗതികള്‍ എപ്പോള്‍ എങ്ങനെ മാറിമറിയുമെന്ന് ആര്‍ക്കറിയാം! പടച്ചവന്‍ നമ്മെ സദ്പാന്ഥാവില്‍ കാലുറപ്പിച്ച് നിര്‍ത്തട്ടെ. വഴിതെറ്റിപ്പോയവര്‍ക്ക് തിരികെവരാന്‍ സന്മനസ്സ് തോന്നിപ്പിക്കട്ടെ. പ്രാര്‍ഥനകള്‍ എപ്പോഴും ഉണ്ടായിരിക്കണം.