മരുന്ന് കഞ്ഞിയുടെ മണമുള്ള റമദാന്‍

സലാം സുറുമ എടത്തനാട്ടുകര

2020 മെയ് 16 1441 റമദാന്‍ 23

'എന്നാണാവോ ഇതൊന്ന് രുചിക്കാനാവുക?'

കോളേജില്‍ പഠിക്കുന്ന കാലത്ത് റമദാനില്‍ പല ആവശ്യങ്ങള്‍ക്കായി മണ്ണാര്‍ക്കാട് ആശുപത്രിപ്പടിയില്‍ എത്തുമ്പോള്‍ മനസ്സിനോട് ചോദിക്കുന്ന ചോദ്യമാണിത്. പബ്ലിക് ലൈബ്രറിക്ക് മുമ്പിലെ ജുമാ മസ്ജിദില്‍ നിന്നും റമദാന്‍ ഒന്നു മുതല്‍ പ്രത്യേകമായി വിളമ്പുന്ന 'നോമ്പ് കഞ്ഞി'യുടെ പാചകം ഉച്ചയാകുമ്പോഴേക്കും ആരംഭിക്കുന്നതിന്റെ കൊതിപ്പിക്കുന്ന മണം പരിസരമാകെ പരക്കും. നെയ്യില്‍ വറുത്തെടുക്കുന്ന അണ്ടിപ്പരിപ്പിന്റെയും ഉണക്ക മുന്തിരിയുടെയും കഞ്ഞിയില്‍ ചേര്‍ക്കാനായി മുറിച്ചുവച്ചിരിക്കുന്ന പഴുത്ത കൈതച്ചക്കയയടക്കമുള്ള വ്യത്യസ്ത പഴവര്‍ഗങ്ങളുടെയും കാഴ്ച ഏതൊരാളുടെയും വായില്‍ കപ്പലോടിക്കാനുള്ള വെള്ളം നിറക്കും.

ഇതൊന്ന് രുചിക്കണമെങ്കില്‍ മഗ്‌രിബ് വരെ മണ്ണാര്‍ക്കാട് തങ്ങേണ്ടി വരും എന്ന ചിന്ത ആ സാഹസത്തില്‍ നിന്നും എന്നെ പിന്തിരിപ്പിക്കാറായിരുന്നു പതിവ്. കാരണം നോമ്പ് തുറന്നതിന് ശേഷം പിന്നെ നാട്ടിലേക്ക് ബസ് കിട്ടിയെന്ന് വരില്ല.

1994 ല്‍ അടൂരില്‍  അധ്യാപക പരിശീലന കോഴ്‌സ് ചെയ്യുന്ന കാലം. മറ്റു മൂന്ന് സുഹൃത്തുക്കളുടെ കൂടെ ഒരു വീടെടുത്താണ് താമസം. താമസക്കാരിലെ ഏക മുസ്‌ലിം ആയ ഞാന്‍ നോമ്പ് ആയിക്കഴിഞ്ഞാല്‍ ഇടക്കൊക്കെ കൊട്ടാരക്കരയിലുള്ള സുഹൃത്ത് ആസാദിന്റെ വീട്ടില്‍ പോകും.

അന്നാണ് തെക്കുഭാഗത്തെ നോമ്പ് തുറയുടെ വ്യത്യസ്തത അടുത്തറിയാനായത്. മഗ്‌രിബ് സമയം ആകുമ്പോഴേക്കും പ്രദേശത്തെ ഒട്ടുമിക്ക പുരുഷന്‍മാരും കുട്ടികളെയും കൂട്ടി നോമ്പ് തുറക്കാനായി ജുമാ മസ്ജിദിലെത്തും. വീടുകളില്‍ തയ്യാറാക്കുന്ന ഏതെങ്കിലും പലഹാരങ്ങളും തൂക്കു പാത്രത്തില്‍ നാരങ്ങ വെള്ളമോ ചായയോ കരുതിയിരിക്കും. നോമ്പ് തുറക്കാനായി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കും. പള്ളിയില്‍ നോമ്പ് തുറക്കാനായി  ഈത്തപ്പഴവും പഴങ്ങളും നാരങ്ങ വെള്ളവും മറ്റും ഉണ്ടാവും. വിതരണത്തിനായി യുവാക്കളുടെ നീണ്ട നിരയും. ഓരോരുത്തരും കൊണ്ടു വന്ന വിഭവങ്ങള്‍ അടുത്തിരിക്കുന്നവര്‍ക്ക് പങ്കുവച്ച് കൊണ്ടുള്ള ആ നോമ്പ് തുറ അതീവ ഹൃദ്യമായിരുന്നു.

മഗ്‌രിബ് നമസ്‌കാരം കഴിഞ്ഞാണ് ഒരുപാട് കാലത്തെ ആഗ്രഹമായിരുന്ന രുചികരമായ ആ നോമ്പ് കഞ്ഞി മനസ്സുനിറയെ കഴിക്കാനായത്. നെയ്യില്‍ വറുത്ത് കോരിയെടുത്ത അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും ചേര്‍ത്ത് പാചകം ചെയ്ത ആവി പറക്കുന്ന 'നോമ്പ് കഞ്ഞി' വലിയ പ്ലേറ്റില്‍ വിളമ്പിത്തരും. വേണ്ടവര്‍ക്ക് അവിടെ ഇരുന്ന് തന്നെ കുടിക്കാം. സമയമില്ലാത്തവര്‍ക്ക് തൂക്കു പാത്രങ്ങളിലാക്കി വീട്ടില്‍ കൊണ്ടുപോകാം.

കഴിച്ചാല്‍ ഒട്ടും ക്ഷീണം ഇല്ലെന്ന് മാത്രമല്ല പ്രത്യേക ഉന്മേഷവും നല്‍കുന്ന ഈ മരുന്ന് കഞ്ഞി പിന്നെയും കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞ് മലമ്പുഴയിലെ ഒരു പള്ളിയില്‍ വെച്ച് കഴിച്ചതും ഓര്‍മയിലുണ്ട്.  അവിടെ കഞ്ഞിയുടെ കൂടെ നേന്ത്രക്കായ പുഴുക്കും വിളമ്പിയിരുന്നു.

നമസ്‌കാരവും ഇഫ്ത്വാറും തറാവീഹുമെല്ലാം വീട്ടില്‍വച്ച് തന്നെ നടത്തുന്ന ഈകോവിഡ് നോമ്പ് കാലത്തും ആ മരുന്ന് കഞ്ഞിയുടെ കൊതിയൂറും രുചി നാവിന്‍തുമ്പിലുണ്ട്. ഏറെ വിഭവങ്ങളില്ലാത്ത നോമ്പുതുറ മലയാളികളെ ശീലിപ്പിക്കാന്‍ കൊറോണ കാരണമായിട്ടുണ്ട് എന്ന് കരുതുന്നു. മൂക്കുമുട്ടെ വാരിവലിച്ചു തിന്ന് ഇശാഅ് നമസ്‌കരിക്കാന്‍ പോലും കഴിയാതെ മയക്കത്തിലാണ്ടുപോകുന്ന, റമദാനിന്റെ ലക്ഷ്യം വിസ്മരിപ്പിക്കുന്ന സ്വഭാവം നമ്മിലുണ്ടായിക്കൂടാ.