സ്മാര്‍ട്ട്‌ഫോണില്‍ കുരുങ്ങുന്ന ജീവിതങ്ങള്‍

ഷാജഹാൻ സുറുമ

2020 മാര്‍ച്ച് 07 1441 റജബ് 12

'ഉണ്ണി ഉണ്ടില്ലെങ്കിലും ചാറ്റ് ചെയ്യും, ഉണ്ണിക്കിഷ്ടം സ്മാര്‍ട്‌ഫോണാണ്.'

ഇന്ന് നമുക്കിടയിലെ സ്മാര്‍ട്‌ഫോണ്‍ ജ്വരം കാണുമ്പോള്‍ ഒരു പഴയ റേഡിയോ പരസ്യം മൊഴിമാറ്റിഇങ്ങനെ പറയാന്‍ തോന്നുന്നു.  

ഇന്ന് സമൂഹത്തില്‍ സാമാന്യം ഒരു ഫോന്‍ പൊക്കാന്‍ ആരോഗ്യമുള്ള എല്ലാ കുട്ടികളും യുവതികളും യുവാക്കളും വയോവൃദ്ധരുമടക്കമുള്ളവര്‍ സ്മാര്‍ട്ടായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതില്‍ വമ്പന്‍മാരാണ്.

വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടത്തില്‍ നാടോടുമ്പോള്‍ നടവേ അല്ലെങ്കിലും അരികു ചേര്‍ന്നെങ്കിലും ഓടേണ്ടേ എന്ന് കരുതി മെനക്കെട്ട് ഫോണ്‍ ഉപയോഗിക്കുന്നവരുമുണ്ട് നമുക്കിടയില്‍.

യുവാക്കള്‍ക്കിടയില്‍ വസ്ത്രം മാറ്റുംപോലെ ഫോണ്‍ മാറ്റുന്നവരുമുണ്ട്, സ്മാര്‍ട്‌ഫോണ്‍ ഒരു വികാരമായി മാറിയവര്‍. പുതിയ മോഡലുകള്‍ ഇറങ്ങുന്നതും കാത്തിരിക്കുന്നവര്‍!

ഒരു സാധാരണ കുടുംബത്തിന്റെ റേഷന്‍ ചെലവുകള്‍ക്ക് തുല്യമായ തുക ഫോണിന്റെ തീറ്റക്കും അനുബന്ധ കാര്യങ്ങള്‍ക്കുമായി മുറതെറ്റാതെ മുടക്കുന്നവര്‍.

അനുഗ്രഹമാകുന്ന പഞ്ചേന്ദ്രിയങ്ങളെ കളികള്‍ക്കും തമാശക്കുമായി ഫോണിന്ന് മുന്നില്‍ സമര്‍പ്പിച്ച് ഈ ലോകവുമായി ബന്ധമില്ലാതെ അന്യഗ്രഹ ജീവികളായി സമയം കൊല്ലുന്നവര്‍. ഫോണിന്റെ പുതിയതലമുറ ഇറങ്ങുമ്പോള്‍ അതിനെ പുതുവത്സരത്തെ പോലെ വരവേല്‍ക്കുന്നവര്‍. അതിന് 18 ശതമാനമോ അതിന് മുകളിലോ നികുത്തികൊടുക്കാനും അവര്‍ തയ്യാര്‍.

എന്നാല്‍ വരുമാനത്തിന്റെ രണ്ടര ശതമാനം കണക്കു നോക്കി സകാത്ത് കൊടുക്കാന്‍ കാശില്ല! ദാനധര്‍മങ്ങള്‍ക്ക് പണമില്ല.

ഉടുതുണിക്ക് മറുതുണിയില്ലാതെ, പട്ടിണിയിലും പ്രാരാബ്ധങ്ങളിലുമാണ് മുന്‍ഗാമികള്‍ ജീവിച്ചിരുന്നത് എന്ന കാര്യം അവര്‍ മറന്നുപോകുന്നു. അല്ലെങ്കില്‍ അത് ഓര്‍ക്കുന്നത് ഇഷ്ടപ്പെടാതിരിക്കുന്നു. ആരെങ്കിലും അത് ഓര്‍മിപ്പിക്കുമ്പോള്‍ 'അതൊക്കെ അന്തകാലം' എന്ന് നിസ്സാരമാക്കുന്നു.

ഇഹലോകത്ത് കേവലം ഒരു മരത്തിന്റെ തണല്‍ അനുഭവിക്കാന്‍ അവസരം കിട്ടിയാല്‍ പോലും ആ അനുഗ്രഹത്തിന് സ്രഷ്ടാവിനോട് നന്ദി കാണിക്കാതിരുന്നാല്‍ പരലോക ജീവിതം പ്രയാസത്തിലാകുമല്ലോ എന്ന് ആകുലപ്പെട്ടിരുന്നവരായിരുന്നു പ്രവാചക ശിഷ്യന്‍മാര്‍.

ഇന്ന് നമ്മളോ? അലമാരകള്‍ നിറഞ്ഞുകവിയുന്ന വസ്ത്രങ്ങള്‍. വിഭവസമൃദ്ധമായ തീന്‍മേശ. കയ്യില്‍ സദാസമയം ഒന്നിലധിക മൊബൈല്‍ ഫോണുകള്‍. നല്ല വീട്. മുന്തിയ വാഹനം. ഈ അനുഗ്രഹങ്ങളെ തിരിച്ചറിയാനും അവ നല്‍കിയ സ്രഷ്ടാവിന് നന്ദി കാണിക്കുവാനും സമയമില്ലെന്ന് മാത്രം.