മരണം തീര്‍ക്കുന്ന ശൂന്യത

നബീല്‍ പയ്യോളി

2020 ജൂലൈ 11 1441 ദുല്‍ക്വഅദ് 20

കഴിഞ്ഞ ദിവസം രാവിലെ ഓഫീസില്‍ എത്തി ഇമെയില്‍ തുറന്നപ്പോള്‍ ആദ്യം കണ്ണുടച്ച നോട്ടിഫിക്കേഷന്‍ 'ഇക്കി പാസ്ഡ് എവേ' എന്നതായിരുന്നു. മംഗലാപുരം സ്വദേശി ഇഖ്ബാല്‍ ഏതാനും ആഴ്ചകളായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ആ വാര്‍ത്ത മനസ്സിനെ വല്ലാതെ ഉലച്ചു. പുഞ്ചിരിക്കുന്ന മുഖം എന്നന്നേക്കുമായി മറഞ്ഞു, ഒരു മരവിപ്പ്! ഗള്‍ഫില്‍ വന്നത് മുതല്‍ കാണാന്‍ തുടങ്ങിയ മുഖം, പ്രമുഖ ലോജിസ്റ്റിക് കമ്പനിയുടെ മാനേജര്‍. എന്റെ മാനേജരുടെ കൂട്ടുകാരനും കൂടിയായതിനാല്‍ ഇടയ്ക്കിടെ ഓഫീസില്‍ വരും. ധാരാളം സംസാരിക്കും; ബിസിനസും വ്യക്തിപരമായ കാര്യങ്ങളും എല്ലാം. ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ട എന്ത് സഹായത്തിനു വിളിച്ചാലും അദ്ദേഹം റെഡി. സംശയങ്ങളും ആശങ്കകളും ആ വിളിയില്‍ തീരും. അടുത്ത കൂട്ടുകാരനെ കൊറോണ കാലയവനികക്കുള്ളിലേക്ക് മറച്ചു. കഴിഞ്ഞയാഴ്ചയാണ് കൂട്ടുകാരന്റെ ഉമ്മ വീട്ടില്‍ കുഴഞ്ഞു വീണത്. പെരിന്തല്‍മണ്ണയിലെ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ഇരിക്കെ അവര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. കമ്പനിയിലെ പാക്കിസ്ഥാന്‍കാരന്‍ എഞ്ചിനീയറുടെ മാതാവ്; വിസിറ്റിങ് വിസയില്‍ വന്നതായിരുന്നു. കോവിഡ് ബാധ ഭേദമായി ദിവസങ്ങള്‍ക്കകം ആ ആശുപത്രിയില്‍ തന്നെ ഹൃദയസ്തംഭനം മൂലം അവര്‍ മരിച്ചു.

മരണങ്ങള്‍ നമ്മുടെ മനസ്സിനെ വല്ലാതെ പിടിച്ചുകുലുക്കാറുണ്ട്. മാതാപിതാക്കള്‍, മക്കള്‍, ഭാര്യാഭര്‍ത്താക്കന്മാര്‍, കൂടപ്പിറപ്പുകള്‍, ബന്ധുക്കള്‍, സഹപാഠികള്‍, കൂടെ ജോലി ചെയ്തവര്‍, ആദര്‍ശ സഹോദരങ്ങള്‍... തുടങ്ങി നമ്മുടെ ചുറ്റിലുമുള്ള പലരും മരണം വരിച്ചു. പ്രവാസലോകത്തെ മരണം നോവേറുന്നതാണ്. മാസങ്ങളോ വര്‍ഷങ്ങളോ ആയി കുടുംബത്തെയും നാടിനെയും കാണാത്തവര്‍ കണ്ണടയ്ക്കുമ്പോള്‍ അത് ഹൃദയഭേദകമാണ്. കൊറോണക്കാലം ആയതിനാല്‍ ഒന്ന് മയ്യിത്ത് നമസ്‌കരിക്കുന്നതിലോ ഖബറടക്കുന്നതിലോ പങ്കുചേരാന്‍ വിരലില്‍ എണ്ണാവുന്നവര്‍ക്കെ അവസരം ഉണ്ടാവുകയുള്ളൂ. അനാഥത്വം പേറി അവര്‍ ഈ മണലാരണ്യത്തില്‍ അലിഞ്ഞുചേരും. പാസ്പോര്‍ട്ടും ടിക്കറ്റും വേണ്ടാത്ത ലോകത്തേക്ക് യാത്രയാവും. കര്‍മങ്ങളുടെ ലോകത്തുനിന്നും പ്രതിഫലത്തിന്റെ ലോകത്തെ യാത്രക്കിടയിലാണ് അവരിപ്പോള്‍.

മരിച്ചവര്‍ ഈ ലോകത്തുനിന്നും മറഞ്ഞു. അവരുടെ ഇടം എന്നും ഈ ലോകത്ത് ശൂന്യമായി കിടക്കും. കാലങ്ങള്‍ ഒരുപാട് കഴിഞ്ഞാലും ആ ശൂന്യത നമ്മെ വേട്ടയാടും. ഈ നിമിഷംവരെ നമ്മെ പോലെ ഈ ലോകത്ത് ജീവിച്ചവര്‍ നിമിഷാര്‍ധത്തിനകം മറ്റൊരുലോകം പുല്‍കുന്നു. മരണത്തിന് പ്രായ-കാല-ഭാഷ-വേഷ-വര്‍ണ-വര്‍ഗ വ്യത്യാസമില്ല. എല്ലാവരും ഒരുപോലെ അംഗീകരിക്കുന്ന അനുഭവിക്കുന്ന യാഥാര്‍ഥ്യം. നാഥാ നിന്റെ തൃപ്തിയോടെ മരിക്കാന്‍ ഞങ്ങള്‍ക്ക് അനുഗ്രഹം നല്‍കണേ (ആമീന്‍).

''ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ മാത്രമെ നിങ്ങള്‍ക്ക് പൂര്‍ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല'' (ആലുഇംറാന്‍ 185).