കൊറോണക്കാലത്തെ കാരുണ്യം

ഇബ്‌നു അലി എടത്തനാട്ടുകര

2020 ഏപ്രില്‍ 25 1441 റമദാന്‍ 02

കൊറോണ ലോക്ക്ഡൗണ്‍ കാലത്ത് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്ത സുഹൃത്തിനെ പോലീസ് തടഞ്ഞു. അരിപ്പൊടി, പയര്‍ വര്‍ഗങ്ങള്‍, ചായപ്പൊടി, പഞ്ചസാര, എണ്ണ തുടങ്ങിയ ഏഴ് ഇനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ആയിരുന്നു സ്‌കൂട്ടറില്‍. സ്ഥിരമായി സഹായം എത്തിക്കാറുള്ള രണ്ട് കുടുംബങ്ങള്‍ക്ക് കൊടുക്കാനാണ് എന്ന് സാമൂഹ്യ പ്രവര്‍ത്തകനായ സുഹൃത്ത് പറഞ്ഞത് പരിഗണിച്ച് തല്‍ക്കാലം പോലീസ് അനുമതി നല്‍കി. ആവര്‍ത്തിക്കരുതെന്നും ഏതാനും ആഴ്ചകള്‍ വീട്ടിലിരുന്നാലേ പിന്നീട് കൊല്ലങ്ങളോളം കാരുണ്യപ്രവര്‍ത്തണം ചെയ്യാന്‍ ബാക്കിയുണ്ടാകൂ എന്ന് ഉപദേശിക്കുകയും ചെയ്തു. പരിചയമുള്ള ജില്ലാ പോലീസ് മേധാവിയോട് അനുമതിക്ക് അഭ്യര്‍ഥിച്ചെങ്കിലും മര്യാദക്ക് വീട്ടിലിരിക്കാനായിരുന്നു സ്‌നേഹം കലര്‍ന്ന ശാസന.

വിപത്തുകാലത്ത് പുറത്തിറങ്ങുന്നതിന്റെ ആപത്ത് അറിയാതെയല്ല അയാള്‍ സ്‌കൂട്ടറില്‍ പുറപ്പെട്ടത്; പതിവായി സഹായം ലഭിക്കുന്നവര്‍ക്ക് അത്  മുടങ്ങിയപ്പോള്‍ ഉള്ള വിഷമം അറിഞ്ഞു മനസ്സലിഞ്ഞാണ്.

അദ്ദേഹത്തെ പതിവായി സഹായിക്കുന്നവരുടെ സ്ഥാപനങ്ങള്‍ ലോക്ക്ഡൗണില്‍ അടഞ്ഞു കിടക്കുകയാണ്. ചിലര്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്നു. നോമ്പിന് കൊടുക്കാറുള്ള സ്‌പെഷ്യല്‍ കിറ്റുകള്‍ ഇത്തവണ എങ്ങനെ കൊടുക്കുമെന്ന് തലപുകഞ്ഞ് വീട്ടിലിരിക്കുകയായിരുന്നു അയാള്‍. ഫോണ്‍ ബെല്ലടിച്ചു. സഹായം ചോദിച്ചുള്ള വിളിയാണോ എന്ന ആശങ്കയില്‍ ആണ് എടുത്തത്. സുഹൃത്തിന്റെ പേര് വിളിച്ച് ഉറപ്പു വരുത്തി. പണ്ട് 'ദ ഹിന്ദു' പത്രത്തില്‍ വാര്‍ത്ത വന്ന ആളാണോയെന്ന് വീണ്ടും ചോദിച്ച് ഉറപ്പു വരുത്തി.

2007 ഡിസംബര്‍ മാസമൊടുവില്‍ രണ്ടുപേര്‍ ഗവേഷകരാണെന്നു പറഞ്ഞ് തന്റെ കൂടെ സഹായം വിതരണം ചെയ്യുന്ന വീടുകളില്‍ എത്തിയതും  അവരോട് ചോദ്യങ്ങള്‍ ചോദിച്ചതും ഫോട്ടോ എടുത്തതും ഓര്‍മിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവര്‍ വിളിച്ച് പത്രത്തില്‍ ഫീച്ചര്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോഴാണ് അവര്‍ പത്രക്കാരായിരുന്നുവെന്ന് അറിഞ്ഞത്. ഈ വാര്‍ത്ത കണ്ട രണ്ട് വിദേശികള്‍ ദ്വിഭാഷിയെയും കൂട്ടി വന്നതും ചെറിയ സഹായം നല്‍കിയതും ഓര്‍മിച്ചു. അവരുടെ സന്ദര്‍ശനത്തിന്റെ ഫോട്ടോയും വാര്‍ത്തയും ഇപ്പോഴും ഓണ്‍ലൈനില്‍ ലഭ്യമാണെന്നും ഓര്‍ത്തു.

ഒരു വ്യാഴവട്ടം മുമ്പത്തെ ആ പത്രവാര്‍ത്ത ഫോണ്‍ വിളിച്ച ആളുടെ ശേഖരത്തില്‍ ഉണ്ടെന്നും മറ്റു സ്ഥലങ്ങളില്‍ ജോലിയും മറ്റുമായി ജീവിച്ച അയാള്‍ സുഹൃത്തിന്റെ വാസസ്ഥലത്തുനിന്ന് കിലോമീറ്ററുകള്‍ക്കപ്പുറത്ത് താമസം തുടങ്ങിയെന്നും അറിയിച്ചു. കുറെ നേരം കൂടി കുശലം പറഞ്ഞു.  മോശമല്ലാത്ത ഒരു തുക വാഗ്ദാനം ചെയ്താണ് അയാള്‍ സംസാരം സമാപിച്ചത്. നോമ്പിന് പതിവായി കൊടുക്കാറുള്ള 150ല്‍ പരം കിറ്റുകള്‍ക്ക് അത് തികയും എന്ന് കണക്ക് കൂട്ടിയ അദേഹം പടച്ചവനെ സ്തുതിച്ചു.

സന്തോഷം പങ്കുവയ്ക്കാന്‍ എന്നെ വിളിച്ചപ്പോള്‍ ആര്, തുകയെത്ര എന്ന് ചോദിച്ചെങ്കിലും അനുവാദമില്ലാത്തത് കൊണ്ട് വെളിപ്പെടുത്താനാവില്ലെന്നായിരുന്നു മറുപടി. അറിയപ്പെടാനാഗ്രഹിക്കാത്ത ആ സുമനസ്സിന് പ്രാര്‍ഥനകള്‍.

സുഹൃത്ത് എപ്പോഴും പറയാറുള്ള പോലെ അദ്ദേഹത്തിന്റെ 'മുതലാളി'യുടെ ഖജനാവില്‍ കണക്കില്ലാത്തത്ര സ്വത്തുണ്ട്. കൊറോണ കാലത്തും നന്മ മരങ്ങള്‍ പൂത്തുലയട്ടെ.