നഷ്ടപ്പെടുത്തരുത് ഈ പത്ത് ദിനങ്ങള്‍

അബൂമുസ്‌ലിം അല്‍ഹികമി

2020 മെയ് 23 1441 റമദാന്‍ 30

റമദാനിലെ മറ്റെല്ലാ ദിനരാത്രങ്ങളെക്കാളും ശ്രേഷ്ഠത അവസാനത്തെ പത്ത് ദിനങ്ങള്‍ക്കുണ്ട്. നമ്മുടെ മുന്‍ഗാമികള്‍ മൂന്ന് പത്തുകള്‍ക്ക് ശ്രേഷ്ഠത കല്‍പിച്ചവരായിരുന്നു. മുഹര്‍റം മാസത്തിലെ ആദ്യത്തെ 10 ദിനങ്ങള്‍, റമദാനിലെ അവസാനത്തെ 10 ദിനങ്ങള്‍, ദുല്‍ഹിജ്ജയിലെ ആദ്യത്തെ 10 ദിനങ്ങള്‍ എന്നിവയാണവ.

ദുല്‍ഹിജ്ജയിലെ ആദ്യത്തെ പത്തിനാണോ റമദാനിലെ അവസാന പത്തിനാണോ കൂടുതല്‍ ശ്രേഷ്ഠത എന്ന വിഷയത്തില്‍ പണ്ഡിത ലോകത്ത് ധാരാളം ചര്‍ച്ചകള്‍ നടന്നതായി കാണാം. പണ്ഡിത ലോകത്തെ വിശാലമായ ചര്‍ച്ചകള്‍ നമുക്കിങ്ങനെ സംഗ്രഹിക്കാനാവും: അത് മാനസിക വിശാലതയും സമാധാനവും നല്‍കുന്നതാണ്. 'പകലുകളില്‍ ശ്രേഷ്ഠം ദുല്‍ഹിജ്ജയിലെ ആദ്യത്തെ പത്തും, രാവുകളില്‍ ശ്രേഷ്ഠം റമദാനിലെ അവസാനത്തെ പത്തും ആണ്. നേരങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം മുഹര്‍റം പത്തിന്റെ പകലും ലൈലത്തുല്‍ ക്വദ്‌റിന്റെ രാവും ആകുന്നു.''

അവസാന പത്തിന്റെ ചില ശ്രേഷ്ഠതകള്‍

നബി ﷺ  ആരാധനകളില്‍ ഏറ്റവും പരിശ്രമം നടത്തിയ ദിനങ്ങളാണിത്.

ആഇശ(റ) പറഞ്ഞു: 'മറ്റു ദിനങ്ങളെക്കാള്‍ നന്നായി നബി ﷺ  റമദാനിലെ അവസാന പത്തില്‍ പരിശ്രമിക്കാറുണ്ടായിരുന്നു'(മുസ്‌ലിം).

ആഇശ(റ)യില്‍ നിന്ന്: 'അവസാന പത്ത് വന്നെത്തിയാല്‍ നബി ﷺ  തുണി മുറുക്കിയുടുക്കുകയും രാവിനെ സജീവമാക്കുകയും വീട്ടുകാരെ വിളിച്ചുണര്‍ത്തുകയും ചെയ്യുമായിരുന്നു' (ബുഖാരി, മുസ്‌ലിം). (കഠിന പരിശ്രമത്തിന് ഒരുങ്ങിയിറങ്ങും എന്നതിന്റെ ആലങ്കാരിക പ്രയോഗമാണ് 'അര മുറുക്കിയുടുക്കുക' എന്നത്).

 ഈ ദിനങ്ങളിലാണ് ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ക്വദ്ര്‍ ഉള്ളത്. ഈ പത്ത് ദിനങ്ങളില്‍ കര്‍മങ്ങള്‍ ഏറ്റവും നന്നാക്കി ചെയ്തവന് ലൈലത്തുല്‍ ക്വദ്ര്‍ ലഭിക്കുമെന്നത് തീര്‍ച്ചയാണ്; ഇന്‍ശാ അല്ലാഹ്.

നബി ﷺ  ഇഅ്തികാഫ് ഇരുന്ന ദിനങ്ങളാണിവ.

അബൂ ഹുറയ്‌റ(റ)യില്‍ നിന്ന്: ''നബി ﷺ  എല്ലാ റമദാനിലും (അവസാന) പത്ത് ദിനങ്ങള്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. നബി ﷺ  പരലോകം പൂണ്ട വര്‍ഷത്തില്‍ 20 ദിനങ്ങള്‍ ഇരുന്നിരുന്നു'' (ബുഖാരി).

 ഇഅ്തികാഫ് എന്നാല്‍ ഇഹലോക ശ്രദ്ധയില്‍നിന്നും വിട്ടുനിന്ന്, ആരാധനകളില്‍ മുഴുകി പള്ളിയില്‍ ഭജനമിരിക്കലാണ്. കുടുംബവും വരുമാനവും കച്ചവടവും അതില്‍നിന്നും ശ്രദ്ധ തെറ്റിക്കരുത്.

 ഇഅ്തികാഫ് ഇരിക്കുന്ന വ്യക്തി ദിക്ര്‍, ദുആ, ക്വുര്‍ആന്‍ പാരായണം, നമസ്‌കാരം, അല്ലാഹുവുമായുള്ള തുറന്നു പറച്ചിലുകള്‍, തൗബ, മതപഠനം തുടങ്ങിയവയില്‍ മുഴുകി സമയം കഴിക്കുകയാണ് വേണ്ടത്.

 ഇഅ്തികാഫ് ഇരിക്കുന്ന വ്യക്തിക്ക് പള്ളിയില്‍ പ്രത്യേക സ്ഥലം തിരഞ്ഞെടുക്കാവുന്നതാണ്. മറ്റുള്ളവരില്‍ നിന്നും അകന്ന് ആരാധനകളില്‍ പൂര്‍ണ ശ്രദ്ധചെലുത്താന്‍ അത് സഹായകമാണ്. സ്വഹാബികള്‍ അപ്രകാരം ചെയ്യാറുണ്ടായിരുന്നു

 നബിപത്‌നിമാര്‍ പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യമുള്ള പള്ളികളില്‍ ഇഅ്തികാഫ് ഇരിക്കാവുന്നതാണ്. അവര്‍ക്ക് ഏറ്റവും വലിയ മാതൃക നബി പത്‌നിമാര്‍ തന്നെയാണ്

 ഏറ്റവും സ്വീകാര്യമായ അഭിപ്രായത്തില്‍ ജുമുഅഃയും ജമാഅത്തും നടക്കുന്ന പള്ളികളില്‍ മാത്രമെ ഇഅ്തികാഫ് പാടുള്ളൂ. വീടുകളില്‍ ഇഅ്തികാഫ് ഇരിക്കല്‍ അനുവദനീയമല്ല. പള്ളികള്‍ തുറക്കപ്പെടാത്ത ഈ വര്‍ഷം നല്ല നിയ്യത്തോടെ വീട്ടില്‍ ആരാധനകളില്‍ മുഴുകുകയാണ് നാം ചെയ്യേണ്ടത്. നമ്മുടെ വിശ്വാസ ശുദ്ധി അനുസരിച്ച് കാരുണ്യവാനായ അല്ലാഹു പുണ്യം വാരിക്കോരി നല്‍കും എന്നത് തീര്‍ച്ചയാണ്.

സുഫ്‌യാനുസ്സൗരി(റഹി) പറഞ്ഞു: 'അവസാനത്തെ പത്ത് വന്നെത്തിയാല്‍ രാത്രിയെ തഹജ്ജുദ് നമസ്‌കാരവും കഠിന പരിശ്രമവും ചെയ്ത് സജീവമാക്കാനും കുടുംബത്തിന് സാധ്യമാകുമെങ്കില്‍ അവരെ വിളിച്ചുണര്‍ത്താനുമാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.'

ഈ അവസാനത്തെ പത്തില്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ നന്നാക്കി അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാന്‍ നാം പരിശ്രമിക്കുക, അല്ലാഹു അനുഗ്രഹിക്കട്ടെ.