ഇസ്‌ലാമിലെ ആഘോഷങ്ങളുടെ സവിശേഷത

ഉസ്മാന്‍ പാലക്കാഴി

2020 ജൂലൈ 25 1441 ദുല്‍ഹിജ്ജ 04

ആഘോഷങ്ങളില്ലാത്ത മതങ്ങളില്ല ലോകത്ത്. എന്നാല്‍ ഇസ്‌ലാം ഈ രംഗത്തും വ്യത്യസ്തത പുലര്‍ത്തുന്നു. ലഹരിയില്‍ ആറാടി ആടിപ്പാടാനും അനാവശ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുമുള്ള അവസരമായല്ല ഇസ്‌ലാം ആഘോഷങ്ങളെ കാണുന്നത്. സ്രഷ്ടാവിനെ മറന്ന് തിമര്‍ത്താടാനുള്ള വേളയല്ല അത്. മറിച്ച് ഇസ്‌ലാമിലെ ആഘോഷങ്ങള്‍ പ്രാര്‍ഥനാമയമാണ്. പെരുന്നാള്‍ കടന്നുവരുമ്പോള്‍ എക്‌സൈസ് വകുപ്പിനോട് ജാഗ്രത പാലിക്കാന്‍ കല്‍പന കൊടുക്കേണ്ട അവസ്ഥ നമ്മുടെ സര്‍ക്കാരിനുണ്ടാകുന്നില്ല. പെരുന്നാള്‍ ദിവസം മദ്യവില്‍പനയിലൂടെ സര്‍ക്കാര്‍ സമ്പാദിച്ച കോടികളുടെ കണക്ക് പത്രങ്ങള്‍ക്ക് പ്രസിദ്ധീകരിക്കേണ്ടിവരാറുമില്ല.

മുസ്‌ലിംകള്‍ക്ക് രണ്ടേരണ്ട് ആഘോഷങ്ങളാണ് ഇസ്‌ലാം നിശ്ചയിച്ചിട്ടുള്ളത്. വ്രതശുദ്ധിയുടെ നിറവില്‍ ശവ്വാല്‍ മാസപ്പിറവിയോടെ സമാഗതമാകുന്ന ഈദുല്‍ഫിത്വ്‌റും ത്യാഗസ്മരണകളുയര്‍ത്തുന്ന—ഹജ്ജ് മാസത്തില്‍ കൊണ്ടാടുന്ന ഈദുല്‍ അദ്ഹയുമാണവ. കൃത്യമായ ലക്ഷ്യവും സന്ദേശവുമുണ്ട് എന്നതാണ് ഇസ്‌ലാമിലെ ആഘോഷങ്ങളുടെ സവിശേഷത. —

ഇബ്‌റാഹീം നബി(അ)യുടെയും പുത്രന്‍ ഇസ്മാഈല്‍ നബി(അ)യുടെയും ഹാജറ ബീവിയുടെയും ത്യാഗനിര്‍ഭരമായ ജീവിതത്തിന്റെ ഓര്‍മകളുണര്‍ത്തിയാണ് ദുല്‍ഹിജ്ജ പത്തിന് ബലിപെരുന്നാള്‍ കടന്നുവരിക. വാര്‍ധക്യത്തില്‍ തനിക്ക് പിറന്ന കുഞ്ഞിനെ അല്ലാഹുവിന്റെ കല്‍പന പ്രകാരം ബലിനല്‍കാന്‍ മനസ്സുകാണിച്ച ഇബ്‌റാഹീം നബി(അ)യുടെയും തന്നെ ബലിയറുക്കാന്‍ സര്‍വാത്മനാ തയ്യാറായ ഇസ്മാഈല്‍ നബി(അ)യുടെയും ത്യാഗസന്നദ്ധത ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. തൗഹീദിന്റെ മാര്‍ഗത്തില്‍ അഗ്‌നി പരീക്ഷണങ്ങള്‍ക്ക് വിധേയനായ ഇബ്‌റാഹീം നബി(അ)യുടെ വിളിയാളത്തിന് ഉത്തരമേകി ലോകത്തിന്റെ അഷ്ടദിക്കുകളില്‍നിന്നും—വിശ്വാസികള്‍ ഹജ്ജ് കര്‍മത്തിനായി മക്കയില്‍ എത്തുകയും അതിന്റെ കര്‍മങ്ങളില്‍ മുഴുകുകയും ചെയ്യുന്ന സമയത്താണ് ലോകമെങ്ങും ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ഇഷ്ടപ്പെട്ടതെന്തും അല്ലാഹുവിനു വേണ്ടി ത്യജിക്കാനുള്ള സന്നദ്ധതയാണ് വിശ്വാസികള്‍  ഈ ആഘോഷത്തിലൂടെയും ബലികര്‍മത്തിലൂടെയും പ്രകടമാക്കുന്നത്. ഈ ആദര്‍ശ പ്രതിബദ്ധത നാം കാത്തുസൂക്ഷിക്കുക. ആഘോഷങ്ങള്‍ അതിരുവിടാതിരിക്കാന്‍ ശ്രമിക്കുക.

ഇബ്‌റാഹീം(അ) ഉള്‍പ്പെടുന്ന പ്രവാചകന്മാര്‍ മനുഷ്യരാശിയുടെ മാര്‍ഗദര്‍ശികളായിത്തീരുന്നത് അവര്‍ തൗഹീദ് ആദര്‍ശമായി അംഗീകരിക്കുകയും ധാര്‍മികജീവിതം നയിക്കുകയും നന്മ പ്രവര്‍ത്തിച്ചുകൊണ്ട് സ്രഷ്ടാവിന്റെ പ്രീതി കരസ്ഥമാക്കുകയും ചെയ്തതുകൊണ്ടാണ്. ഇസ്‌ലാം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നിര്‍വഹിച്ചുകൊണ്ടല്ലാതെ ഏതൊരു വ്യക്തിക്കും സ്രഷ്ടാവിന്റെ അനുഗ്രഹവും അംഗീകാരവും നേടിയെടുക്കാന്‍ കഴിയില്ല എന്ന പരമാര്‍ഥത്തിന്റെ സാക്ഷ്യങ്ങളാണ് ഇബ്‌റാഹീം(അ) ഉള്‍പ്പെടെയുള്ള പ്രവാചകന്മാരുടെ ജീവിത ചരിത്രം.

ബന്ധങ്ങള്‍ പുതുക്കുകയും അറ്റുപോയ ബന്ധങ്ങളെ വിളക്കിച്ചേര്‍ക്കുകയും ചെയ്യുവാന്‍ പെരുന്നാളാഘോഷത്തെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ദൂരദിക്കുകളിലേക്കുള്ള വിനോദയാത്രയെക്കാള്‍ ഉപകാരപ്രദമായ കാര്യമാണിതെന്നതില്‍ സംശയമില്ല. എന്നാല്‍ കോവിഡ് കാലത്ത് സന്ദര്‍ശനം നടത്തുക എന്നത് സാധ്യമല്ലല്ലോ. കഴിവതും വീട്ടില്‍തന്നെ കഴിഞ്ഞുകൂടുവാനാണ് സര്‍ക്കാറും ആരോഗ്യരംഗത്തുള്ളവരും നിര്‍ദേശിക്കുന്നത്. അത് പാലിക്കാന്‍ നാം ബാധ്യസ്ഥരാണ്. കുടുംബസന്ദര്‍ശനം പുണ്യകര്‍മമാണെങ്കിലും ഈ സന്ദര്‍ഭത്തില്‍ സന്ദര്‍നം ഒഴിവാക്കലാണ് അതിനെക്കാള്‍ ഗുണകരം. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, സോഷ്യല്‍മീഡിയ എന്നീ സൗകര്യകള്‍ ഉപയോഗപ്പെടുത്തി കുടുംബങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുവാന്‍ സമയം കണ്ടെത്തണം. അടുത്താണെങ്കിലും അകലെയാണെങ്കിലും ഒരുവിളിയും ക്ഷേമാന്വേഷണവും മതിയാകും ബന്ധങ്ങളെ ഊഷ്മളമാക്കുവാന്‍.