വഴിവക്കിലെ ചായമക്കാനി

ഇബ്‌നു അലി എടത്തനാട്ടുകര

2020 ഫെബ്രുവരി 01 1441 ജുമാദല്‍ ആഖിറ 02

'സഹായം എനിക്ക് വേണ്ട. എന്നേക്കാള്‍ അര്‍ഹിക്കുന്നവര്‍ ചുറ്റുപാടിലുണ്ട്. അവര്‍ക്ക് കൊടുത്തോളൂ' എന്നു പറഞ്ഞ് സാമൂഹ്യ പ്രവര്‍ത്തകനായ എന്റെ സുഹൃത്തിനെ ആ സ്ത്രീ മടക്കി അയച്ചു.

പതിനഞ്ചു കൊല്ലം മുമ്പുള്ള കഥയാണ്. ആ പ്രദേശത്ത് അന്ന് നൂറോളം കുടുംബങ്ങളുടെ ഭക്ഷണ ചെലവ് വഹിക്കുന്നുണ്ട് കൂട്ടുകാരന്റെ നേതൃത്വത്തിലുള്ള സംഘടന.

കേട്ടറിഞ്ഞ് സഹായം നല്‍കാന്‍ എത്തിയ, ഭര്‍ത്താവ് ഉപേക്ഷിച്ച ആ സ്ത്രീക്ക് പ്രായമായ മാതാവും ഹൈസ്‌കൂളിലും അതിനു താഴെ ക്ലാസ്സിലും പഠിക്കുന്ന രണ്ട് പെണ്മക്കളും ഉണ്ടായിരുന്നു. കാട്ടില്‍ പോയി വിറക് ശേഖരിച്ച് വിറ്റാലും  പട്ടിണി കൂടാതെ ജീവിക്കാന്‍ വക കിട്ടും എന്നാണ് അവര്‍ മറുപടി പറഞ്ഞത്.

മടങ്ങിപ്പോരുമ്പോള്‍ പിന്നില്‍ നിന്ന് ആ സ്ത്രീ പലിശ ഇല്ലാതെ ലോണ്‍ കിട്ടുമോയെന്നു ചോദിച്ചു. എത്ര വേണം എന്ന ചോദ്യത്തിന്  ഇരുപതിനായിരം രൂപ എന്നായിരുന്നു മറുപടി.

എങ്ങനെ കടം തിരിച്ചു കൊടുക്കും എന്ന് ചോദിച്ചു. മാസം ആയിരം രൂപ വീതം 20 മാസം കൊണ്ട് തിരിച്ചു കൊടുക്കാം എന്ന് കൃത്യമായ മറുപടിയും കിട്ടി. പണം കിട്ടിയാല്‍ ഭര്‍ത്താവ് നടത്തിയിരുന്ന  ചായക്കട വീണ്ടും തുടങ്ങണം. മാതാവിനും കുട്ടികള്‍ക്കും പട്ടിണിയില്ലാതെ ജീവിക്കണം. അങ്ങനെ, കൈവിട്ടുപോകുന്ന ജീവിതം തിരിച്ചുപിടിക്കണം എന്നൊക്കെയായിരുന്നു അവരുടെ ചുരുങ്ങിയ മോഹം.

സുഹൃത്ത് അടുത്ത ആഴ്ചതന്നെ പണം നല്‍കി. വക്കുപൊട്ടിയ, ഞണുങ്ങിയ പാത്രങ്ങള്‍ക്ക് പകരം പുതിയത് വാങ്ങി. കാലൊടിഞ്ഞ കസേരയും മേശയും മാറ്റി. കച്ചവടം തുടങ്ങി. പ്രഭാത നമസ്‌കാരത്തിന് ശേഷം അപ്പം, ദോശ; പിന്നീട് പൊറോട്ട, മീന്‍കറി, ബീഫ് തുടങ്ങിയവ. ഉച്ചക്ക് ചോറും കറികളും വൈകുന്നേരം എണ്ണക്കടികളും. അടുക്കളയില്‍ സദാസമയവും സഹായത്തിന് കാലിന് ചെറിയ വൈകല്യമുള്ള, പ്രായമായ ഒരു സ്ത്രീയും അവരുടെ ഭര്‍ത്താവും. പൊറോട്ട മാവ് കുഴക്കാനും വീശാനും ചുടാനും ചായ അടിക്കാനും വിളമ്പാനും കടയുടമയായ ആ സ്ത്രീ തന്നെ. കറിക്കരിയാനും ഉപ്പേരിക്ക് നുറുക്കാനും അയല്‍പക്കത്തെ സ്ത്രീകളും ഇടക്ക് സഹായിച്ചു.

നാട്ടുകാര്‍ അകമഴിഞ്ഞു സഹായിച്ചു. പറഞ്ഞതില്‍ നേരത്തെ 10 മാസം കൊണ്ട് 2000 വീതം നല്‍കി കടം മൊത്തം വീട്ടി.

രണ്ട് പെണ്‍മക്കളെയും കല്യാണം കഴിച്ചയച്ചു. മൂത്തവളുടെ കല്യാണത്തിന് 5000 രൂപ കടം വാങ്ങിയതും തിരികെ കൊടുത്തു.

എന്തെങ്കിലും സഹായം എവിടെ നിന്നെങ്കിലും കിട്ടുമോ എന്ന് നോക്കി നടക്കുന്ന കുറെ ആളുകള്‍ ഉള്ള ഇക്കാലത്ത്, തേടിയെത്തിയ സഹായം വേണ്ടെന്നുവച്ച് കൂടുതല്‍ അര്‍ഹരായവര്‍ക്ക് കൊടുക്കണമെന്ന് പറഞ്ഞു തിരികെ അയച്ച്, അധ്വാനിച്ച് കുടുംബം പോറ്റുന്ന ആ സ്ത്രീ എല്ലാവര്‍ക്കും മാതൃകയാണ്. നിശ്ശബ്ദ താഴ്‌വരയിലേക്കുള്ള പാതയില്‍ മലയടിവാരത്ത് ചുരം തുടങ്ങുന്നതിന് മുമ്പ് ഒരു പാതയോരത്ത് പുലര്‍ച്ചെ മുതല്‍ ഇരുട്ടിത്തുടങ്ങുന്നത് വരെ ആ ചായമക്കാനി ഇന്നും സജീവമാണ്.

മുന്തിയ വലിയ ഹോട്ടലുകള്‍ തേടി പോകുമ്പോള്‍, ഇടയ്ക്ക് ഗ്രാമങ്ങളിലെ വഴിയോരങ്ങളില്‍ മോടി കുറഞ്ഞ കടകളില്‍, പഴകാത്ത, രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കാത്ത, രുചിയുള്ള ഭക്ഷണം പുഞ്ചിരി മായാത്ത മുഖത്തോടെ വിളമ്പിത്തരുന്ന കൈകള്‍ക്ക് പ്രത്യേകം കരുതല്‍ നല്‍കണം. അവര്‍ ടിപ്പ് ആഗ്രഹിക്കുന്നില്ല, കൊടുത്താലും അവര്‍ വാങ്ങാറുമില്ല. എന്നാല്‍ കുറെ ആത്മാവുകള്‍ ആ മക്കാനികളെ ആശ്രയിച്ച് ജീവിക്കുന്നുണ്ട് എന്ന് മറക്കാതിരിക്കുക നാം.