തളരാതെ ഒരുവള്‍

ഇബ്‌നു അലി എടത്തനാട്ടുകര

2020 നവംബര്‍ 07 1442 റബിഉല്‍ അവ്വല്‍ 20

കണക്കു നോക്കാനാണ് അവള്‍ ഓഫീസില്‍ വന്നത്. അന്നേരം അവളുടെ ഫോണിലേക്ക് ഇടയ്ക്കിടെ കോള്‍ വന്നിരുന്നു. മോന്‍ ആണ്, ഓണ്‍ലൈന്‍ ക്ലാസ്സ് സംബന്ധിയാണ് എന്നു പറഞ്ഞ് അവള്‍ ഫോണ്‍ കട്ട് ചെയ്യും.  

ആഴ്ചകള്‍ക്കു ശേഷം ബാക്കി പരിശോധിക്കാന്‍ അവള്‍ വീണ്ടും വന്നു. വൈകുന്നേരം കുറച്ച് വൈകിയാണ് എത്തിയത്. കാന്റീനില്‍നിന്ന് ചായ വന്നപ്പോള്‍ അവള്‍ക്കും കൊടുക്കാന്‍ പറഞ്ഞു. വേണ്ടെന്ന് പറഞ്ഞെങ്കിലും, ഉച്ചഭക്ഷണം കഴിച്ചില്ല എന്ന് ശബ്ദം താഴ്ത്തി പറഞ്ഞു.

ചായയും വടയും മടികൂടാതെ കഴിച്ചു. കാബിനില്‍ അവരെ ഒറ്റക്കാക്കി ഞാന്‍ ജീവനക്കാര്‍ക്ക് ഒപ്പം ചായ കുടിച്ചു.

ഒരു സഹകരണ സ്ഥാപനത്തിലെ കണക്കെഴുത്തുകാരിയാണ് അവള്‍. നികുതി നോട്ടീസിന് മറുപടി തപാലില്‍ അയച്ചാല്‍ മതി, ആവശ്യമെങ്കില്‍ മാത്രം നേരില്‍ വന്നാല്‍ മതി എന്നും പറഞ്ഞിരുന്നു. കോവിഡ് കാലമായതിനാല്‍ പരമാവധി ആളുകളെ ഓഫീസില്‍ വരുത്തിയിരുന്നില്ല. എന്നാല്‍ മറുപടിയില്‍ ചില വിശദീകരണങ്ങളും രേഖകളും ആവശ്യമായി വന്നതിനാല്‍ അവര്‍ക്ക് ഓഫീസില്‍ വരേണ്ടിവന്നു. ആദ്യ തവണ വന്നതില്‍ കുറെ കാര്യങ്ങള്‍ പരിഹരിച്ചുവെങ്കിലും ചിലത് വീണ്ടും ബാക്കിയുണ്ടായിരുന്നു. ഫോണിലും മെയിലിലും മറുപടി തന്നെങ്കിലും പൂര്‍ണമായില്ല. അതിനാലാണ് അന്ന് പെട്ടെന്നു വന്നത്. സ്ഥാപനത്തില്‍ ജോലിക്കിടെ പരിക്കു പറ്റിയ ഒരാളെ വാഹനത്തില്‍  ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അവള്‍ ഓഫീസില്‍ എത്തിയത്.  

വാപ്പ നേരത്തെ മരണപ്പെട്ടിരുന്നു. സൈലന്റ് അറ്റാക്ക് ഭര്‍ത്താവിന്റെ ജീവനും എടുത്തു. ഈയിടെ മാതാവും പരലോകംപൂകി. എല്ലാം കഴിഞ്ഞ നാലഞ്ച് കൊല്ലത്തിനുള്ളില്‍. ഇതെല്ലാം ഞാന്‍ ചോദിക്കാതെയാണ് അവള്‍ പറഞ്ഞത്.

ഇപ്പോള്‍ സഹോദരന്മാര്‍ക്കൊപ്പം താമസം. അവര്‍ക്ക് ഞാനും മോനും ഒരു ഭാരമായിക്കൂടാ. പകല്‍ ജോലിയില്‍ മുഴുകി നേരം കടന്നുപോകും. വീട്ടില്‍ മക്കളുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയുന്നില്ല... അവരങ്ങനെ പറഞ്ഞുകൊണ്ടിരുന്നു.

ഒന്നും പറയാനാവാതെ ഞാന്‍ കേട്ടിരുന്നു. എന്റെയുള്ളില്‍ ഒരു വേദന രൂപപ്പെട്ടു. പിന്നീട് ഞാനത് സഹപ്രവര്‍ത്തകരോടും ഭാര്യയോടും പങ്കുവെച്ചു.

പരീക്ഷണങ്ങളുടെ പരമ്പര നേരിട്ടെങ്കിലും തളരാതെ അവള്‍ ജീവിക്കുകയാണ്. കരളുറപ്പോടെ മകനെ പോറ്റാനും വളര്‍ത്താനുമായി ജോലിചെയ്യുകയാണ്. രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയുള്ള സ്ത്രീയുടെ പ്രായം എത്ര ചെറുപ്പമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പക്ഷേ, പ്രായത്തില്‍ കവിഞ്ഞ പക്വതയും കാര്യബോധവും അവര്‍ പ്രകടിപ്പിക്കുന്നുണ്ട്.

 ചെറിയ വിഷമം ഉണ്ടാകുമ്പോള്‍, പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാല്‍, ജോലിയില്‍ പരാതി കേട്ടാല്‍, ബന്ധുമിത്രാദികളില്‍നിന്നോ മറ്റോ അഹിതമായ എന്തെങ്കിലും ഉണ്ടായാല്‍ പാടെ തളര്‍ന്നു പോകുന്നവരാണ് നമ്മില്‍ പലരും. ജീവിതാനുഭവങ്ങളില്‍നിന്ന് കരുത്ത് നേടുക എന്നത് ചില്ലറ കാര്യമല്ല, പലര്‍ക്കും കഴിയാത്ത ഒന്നാണത്. തളരാതെ പോരാടുന്ന ആ സഹോദരിക്ക് പ്രാര്‍ഥനകള്‍.