ആശങ്കയുണര്‍ത്തി ആഗസ്റ്റ് വീണ്ടും

ഇബ്‌നു അലി എടത്തനാട്ടുകര

2020 ആഗസ്ത് 15 1441 ദുല്‍ഹിജ്ജ 25

രണ്ടുകൊല്ലം മുമ്പാണ് ഒരു ആഗസ്റ്റില്‍ പ്രളയം നാശംവിതച്ചത്. അതിലേറെ ഭീതി പരത്തിയത്. അതിജീവനത്തിന്റെ പൊരുളുകള്‍ നമ്മെ ഓര്‍മിപ്പിച്ചത്. സാധാരണക്കാര്‍ കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തന രംഗത്ത് മുന്‍നിര പോരാളികളായത്. സമൂഹത്തിന്റെ ആദരവ് മനം നിറയെ നേടിയത്. തൊട്ടടുത്ത കൊല്ലവും പ്രളയമെത്തി. കൂടുതല്‍ പ്രദേശത്ത്, കൂടുതല്‍ വീറോടെ... കഴിഞ്ഞ ദുരിതത്തില്‍നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങള്‍ കൂടി ഉരുക്കഴിച്ച് ആ കൊല്ലവും എങ്ങനെയൊക്കെയോ തള്ളിനീക്കി.

പുഴയോരവും മലഞ്ചെരിവുകളും താഴ്‌വാരങ്ങളും നമുക്ക് പാര്‍ക്കാന്‍ ഇഷ്ടപ്പെട്ട ഇടങ്ങളായിരുന്നു. അവിടങ്ങളില്‍ രാപാര്‍ക്കാനും ആസ്വദിക്കാനും നമ്മള്‍ സന്ദര്‍ശക വേഷത്തിലും എത്തിയിരുന്നു. എന്നാല്‍ കുന്നും പുഴയും ഇന്ന് നമ്മെ പേടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. അസമയത്ത് പെയ്‌തേക്കാവുന്ന പെരുമഴയോ കുത്തിയൊലിച്ച് ഭൂമി കീഴ്‌മേല്‍ മറിക്കാവുന്ന ഉരുള്‍പൊട്ടലോ നമ്മെ പേടിപ്പിക്കുന്നു.

തലേ കൊല്ലങ്ങളിലേത് പോലെ ഭീതിജനകമാവില്ല എന്ന് ശാസ്ത്രലോകം കണക്ക് കൂട്ടിയിരുന്നെങ്കിലും ഇക്കൊല്ലവും പെരുമഴയും പ്രളയവും നമ്മെ വീണ്ടും തേടിയെത്തിയിരിക്കുകയാണ്. ഇതുവരെ പഠിക്കാത്ത പലതും നാം അറിയേണ്ടിയിരിക്കുന്നു. ശാസ്ത്ര പ്രവചനകളില്‍ ഇടംപിടിക്കാത്ത ഇടങ്ങളിലുമുണ്ട് ഇത്തവണ മണ്ണിടിയലും ഉരുള്‍പൊട്ടലും. കഴിഞ്ഞ കൊല്ലങ്ങളില്‍ ഇടിഞ്ഞ് ഇടങ്ങളില്‍നിന്ന് ജനങ്ങളെ മാറ്റി സുരക്ഷിതത്വം പ്രതീക്ഷിച്ച കരുതലിനെ മറികടന്നാണ് ഇത്തവണ നാശം.

 തൊഴില്‍ നഷ്ടപ്പെട്ടവരും നാട്ടിലേക്ക് മടങ്ങാന്‍ മുമ്പ് അവസരം കിട്ടാത്തവരും അടക്കം ഇരുനൂറോളം പേരാണ് വിമാനാപകടത്താല്‍ പരീക്ഷിക്കപ്പെട്ടത്. പലര്‍ക്കും മരണവും പരിക്കും നഷ്ടവും ഏറ്റത്. കൊറോണ ആറു മാസമായി പരീക്ഷിച്ച ആളുകള്‍ കൂടിയാണ് അവരും കുടുംബവും നമ്മളും. കരിപ്പൂരിലൂടെ മലപ്പുറത്തിന്റെ സ്‌നേഹവും ജീവന്‍ മറന്ന സഹായമനഃസ്ഥിതിയും വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നു. പാലക്കാട് ആന ചെരിഞ്ഞത് മലപ്പുറത്തിന്റെ 'ക്രൂരത'യുടെ കണക്കുപുസ്തകത്തില്‍ എഴുതിച്ചേര്‍ത്തവരുടെ പിന്മുറക്കാരില്‍ ചിലര്‍ ഇത്തവണയും സജീവം. ആനയെയും മന്ദിരത്തെയും ചേര്‍ത്തുപിടിച്ച് തിരിച്ചടി എന്നൊക്കെ സമൂഹമാധ്യമങ്ങളുടെ ഒളിയിടങ്ങളില്‍ ഇരുന്ന് അവര്‍ ആശ്വാസം കൊള്ളുന്നുണ്ട്. മരിച്ചവരുടെ മതം നോക്കി തൃപ്തിപ്പെടുന്നുമുണ്ട്. കഷ്ടപ്പാടുകളില്‍ മതം നോക്കാതെ സഹായഹസ്തം നീട്ടുന്നവരാണ് സ ഹൃദയര്‍ എന്ന് അറിയാത്തവരല്ല അക്കൂട്ടര്‍.

ഒരു വിമാനം എന്നത് ചില്ലറ കണ്ടുപിടുത്തമല്ല. നൂറുകണക്കിന് ആളുകളെയുംകൊണ്ട് പക്ഷിയെപ്പോലെ മാനത്ത് പറക്കുന്ന ഒരത്ഭുതം! അതിസങ്കീര്‍ണമായ സംവിധാനങ്ങള്‍ അതിന് പിന്നിലുണ്ട്. കൊല്ലങ്ങള്‍ നീണ്ട കഠിന പഠനംകൊണ്ടാണ് അതിനെ വൈമാനികര്‍ പറത്തുന്നത്. പറന്നിറങ്ങി നിലംതൊടാന്‍ ഒരുപാട് പേരുടെയും യന്ത്രങ്ങളുടെയും സഹായം ഉണ്ട്.

ശാസ്ത്ര, സാങ്കേതികവിദ്യ എത്രയോ പുരോഗതി പ്രാപിച്ചിരിക്കുന്നു. മഴ, കാറ്റ്, ഇടി, മിന്നല്‍, പ്രളയം എന്നിവയുടെ നേരവും തോതും അളവും മുന്‍കൂട്ടി പ്രവചിക്കുന്നു. തദനുസൃതമായി മുന്നൊരുക്കങ്ങളും ജാഗ്രതാ നിര്‍ദേശങ്ങളും വീട് ഒഴിപ്പിക്കലും യഥാസമയം നടക്കുന്നു. അറിവും ആളും സാങ്കേതികവിദ്യയും അളവിലേറെ ഉണ്ടെങ്കിലും ചിലവേള നമ്മുടെ കണക്ക് കൂട്ടലുകള്‍ തെറ്റുന്നു. നാശനഷ്ടങ്ങളും ആളപായങ്ങളും ഉണ്ടാകുന്നു. മനുഷ്യന്റെ പരിമിത അറിവിനും കഴിവിനും അപ്പുറത്ത് ഒരു മഹാശക്തിയുടെ സാന്നിധ്യവും ഇടപെടലുമാണ് നമ്മെയിത് ബോധ്യപ്പെടുത്തേണ്ടത്.

അനുദിനം ഓണ്‍ലൈനായി മാറിക്കൊണ്ടിരിക്കുന്ന ജീവിതത്തില്‍ ജൂലൈ അവസാനവും  ആഗസ്റ്റ് ആദ്യവും കുറെ പേര്‍ രാപകലുകളില്‍ ദൃശ്യമാധ്യമങ്ങളുടെയും മറ്റും മുന്നിലായിരുന്നു. കോവിഡ് കാലത്ത് ഏതാനും  പേര്‍ മാത്രം പങ്കെടുത്ത ഹജ്ജ് കര്‍മം കാണാനായിരുന്നു അത്. അക്കൂട്ടത്തില്‍ ഹജ്ജിന് അവസരം ലഭിച്ച്, പരിശീലനക്ലാസ്സുകളില്‍ പങ്കെടുത്ത് പഠിച്ച്, പണമടച്ച് കാത്തിരിക്കുന്നവരും ഉണ്ടായിരുന്നു. നോവല്‍ കൊറോണ വൈറസ് അവരുടെ ജീവിത സ്വപ്‌നം കെടുത്തിക്കളഞ്ഞു. അടുത്ത കൊല്ലം ജീവിച്ചിരിക്കുമോ, അവസരം കിട്ടുമോ എന്നൊന്നും പ്രവചിക്കാന്‍ ഒരു ശാസ്ത്രവും ഇതുവരെ വളര്‍ന്നിട്ടില്ലല്ലോ. കൂടുതല്‍ പരീക്ഷങ്ങളാല്‍ പ്രയാസപ്പെടുത്താതെ ഞങ്ങളെ കാക്കണേ എന്ന് സര്‍വലോക രക്ഷിതാവിനോട് പ്രാര്‍ഥിക്കുകയല്ലാതെ നമുക്കെന്ത് ചെയ്യാനാവും!