പറങ്കിമാങ്ങാമണമുള്ള വേനലവധിക്കാലം

ഇബ്‌നു അലി എടത്തനാട്ടുകര

2020 മാര്‍ച്ച് 28 1441 ശഅബാന്‍ 04

സ്‌കൂള്‍ അവധിക്കാലത്തിന് പറങ്കിമാങ്ങയുടെ മണമായിരുന്നു. അന്ന് ഞങ്ങള്‍ കുട്ടികള്‍ വേനലവധിക്കാലം വരുന്നത് കണക്കാക്കിയിരുന്നത് മാവ് പൂക്കുന്നത് നോക്കിയായിരുന്നു. കൊല്ലപ്പരീക്ഷക്ക് മുമ്പേ മാമ്പൂക്കള്‍ കണ്ണിമാങ്ങയാകുന്നതും പതിയെപ്പതിയെ വലിപ്പം വെക്കുന്നതും നോക്കിയിരിക്കും.

 മദ്‌റസ വിട്ടുകഴിഞ്ഞാല്‍ ഇത്തിരി ദൂരെയുള്ള വളപ്പിലേക്ക് പോകും, പറങ്കിമാങ്ങ അറുക്കാനും പെറുക്കാനും. അനിയന്മാരും കൂട്ടിനുണ്ടാവും. നീണ്ട മുളന്തോട്ടികൊണ്ട് കൊമ്പുകുലുക്കി കശുമാങ്ങ വീഴ്ത്തും.  ഒരിടത്ത് ഒരുമിച്ചു കൂട്ടും. നന്നായി പഴുത്ത് തുടുത്ത മഞ്ഞ, ചുവപ്പ് നിറത്തിലുള്ള  മാങ്ങകള്‍ തോട്ടികൊണ്ട് പതുക്കെ ഇറുത്ത് മണ്ണില്‍ വീഴാതെ കൈകൊണ്ട് പിടിച്ച് കഴിക്കും.

ചില നല്ല മാങ്ങകള്‍ മാവില്‍ കാണുമ്പോഴേ എനിക്ക് എനിക്ക് എന്ന് പറഞ്ഞു ബുക് ചെയ്യാറുണ്ട്. ചെറിയ ചവര്‍പ്പ് ഉണ്ടെങ്കിലും പല വര്‍ണത്തിലുള്ള മാംസളമായ പറങ്കിമാങ്ങള്‍ കഴിക്കുന്നത് കുട്ടിക്കാലത്തു വലിയ കൗതുകമായിരുന്നു. പിന്നെ പെറുക്കി കൂട്ടിയ പറങ്കിമാങ്ങകളില്‍ നിന്ന് കശുവണ്ടി പിരിഞ്ഞു കൊട്ടയിലാക്കി വീട്ടിലേക്ക് നടന്ന് മടക്കം. തോട്ടത്തിലെ ചൂടും മാവ് കുലുക്കുമ്പോള്‍ വീണ് ദേഹത്ത് പറ്റിപ്പിടിക്കുന്ന വസ്തുക്കളും ചേര്‍ന്നുണ്ടാകുന്ന ചൂടും ചൊറിച്ചിലും അസ്വസ്ഥതയും മറക്കാന്‍ കഴിയില്ല. ചുട്ട കശുവണ്ടിയോ വറുത്തരച്ച തേങ്ങയോ ചേര്‍ത്തരച്ച ചമ്മന്തി കൂട്ടി ഇളംചൂടുള്ള കഞ്ഞി കുടിച്ചുകഴിഞ്ഞാല്‍ പിന്നെ കളിക്കാന്‍ ഒരോട്ടമാണ്. സാറ്റ് എന്ന ഒളിച്ചുകളിയും പമ്പരം കളിയും തുണികൊണ്ട് കെട്ടിക്കൂട്ടിയുണ്ടാക്കിയ പന്ത് കൊണ്ടുള്ള കളിയും ഏറെ രസകരമായിരുന്നു.

അണ്ടിക്കാലത്ത് ഇടയ്ക്കിടെ കാലുകള്‍ക്കും കാല്‍വിരലുകള്‍ക്കിടയിലും മുറിവ് ഉണ്ടാകുന്നത് പതിവായപ്പോള്‍ 'മണ്ണിന്റെ പക' ആണെന്ന് പറഞ്ഞു ചെരുപ്പ് വാങ്ങിത്തന്നതും അത് ധരിച്ച് തുടങ്ങിയതോടെ മുറിവുകള്‍ അപ്രത്യക്ഷമായതും ഓര്‍ക്കുന്നു. പിന്നീടിങ്ങോട്ട് ചെരുപ്പ് പതിവായി. ഇപ്പോള്‍ കൂട്ടുകാരൊത്തുള്ള പ്രഭാതസവാരിയില്‍ കുറച്ചുനേരമെങ്കിലും ചെരുപ്പ് ഇല്ലാതെ നടക്കല്‍ ശീലമാകുമ്പോള്‍, അന്നത്തെ ചെരുപ്പില്ലാത്ത കുട്ടിക്കാലം ഇടക്ക് ഓര്‍മവരാറുണ്ട്.

കാലിയായ ബാറ്ററിപ്പെട്ടിയില്‍ നിലക്കടല വറുത്തതോ കടലമിഠായിയോ ഇട്ട് കച്ചവടം നടത്തിയിരുന്ന കാലം ഓര്‍മ വരുന്നുണ്ട്. കാശ് ആയിരിക്കില്ല, പലപ്പോഴും കശുവണ്ടിയായിരിക്കും ഉപഭോക്താക്കള്‍ കടല വാങ്ങാന്‍ തരുന്നത്. ബുക്കും പെന്‍സിലും വാങ്ങാന്‍ ഈ കച്ചവടം ഒട്ടൊന്നുമല്ല സഹായിച്ചിട്ടുള്ളത്.

പാടത്ത് മീന്‍ പിടിക്കാനും കുളത്തിലും തോടിലും ചാടിത്തിമര്‍ത്ത് കളിച്ച് പുളച്ച് കുളിക്കാനും സമയം കണ്ടെത്തിയിരുന്നു. സ്‌കൂള്‍ പൂട്ടുന്നതോടെ കുട്ടികള്‍ റോഡരികില്‍ നാല് കുപ്പിയില്‍ മിഠായിയും കുറച്ച് പാക്കറ്റുകളും വെച്ച് കച്ചവടം നടത്തുന്നത് കാണുമ്പോള്‍ പഴയ കുട്ടിക്കച്ചവടക്കാലം ഓര്‍മ വരാറുണ്ട്. കൊണ്ടും കൊടുത്തും കളിയാക്കിയും കഥ പറഞ്ഞും അന്നത്തെ കാലം രസകരമായിരുന്നു. അയല്‍വീട്ടിലെ ബാലപ്രസിദ്ധീകരണങ്ങള്‍ വായിച്ച് തീര്‍ക്കലായിരുന്നു ഇഷ്ടങ്ങളില്‍ ഒന്ന്. വായിച്ചുതീര്‍ത്ത് തിരിച്ച് കൊടുത്ത് മറ്റൊന്ന് വാങ്ങുമ്പോള്‍ ചിലത് എനിക്ക് സ്വന്തമായി തരാറുണ്ടായിരുന്നു. അതിലെ കഥകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പറഞ്ഞു കൂട്ടുകാര്‍ക്കിടയില്‍ ആളാവാറുണ്ടായിരുന്നു അന്ന്.

പഴുത്ത മാങ്ങകള്‍ കാറ്റില്‍ താഴെ വീഴുന്നത് കയ്യോടെ കൈവശപ്പെടുത്താന്‍ കളിസ്ഥലം മാവിന്‍ ചോട്ടിലേക്ക് മാറ്റാറായിരുന്നു പതിവ്. വീഴുന്ന മാങ്ങകള്‍ ഭാഗ്യവും വേഗതയുമുള്ളവനാണ് കൈക്കലാക്കുകയെങ്കിലും ആദ്യം അവന്‍ കടിച്ചുതിന്ന്  പിന്നീട് കൂട്ടത്തിലുള്ളവര്‍ക്ക് എല്ലാം പങ്കുവെച്ചിരുന്ന സൗഹൃദബാല്യം മറക്കാന്‍ കഴിയുന്നില്ല.

അല്ലലും ദാരിദ്ര്യവും വിഷമവും ഉണ്ടെങ്കിലും അന്നത്തെ കുട്ടിക്കാലം ഹൃദ്യമായിരുന്നു. ഒരിക്കലും സാധ്യമല്ലെങ്കിലും ഇന്നത്തെ കലുഷിതകാലത്തുനിന്ന് കുട്ടിക്കാലത്തെ നിഷ്‌കളങ്കതയിലേക്ക് തിരികെപ്പോകാന്‍ ആഗ്രഹിക്കാറുണ്ട്. കൂടുന്ന ചൂടും കൊറോണ പേടിയും ഇന്റര്‍നെറ്റ് മൊബൈല്‍ അടിമത്തവും കാരണം ഇന്നത്തെ കുട്ടികള്‍ക്ക് അന്നത്തെപ്പോലെയുള്ള നല്ല കുട്ടിക്കാലം നഷ്ടകുന്നോയെന്നോര്‍ത്ത് ഇടക്ക് സങ്കടപ്പെടാറുമുണ്ട്.