പതിനേഴാം നമ്പര്‍ ഗോഡൗണ്‍

ഇബ്‌നു അലി എടത്തനാട്ടുകര

2020 സെപ്തംബര്‍ 05 1442 മുഹര്‍റം 17

രാത്രി ഓണ്‍ലൈന്‍ ക്ലാസ്സിലായിരുന്നു. അപ്പോഴാണ് ജ്യേഷ്ഠ സുഹൃത്ത് വിളിച്ചത്. എന്നാല്‍ പിന്നീട് വിളിക്കാം എന്ന് പറഞ്ഞു. രാവിലെ വിളിച്ചപ്പോള്‍ കിട്ടിയതുമില്ല. കുറച്ചു കഴിഞ്ഞ് വിളിയെത്തി. പ്രത്യേകിച്ച് ഒന്നുമില്ല, ഒരു സന്തോഷം പങ്കുവെക്കാന്‍ എന്നു പറഞ്ഞ് പടച്ചവനെ പലവട്ടം സ്തുതിച്ചു.

അദ്ദേഹത്തിന് വിദേശത്ത് അടക്കം ബിസിനസ് ഉണ്ട്. കോവിഡ് കാലത്ത് ഏതാനും മാസങ്ങള്‍ വിദേശത്ത് പെട്ടുപോയി. ഇപ്പോള്‍ നാട്ടില്‍.

ദിവസങ്ങള്‍ക്കു മുമ്പ് വിദേശത്തുനിന്ന് ഫോണ്‍ വന്നു. അദ്ദേഹത്തിന്റെ ഗോഡൗണ്‍ കൂടിയുള്ള കെട്ടിടത്തിന് തീപിടിച്ചിരിക്കുന്നു. കെടുത്താനുള്ള സംവിധാനങ്ങള്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഉച്ചച്ചൂടില്‍ ആളിക്കത്തുന്ന തീയിനടുത്തേക്ക്  ഉദ്യോഗസ്ഥര്‍ക്ക് അടുക്കാന്‍ പറ്റുന്നില്ല. തുണി, രാസവസ്തുക്കള്‍ എന്നിവ സൂക്ഷിച്ചിട്ടുള്ള ഗുദാമുകള്‍ അഗ്‌നിയുടെ തീവ്രത കൂട്ടുന്നു. U ആകൃതിയുള്ള കെട്ടിടത്തിന്റെ ഒന്നാം നമ്പര്‍ മുറി മുതല്‍ തുടങ്ങി അടുത്തതിലേക്ക് കത്തിപ്പടരുന്നു. 2,3,4,5 എന്നിങ്ങനെ തീ ഒന്നില്‍നിന്ന്  തൊട്ടടുത്തതിലേക്ക് പടരുന്നതിന്റെ വിവരങ്ങള്‍ ഫോണ്‍വഴി അറിഞ്ഞുകൊണ്ടിരിക്കുന്നു. സംവിധാനങ്ങള്‍ ഉണ്ടെങ്കിലും ഒന്നും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥ. പ്രാര്‍ഥിക്കൂ, വേറെ മാര്‍ഗമില്ല എന്ന വിവരമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

തീ വളര്‍ന്നുപടര്‍ന്ന് 9,10,11 വരെ എത്തിയിരിക്കുന്നു. സുജൂദില്‍ കിടന്ന് സുഹൃത്ത് മനമുരുകി പ്രാര്‍ഥിച്ചു. അല്ലാതെ വേറെ എന്ത് ചെയ്യാന്‍. കോടിക്കണക്കിന് രൂപയുടെ സാധങ്ങളാണ് ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്നത്. അതാണ് കത്തിനശിക്കാന്‍ പോകുന്നത്. നാട്ടിലെ ബിസിനസും വീടും പറമ്പും വിറ്റാല്‍ പോലും നഷ്ടം നികത്താന്‍ സാധിക്കില്ല. കാല്‍നൂറ്റാണ്ടിലേറെ കാലം നീണ്ട അധ്വാനവും കഷ്ടപ്പാടുംകൊണ്ട് നേടിയതാണ് പരീക്ഷണത്തിന്റെ മുള്‍മുനയില്‍. തീ 12ലെത്തിയന്ന വാര്‍ത്തയും ഉള്‍ക്കിടിലത്തോടെ അറിയുന്നു. 17ാമത്തെതാണ് സുഹൃത്തിന്റെത്. U ആകൃതിയുള്ള കെട്ടിടത്തിന്റെ ഇനി പടരാനുള്ള റൂമിന്റെ എതിര്‍വശത്ത് മുന്നിലുള്ള റൂമാണത്. തീ പടരുകയാണ്. സുഹൃത്തിന്റെ മനസ്സ് ശൂന്യമായി, മരവിച്ചു, ജീവിത സമ്പാദ്യം കൈവിട്ടുപോകാനൊരുങ്ങുകയാണ്.

13ാമത്തെ റൂം കാലിയായിരുന്നു. അവിടെ തീ പടരുന്നതിന്റെ വേഗത ഇത്തിരി കുറഞ്ഞു. അന്നേരം അഗ്‌നിശമന സംവിധാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. തൊട്ടടുത്ത മുറിയിലേക്ക് തീ പടരാതെ തടയാന്‍ അവര്‍ക്കായി. തീ നിയന്ത്രണത്തിലായി. അടുത്ത മുറികളിലേക്കത് വ്യാപിച്ചില്ല. 17ാം നമ്പര്‍ മുറി രക്ഷപ്പെട്ടു. സുഹൃത്തിന് ആശ്വാസം. സന്തോഷം. ആ സന്തോഷം പങ്കുവെക്കാനായിരുന്നു തലേ രാത്രിയിലെ വിളി.

എല്ലാം കൈവിട്ടുപോയി എന്ന് തോന്നുമ്പോള്‍, നമുക്ക് മറ്റൊന്നും ചെയ്യാനാവില്ലെന്ന അവസ്ഥയിലെത്തുമ്പോള്‍ സ്രഷ്ടാവിലേക്ക് കൈ ഉയര്‍ത്തുകയല്ലാതെ വേറെ എന്തുണ്ട് മാര്‍ഗം! അന്നേരം അവിശ്വസനീയമായ വഴികളിലൂടെ പോലും അവന്റെ സഹായം എത്തിയേക്കാം.  

കൃത്യമായി സകാത്ത് കൊടുക്കുകയും വരുമാനത്തിന്റെ നിശ്ചിത പങ്ക് അര്‍ഹരായവര്‍ക്ക് ഭക്ഷണത്തിനും പഠനത്തിനും പാര്‍പ്പിടത്തിനും മറ്റും കണിശമായി ചെലവഴിക്കുകയും ചെയ്യുന്ന സുഹൃത്തിന് ഇനിയും ഐശ്വര്യങ്ങള്‍ ലഭിക്കുമാറാകട്ടെ. പരീക്ഷണ ഘട്ടങ്ങളില്‍ പ്രാര്‍ഥന കൈവെടിയാതിരിക്കാന്‍ നാം ശ്രദ്ധിക്കുക.