കൊറോണയും ഉണക്കമീനും

ഇബ്‌നു അലി എടത്തനാട്ടുകര

2020 മെയ് 02 1441 റമദാന്‍ 09

പാതവക്കത്തെ വീട്ടില്‍ നിന്ന് ഒരാള്‍ സ്വാഗതം ചെയ്തപ്പോഴാണ് സുഹൃത്ത് ആ വീട്ടിലേക്ക് ചെന്നത്. ഉച്ചനേരം ആയതിനാല്‍  ഭക്ഷണം വാഗ്ദാനം ചെയ്തു. കഴിച്ചുവെന്ന് പറഞ്ഞു സുഹൃത്ത് നിരസിച്ചു.

സ്വാഭാവികമായും എവിടെ നിന്നാണ്, എന്തെല്ലാം വിഭവം ഉണ്ടായിരുന്നു എന്ന ചോദ്യം ഇയര്‍ന്നു. സാമൂഹ്യപ്രവര്‍ത്തകനായ സുഹൃത്ത് ആ വഴിക്ക് വരുമ്പോള്‍ പതിവായി കഴിക്കുന്ന തട്ടുകടയില്‍ നിന്നാണ് കഴിച്ചതെന്നും വാളംപുളി ചേര്‍ത്ത ഉണക്ക മാന്തള്‍ വരട്ട് ആയിരുന്നു സ്‌പെഷ്യല്‍ എന്നും പറഞ്ഞു. ഇത് കേട്ട ഭാര്യ, ഞങ്ങളുടെ വീട്ടില്‍ ആരും ഉണക്കമീന്‍ കഴിക്കില്ല, പച്ച മീന്‍; അതും കഷ്ണം മീന്‍ മാത്രമെ വാങ്ങാറുള്ളുവെന്നും മേനിപറഞ്ഞു. മത്തിപോലും വാങ്ങാറില്ലെന്നും അതിന്റെ മണം കയ്യില്‍ നിന്ന് പോകാന്‍ ദിവസങ്ങളെടുക്കുമെന്നും പറഞ്ഞു. കൂട്ടത്തില്‍ ഇടക്കിടെ അങ്ങാടിയില്‍ നിന്ന് ബ്രോസ്റ്റും ഷവര്‍മയും മറ്റു അറേബ്യന്‍ വിഭവങ്ങളും വാങ്ങുന്ന കാര്യം കൂടി അവതരിപ്പിക്കാന്‍ സാമര്‍ഥ്യം കാണിച്ചു

വിദേശത്ത് കാറോടിച്ച് ജീവിക്കുന്ന അയാള്‍ക്ക് മൂന്ന് മക്കളുണ്ട്. മൂത്ത രണ്ട് പെണ്‍മക്കളുടെ വിവാഹം കഴിഞ്ഞു. ഇളയ മകന്‍ കോളേജില്‍ പഠിക്കുന്നു. 80 വയസ്സിനടുത്തുള്ള ഉമ്മയും കൂടെയുണ്ട്. അവനവന്‍ പോരിശ കുറെ കേട്ട സുഹൃത്ത് യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള്‍ ഉള്ളാലെ ചിരിച്ചു. പതിവായി സഹായമെത്തിക്കുന്ന അടുത്ത വീട്ടിലേക്ക് പോയി.

ലോകത്തെ ആകമാനം വിറപ്പിച്ച് നോവല്‍ കോവിഡ് വൈറസ് എത്തി. ലോകം മുഴുവന്‍ മുറിക്കകത്തായി. ജോലി ഇല്ലാതായി എന്ന് മാത്രമല്ല താമസത്തിനും ഭക്ഷണത്തിനും വക കണ്ടെത്താന്‍ പ്രയാസമുള്ള അവസ്ഥയിലെത്തി പലരും, വിശിഷ്യാ പ്രവാസികള്‍.

അടിയന്തിര സഹായം ആവശ്യമുള്ള ചുരുക്കം ചില വീടുകളില്‍ അത് എത്തിക്കാനുള്ള യാത്രയില്‍ സുഹൃത്ത് അന്നത്തെ പൊങ്ങച്ചക്കാരിയുടെ വീട്ടിലും വെറുതെയൊന്ന് കയറി. പ്രായമായ ഉമ്മയോട് വര്‍ത്തമാനം പറയുന്നത് കേട്ട് ഗൃഹനാഥയും എത്തി. എന്തോ പന്തികേട് തോന്നിയ സുഹൃത്ത് സഹായം ആവശ്യമുണ്ടോ എന്ന് വെറുതെ ചോദിച്ചു.

കൊറോണ ലോക്ക് ഡൗണ് കാരണം ഭര്‍ത്താവിന് വിദേശത്ത് ജോലിയില്ല.  അടിപോളി ജീവിതം ആയതുകൊണ്ട് ഒന്നും ബാക്കിയില്ല. റേഷനരി വാങ്ങിയാണ് പട്ടിണിയില്ലാതെ കഴിയുന്നത്. മുരിങ്ങയിലയും മറ്റും താളിച്ചാണ് കറിയുണ്ടാക്കുന്നത്. ഇത് പറയുമ്പോള്‍ ആ സ്ത്രീയുടെ കണ്ണ് നിറഞ്ഞിരുന്നു. സുഹൃത്ത് കൈവശമുള്ള കുറച്ച് ധാന്യപ്പൊതികള്‍ കൊടുത്തു. സാവധാനം മടക്കിക്കൊടുത്താല്‍ മതിയെന്നു പറഞ്ഞ് കുറച്ച് പണവും കൊടുത്തു. കുറച്ചുകൂടി ഭക്ഷണ സാധനങ്ങള്‍ പിന്നീട് എത്തിക്കാമെന്നും പറഞ്ഞിറങ്ങി.

ഉണക്ക മീന്‍ മണം ഇഷ്ടമില്ലാത്ത, കഷ്ണം മീന്‍ മാത്രം കഴിക്കുന്ന, അടിക്കടി അറേബ്യന്‍ വിഭവം പാര്‍സല്‍ വാങ്ങിയിരുന്ന ഒരു കുടുംബത്തിന് എത്ര പെട്ടെന്നാണ് മറ്റുമുള്ളവന്റെ സഹായം പറ്റേണ്ടി വന്നതെന്ന് അത്ഭുതപ്പെട്ടു.

അന്നത്തെപ്പോലെ സുഹൃത്തിന് ചിരി പൊട്ടിയില്ല. ജീവിതപാതയില്‍ ഓരോ കയറ്റത്തിന്ന് പിന്നാലെയും കുത്തനെയുള്ള ഇറക്കങ്ങളുമുണ്ടാവും.