പത്തുരൂപ തന്ന ആത്മവിശ്വാസം

സലാം സുറുമ എടത്തനാട്ടുകര

2020 ആഗസ്ത് 29 1442 മുഹര്‍റം 10

'നേര്‍പഥം' ലക്കം 188ലെ 'വയലേലകള്‍ അന്യമാകുന്ന മാമലനാട്' എന്ന മുഖമൊഴി വായിച്ചപ്പോഴാണ് ഈ കുറിപ്പ് എഴുതാന്‍ തോന്നിയത്.

'ചന്തയില്‍നിന്നും വരുമ്പോള്‍ കുറച്ച് പച്ചക്കറി തൈകളും വാങ്ങണേ' 2013 ജൂണ്‍ മാസത്തിലെ ഒരു വെള്ളിയാഴ്ച വൈകുന്നേരം കോട്ടപ്പള്ളയില്‍ നടക്കുന്ന ആഴ്ച ചന്തയിലേക്ക് പച്ചക്കറി സാധനങ്ങള്‍ വാങ്ങാനിറങ്ങുമ്പോള്‍ ഭാര്യയുടെ ഒരു ചെറിയ ഓര്‍മപ്പെടുത്തല്‍.

പച്ചക്കറി സാധനങ്ങളൊക്കെ വാങ്ങിക്കഴിഞ്ഞ് 50 പൈസ വിലയുള്ള പത്തുവീതം മുളക്, വഴുതന തൈകള്‍ വാങ്ങി വീട്ടിലെത്തി. വീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ള  മതിലിന്റെ അരികിലായി ഒരു ചെറിയ കമ്പുകൊണ്ട് കുഴികുത്തി അവയെല്ലാം അപ്പോള്‍തന്നെ നട്ടു. ഒന്നുരണ്ട് ആഴ്ച കഴിഞ്ഞപ്പോഴേക്കും തൈകള്‍ വളരാന്‍ തുടങ്ങി; ഒപ്പം ഞങ്ങളുടെ കൗതുകവും. രണ്ട് മാസമായപ്പോഴേക്കും തൈകള്‍ക്ക് നന്നായി ശിഖരങ്ങള്‍പിടിച്ച് തഴച്ചുവളര്‍ന്നു. വൈകാതെ പൂത്തു. നന്നായി കായപിടിച്ചു. അയല്‍വാസികള്‍ക്ക് സമ്മാനിക്കാന്‍ മാത്രം ഈ ഇരുപത് തൈകള്‍ ഫലങ്ങള്‍ തന്ന് തുടങ്ങി.

അന്ന് പുതിയ വീട്ടില്‍ താമസമാക്കിയിട്ട് മാസങ്ങളെ ആയിരുന്നുള്ളൂ. ആകെയുള്ള പതിനൊന്ന് സെന്റില്‍ വീട് കഴിച്ചുള്ള ബാക്കി ചുറ്റുമുള്ള മണ്ണ് നന്നായി ഇളകിയതായതുകൊണ്ട് വീടിന്റെ ചുറ്റുപാടും വാഴയും മറ്റു അനുബന്ധ പച്ചക്കറികളും വച്ചുപിടിപ്പിച്ചാലോ എന്ന ചോദ്യത്തിന് സഹധര്‍മിണിയുടെയുടെയും മക്കളുടെയും പൂര്‍ണ പിന്തുണ കിട്ടി. ഒരു പണിക്കാരനെ കൂട്ടി പലയിടങ്ങളില്‍ നിന്നായി വ്യത്യസ്തയിനം വാഴത്തൈകള്‍ സംഘടിപ്പിച്ചു നട്ടു. അതും ക്ലിക്കായി. ഇരുപതും മുപ്പതും കിലോ തൂക്കമുള്ള വാഴക്കുലകള്‍ വെട്ടാന്‍ തുടങ്ങി. അയല്‍വാസികള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വരെ വാഴപ്പഴം സമ്മാനിക്കാന്‍ കഴിഞ്ഞത് ഏറെ സന്തോഷം നല്‍കി.

കൃഷിക്കമ്പം വിവിധയിനം മുളകുകളിലേക്ക് മാറി. നാട്ടില്‍നിന്നും ലഭിച്ച വിവിധയിനം മുളകുതൈകള്‍ വച്ചുപിടിപ്പിച്ചു. ആവശ്യക്കാര്‍ക്ക് സമ്മാനിക്കാന്‍ കഴിയുന്ന രൂപത്തില്‍ നന്നായി കായഫലം ലഭിച്ചു. പുതിയ വീട്ടില്‍ താമസമാക്കിയിട്ട് വളരെ അപൂര്‍വമായേ പച്ചമുളക് പുറത്തുനിന്ന് വാങ്ങിയിട്ടുള്ളൂ. കാശ് കൊടുത്തു വാങ്ങിയ കറിവേപ്പില ഇന്നുവരെ വീട്ടില്‍ കയറ്റിയിട്ടില്ല. ഞങ്ങള്‍ നട്ടുപിടിപ്പിച്ച ഏഴ് തൈകള്‍ ഇപ്പോഴും പച്ചപിടിച്ചുനില്‍ക്കുന്നു.

അമര, കോവല്‍ എന്നിവയിലേക്കും കൃഷി വ്യാപിപ്പിച്ചു. എട്ടുകിലോ വരെ ഒരുദിവസം അമരയും കോവക്കയുമൊക്കെ വിളവെടുക്കാന്‍ സാധിച്ചു. ചീഞ്ഞ തക്കാളിയില്‍ നിന്നും ലഭിച്ച വിത്തുകള്‍ മുളപ്പിച്ച് നടത്തിയ തക്കാളി കൃഷി പരീക്ഷണവും വന്‍വിജയമായി. കുമ്പളവും മത്തനും വെള്ളരിയും പയറും ഒന്നും ഞങ്ങളെ നിരാശരാക്കിയില്ല.

മുമ്പ് ജോലിചെയ്തിരുന്ന, സ്ഥലപരിമിതിമൂലം പച്ചക്കറി കൃഷിക്ക് ഏറെ പരിമിതികളുള്ള, എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ.എല്‍.പി.സ്‌കൂളിലെ കെട്ടിടത്തിനു ചുറ്റും വാഴക്കൃഷി നടത്തിയാലോ എന്ന ആലോചനക്ക് സഹപ്രവര്‍ത്തകരില്‍ ചിലര്‍ ആശങ്ക പ്രകടിപ്പിച്ചുവെങ്കിലും എല്ലാവരുടെയും സഹകരണത്തോടെ കൃഷിയിറക്കി. എല്ലാ വര്‍ഷവും പത്തോളം വാഴക്കുലകള്‍ വെട്ടുന്ന രൂപത്തില്‍ ആ സ്‌കൂള്‍ കൃഷി ഇന്നും മുന്നോട്ടുപോകുന്നു. മൂച്ചിക്കല്‍ സ്‌കൂളിലെ കുട്ടികളുടെ വീടുകളില്‍ രക്ഷിതാക്കളുടെ സഹകരണത്തോടെ കൃഷിചെയ്ത വിളവിന്റെ ഒരുപങ്ക് സ്‌കൂളില്‍ എത്തിക്കുന്ന, എല്ലാ വര്‍ഷവും ഒരു ടണ്ണിന് മുകളില്‍ വിളവ് ലഭിക്കുന്ന, 'എന്റെ കറി എന്റെ മുറ്റത്ത്' ജൈവ പച്ചക്കറി ഉല്‍പാദന പദ്ധതി'ക്ക് പിന്നിലും ആ ഇരുപത് ചെടികള്‍ തന്ന ആത്മവിശ്വാസമായിരുന്നു കൈമുതല്‍.

കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും പുര്‍ണപങ്കാളിത്തത്തോടെ മൂന്നു വര്‍ഷമായി തുടരുന്ന മട്ടുപ്പാവു പച്ചക്കറി കൃഷിയും സന്തോഷം മാത്രം സമ്മാനിക്കുന്നു. ബയോഗ്യാസ് പ്ലാന്റിലെ സ്ലറിയും ജൈവവളങ്ങളും മാത്രം ഉപയോഗിച്ച് കൃഷി ചെയ്ത് ചീരയും തക്കാളിയും പച്ചമുളകും വെണ്ടയും പയറും പൊതിനയുമൊക്കെ പറിച്ചെടുക്കുമ്പോള്‍ ലഭിക്കുന്ന സംതൃപ്തി പറഞ്ഞറിയിക്കാനാവാത്തതാണ്.

ഈ കോവിഡ് 19 മഹാമാരിക്കാലത്ത് കുറെയേറെപ്പേര്‍ കൃഷിയിലേക്ക് തിരിഞ്ഞു എന്നത് ഏറെ സന്തോഷം നല്‍കുന്നു. ഒട്ടൊന്ന് മനസ്സുവച്ചാല്‍ വിഷലിപ്ത അന്യസംസ്ഥാന പച്ചക്കറികളെ പടിക്കു പുറത്താക്കാന്‍ നമുക്കും സാധിക്കും എന്നതില്‍ സംശയമില്ല.